'സാമ്പത്തികമായി പ്രശ്നമാണ്, ഡാൻസ് ചെയ്തേ പറ്റൂ'; പൂജ്യത്തിൽ നിന്നും മഞ്ജു വാര്യർ കെട്ടിപ്പടുത്ത സമ്പത്ത്
എമ്പുരാന്റെ വിജയത്തോടെ മഞ്ജു വാര്യരുടെ താരമൂല്യം ഒരു പടി കൂടി ഉയർന്നിരിക്കുകയാണ്. സിനിമയെ പറ്റി പല അഭിപ്രായങ്ങളുണ്ടെങ്കിലും മഞ്ജു വാര്യരുടെ പ്രകടനം ഏവരുടെയും കയ്യടി നേടി. ഏറെക്കാലത്തിന് ശേഷമാണ് കരിയറിൽ ഇത്രയും ശക്തമായ കഥാപാത്രം മഞ്ജു വാര്യർക്ക് ലഭിക്കുന്നത്. ആദ്യ ഭാഗം ലൂസിഫറിലേക്കാൾ എമ്പുരാനിൽ പ്രിയദർശിനി എന്ന കഥാപാത്രത്തിന് പ്രാധാന്യമുണ്ട്. മലയാളത്തിന് പുറമെ തമിഴകത്തും മഞ്ജുവിന് ശ്രദ്ധേയ വേഷങ്ങൾ ഇന്ന് ലഭിക്കുന്നുണ്ട്. ഒരു കോടിയോളമാണ് തമിഴിൽ മഞ്ജു വാങ്ങിയ പ്രതിഫലമെന്നും റിപ്പോർട്ടുകളുണ്ട്.
ഇക്കാലയളവിനിടെ സാമ്പത്തികപരമായി മഞ്ജു വാര്യർക്കുണ്ടായ വളർച്ചയും എടുത്ത് പറയേണ്ടതാണ്. വിലപിടിപ്പുള്ള നായികമാരിൽ ഒരാളായ മഞ്ജു വാര്യർ പടി പടിയായാണ് സാമ്പത്തികമായി വളർന്നത്. ഇന്നും ലളിതമായ ജീവിതമാണ് മഞ്ജു വാര്യർ ആഗ്രഹിക്കുന്നത്. ഏക ആഡംബരം ലക്ഷ്വറി കാറുകളാണ്. കാറുകളോട് വലിയ താൽപര്യം താരത്തിനുണ്ട്. മിനികൂപ്പർ എസ്ഇ ഇലക്ട്രിക് ഹാച്ച്ബാക്ക് വാങ്ങിയ ഇന്ത്യയിലെ ആദ്യ സെലിബ്രിറ്റി മഞ്ജു വാര്യർ ആണ്. റേഞ്ച് റോവർ, ബെൻസ് എന്നീ കാറുകളും മഞ്ജു വാര്യരുടെ കലക്ഷനിലുണ്ട്. ഇതിന് പുറമെ ലക്ഷ്വറി ബെെക്കായ ബിഎംഡബ്ല്യു ആർ 1250 ജിഎസും 21 ലക്ഷം രൂപ മുടക്കി താരം സ്വന്തമാക്കി.

140 കോടിക്ക് മുകളിൽ ആസ്തി മഞ്ജു വാര്യർക്ക് ഇന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്നത്തെ നിലയിലേക്കുള്ള മഞ്ജു വാര്യരുടെ വളർച്ച ഏവർക്കും പ്രചോദനമാണ്. ഒരു ഘട്ടത്തിൽ സാമ്പത്തികമായി ഒന്നും കെെയ്യിലില്ലാതിരുന്ന ആളാണ് മഞ്ജു വാര്യർ. നൃത്ത വേദികളിലൂടെ പണം സ്വരൂപിച്ച ഒരു സമയം മഞ്ജുവിനുണ്ട്. ഒരിക്കൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിട്ട സമയത്ത് മഞ്ജു വാര്യരുടെ കെെയ്യിൽ പണമൊന്നും ഇല്ലായിരുന്നെന്നാണ് ഭാഗ്യലക്ഷ്മി സൂചിപ്പിച്ചത്. മഞ്ജു തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി അന്ന് റിപ്പോർട്ടർ ചാനലിൽ പറഞ്ഞു.
കരിക്കകം ക്ഷേത്രത്തിലുള്ളവർ എന്നെ വിളിച്ചു. ഉത്സവ കാലത്ത് ഡാൻസിന് മഞ്ജു വാര്യരെ സംഘടിപ്പിച്ച് തരാമോ എന്ന് ചോദിച്ചു. ഗീതു മോഹൻദാസിനോട് സംസാരിച്ചപ്പോൾ മഞ്ജുവിന്റെ നമ്പർ തന്നു. ഞാൻ മഞ്ജുവിനെ വിളിച്ചു. ഡാൻസ് കളിക്കുമോ എന്ന് ചോദിച്ചു. കളിക്കും ചേച്ചി, ഡാൻസ് ചെയ്തേ പറ്റൂ. സാമ്പത്തികമായി ഞാൻ വളരെ പ്രശ്നത്തിലാണ്.

കാരണം എന്റെ ബാങ്ക് അക്കൗണ്ടുകളെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണ്. കെെയ്യിൽ പെെസ ഇല്ല, പെെസ വേണം എന്ന് പറഞ്ഞു. അങ്ങനെ ആ ക്ഷേത്രത്തിൽ നല്ല തുകയ്ക്ക് മഞ്ജു വാര്യർ ഡാൻസ് ചെയ്തെന്നും ഭാഗ്യലക്ഷ്മി അന്ന് ചൂണ്ടിക്കാട്ടി. മഞ്ജുവിന്റെ മുൻ ഭർത്താവ് നടൻ ദിലീപിനെതിരെ സംസാരിക്കവെയായിരുന്നു പരാമർശം. അക്കാലത്ത് ദിലീപും മഞ്ജു വാര്യരും തമ്മിലുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. വിവാഹ ജീവിതം തകർന്നതോടെ ഭർത്താവ് ദിലീപിൽ നിന്നും ജീവനാംശമായ ഒന്നും വാങ്ങാതെയാണ് മഞ്ജു വാര്യർ പുതിയൊരു ജീവിതം കെട്ടിപ്പടുത്തത്.
ഇന്ന് മലയാളത്തിലെ ഏറ്റവും സമ്പന്നയായ നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. എമ്പുരാന് ശേഷം മഞ്ജുവിന്റെ വരാനിരിക്കുന്ന സിനിമ മിസ്റ്റർ എക്സ് ആണ്. നടൻ ആര്യ, ഗൗതം കാർത്തിക്, ശരത്കുമാർ എന്നിവരും തമിഴ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. മഞ്ജു വാര്യരുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications