ഉറ്റ സുഹൃത്തും മറുപക്ഷം, എന്നാൽ മഞ്ജു ഒരുങ്ങിത്തന്നെ; മോളിവുഡ് ഇനി രണ്ട് ചേരിയോ? പൃഥ്വിരാജ് എവിടെ?
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് മഞ്ജു വാര്യർ. കോടതി വിധി അതിജീവിതയ്ക്ക് പൂർണമായി നീതി നൽകുന്നതല്ലെന്ന് മഞ്ജു പുറത്ത് വിട്ട പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പാക്കി എന്ന് പറയാനാകില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ അത് ആരായാലും പുറത്ത് പകൽവെളിച്ചത്തിൽ ഉണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ.
പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഡമാകാൻ അത് കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും സധെെര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം. ഉണ്ടായേ തീരൂ. അന്നും ഇന്നും എന്നും അവൾക്കൊപ്പം എന്നാണ് മഞ്ജു വാര്യർ പുറത്ത് വിട്ട പ്രസ്താവന.
മഞ്ജു വാര്യർ വിഷയത്തിൽ അണുവിട പിന്നോട്ടില്ലെന്ന് വ്യക്തമാണ്. മഞ്ജു വാര്യരുടെ അടുത്ത സുഹൃത്താണ് രമേശ് പിഷാരടി. എട്ടാം പ്രതിയായ ദിലീപ് കുറ്റവിമുക്തനായ കോടതി വിധിയെ അനുകൂലിച്ചാണ് രമേശ് പിഷാരടി സംസാരിച്ചത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് തോന്നുന്നെന്നും വാദിച്ചു. ദിലീപ് കുറ്റവിമുക്തനായ ശേഷം മലയാള സിനിമാ ലോകത്ത് ദിലീപ് അനുകൂല തരംഗം വരുന്നുണ്ട്. സംഘടനകളും പ്രബല താരങ്ങളും ദിലീപിന് വേണ്ടി സംസാരിച്ചേക്കും.
യുക്തിക്ക് നിരക്കാത്ത പല കഥകളും ദിലീപ് അനുകൂലികൾ ഇതിനിടെ പ്രചരിപ്പിച്ചു. മഞ്ജു വാര്യർ, രമ്യ നമ്പീശൻ തുടങ്ങിയവർ കെട്ടിച്ചമച്ച കേസാണ് ഇതെന്നായിരുന്നു ഈ കഥകളിലൊന്ന്. എന്നാൽ ഇതൊന്നും മഞ്ജുവിനെ ബാധിക്കുന്നില്ലെന്ന് ഇപ്പോഴത്തെ പ്രസ്താവനയിൽ നിന്ന് വ്യക്തമാണ്. മലയാള സിനിമാ രംഗം വരും നാളുകളിൽ രണ്ട് ചേരിയിലാകാനും സാധ്യതയുണ്ട്.

മട്ടാഞ്ചേരി മാഫിയയെന്ന പേരിൽ സിനിമാ ലോകത്തെ ഒരു ഗ്രൂപ്പിനെ തള്ളിപ്പറയുന്നവരാണ് ദിലീപ് പക്ഷക്കാരിൽ കൂടുതലും. മട്ടാഞ്ചേരി ടീം എന്ന പേരിലറിയപ്പെടുന്നവർ ദിലീപിനെ തള്ളിപ്പറയുന്നവരും. ഇതിനിടെ പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ പ്രമുഖ താരങ്ങളുടെ നിലപാടും നിർണായകമാകും. മമ്മൂട്ടിയും മോഹൻലാലും മൗനം പാലിക്കുമെന്ന് ജനത്തിനുറപ്പാണ്.
കോടതി കുറ്റവിമുക്തനാക്കിയ ശേഷം ദിലീപ് പ്രതികരിച്ചപ്പോൾ എടുത്ത് പറഞ്ഞ പേര് മഞ്ജു വാര്യരുടേതാണ്. മഞ്ജുവിന്റെ വാക്കുകളാണ് തന്റെ നേരെ അന്വേഷണം നീങ്ങാൻ കാരണമായതെന്നാണ് ദിലീപ് പറഞ്ഞത്. വരും ദിവസങ്ങളിൽ ദിലീപിന്റെ കൂടുതൽ പ്രതികരണങ്ങളും വന്നേക്കും. ദിലീപിന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തുടങ്ങാൻ പോകുകയാണ്. ദിലീപ് മഞ്ജുവിന്റെ പേരെടുത്ത് പ്രതികരിച്ചെങ്കിലും കോടതിയിൽ അല്ലാതെ ഒരിടത്തും മഞ്ജു ദിലീപിന്റെ പേരെടുത്ത് പറഞ്ഞ് വാദങ്ങൾ ഉന്നയിച്ചിട്ടില്ല.
പൊതുവെ വിവാദ വിഷയങ്ങളിലൊന്നും പരസ്യ പ്രതികരണം നടത്താത്തയാളാണ് മഞ്ജു വാര്യർ. നടി വളരെ ഡിപ്ലോമാറ്റിക് ആണെന്ന അഭിപ്രായങ്ങൾ വരാറുണ്ട്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ശക്തമായ നിലപാട് മഞ്ജു വാര്യർ എടുത്തു. ദിലീപിനെതിരെ മൊഴി നൽകുകയും ചെയ്തു. അച്ഛനെതിരെ മൊഴി നൽകരുതെന്ന് മീനാക്ഷി ആവശ്യപ്പെട്ടിരുന്നെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മഞ്ജു മാെഴി നൽകി.


Click it and Unblock the Notifications











