മഞ്ജു വാര്യരുടെ ഭാഗ്യം മോഹന്‍ലാലോ? തിരിച്ച് വരവില്‍ മഞ്ജു മോഹന്‍ലാലിന്റെ നായികയായത് 5 തവണ!
സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ പ്രതിഭ തെളിയച്ചതോടെയാണ് മഞ്ജു വാര്യര്‍ സിനിമയിലേക്ക് എത്തുന്നത്. തുടര്‍ച്ചയായി രണ്ട് തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകം മഞ്ജുവായിരുന്നു. സാക്ഷ്യം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ മഞ്ജു സല്ലാപത്തിലൂടെയായിരുന്നു നായികയായി മാറിയത്. പിന്നീടിങ്ങോട്ട് വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുവെങ്കിലും മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ നടിമാരില്‍ ഒരാളായി മഞ്ജു മാറി.
നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത മഞ്ജു വിവാഹമോചനത്തിന് ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇന്ന് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയ മഞ്ജു കൈനിറയെ സിനിമകളുമായി തിരക്കില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തായി മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചത് ഒരുപാട് സിനിമകളിലാണ്. ഇനി വരാനിരിക്കുന്ന പല സിനിമകളിലും ഇരുവരും നായിക നായകന്മാരാണ്.

മഞ്ജു വാര്യരും മോഹന്‍ലാലും
മഞ്ജു വാര്യരും മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്ന കാര്യം പറയുമ്പോള്‍ പ്രേക്ഷകരുടെ മനസില്‍ ആദ്യം എത്തുന്നത് ആറാം തമ്പൂരാന്‍ എന്ന ചിത്രമായിരിക്കും. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നിത്. അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു ആറാം തമ്പൂരാന്‍. ഇന്നും പ്രേക്ഷകരുടെ ഹൃദയത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന മഞ്ജു വാര്യര്‍, മോഹന്‍ലാല്‍ സിനിമകളിലൊന്നാണിത്. ആറാം തമ്പൂരാന് ശേഷം കന്മദം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടുമൊന്നിച്ചത്. ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ അതിഥി വേഷത്തിലും മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.

വീണ്ടും നിറയെ സിനിമകളില്‍
ദിലീപുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത മഞ്ജു വാര്യര്‍ പതിനാല് വര്‍ഷത്തിന് ശേഷമാണ് തിരിച്ചെത്തിയത്. 2015 ല്‍ എന്നും എപ്പോഴും എന്ന സിനിമയിലൂടെ വീണ്ടും മഞ്ജു വാര്യരും മോഹന്‍ലാലും ഒന്നിച്ചിരുന്നു. ഇതല്ലാതെ മോഹന്‍ലാലിന്റെ ആരാധികയായി മോഹന്‍ലാല്‍ എന്ന സിനിമയില്‍ മഞ്ജു അഭിനയിച്ചിരുന്നു. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തിയ വില്ലന്‍ എന്ന ചിത്രത്തിലും വി എ ശ്രീകുമാര്‍ മേനോന്റെ ഒടിയനിലും നായിക നായകന്മാര്‍ മഞ്ജു വാര്യരും മോഹന്‍ലാലുമായിരുന്നു.

ലൂസിഫര്‍ വരുന്നു
മഞ്ജു വാര്യര്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഒടിയനായിരുന്നു അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. ഇനി മോഹന്‍ലാലിനൊപ്പം നായികയാവുന്ന ലൂസിഫറാണ് ഉടന്‍ റിലീസിനൊരുങ്ങുന്നത്. പ്രിയദര്‍ശനി രാംദാസ് എന്ന വേഷത്തില്‍ ശക്തമായൊരു സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അവധിക്കാലം ലക്ഷ്യമാക്കിയെത്തുന്ന ലൂസിഫര്‍ മാര്‍ച്ച് 28 ന് റിലീസ് ചെയ്യുകയാണ്. ബിഗ് റിലീസായി ആഗോളതലത്തില്‍ 1500 ഓളം സ്‌ക്രീനുകളിലാണ് ലൂസിഫര്‍ റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ടിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമായിരിക്കുമിതെന്ന കാര്യത്തില്‍ സംശയമില്ല.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം
ലൂസിഫറിന് ശേഷം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെയും ഇരുവരും ഒന്നിക്കുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ഒരു ഷെഡ്യൂള്‍ അവസാനിച്ചിരിക്കുകയാണ്. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ സിനിമയിലെ മഞ്ജു വാര്യരുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരുന്നു. സുബൈദ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ഏറ്റവും ചെലവേറിയ സിനിമയായി ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ്, മധു, ഫാസില്‍, പ്രണവ് മോഹന്‍ലാല്‍, പ്രഭു, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കുമാര്‍, എന്നിവരും ബോളിവുഡ്, ചൈന, ബ്രിട്ടീഷ് തുടങ്ങിയ ഭാഷകളിലെ നടീനടന്മാരും ചിത്രത്തിലുണ്ടാവും.


Click it and Unblock the Notifications