അഭിമാനം തോന്നുന്നു; ഒരു സ്ത്രീയുടെ ശക്തിയും അഴകും; മഞ്ജു വാര്യരെ വാനോളം പുകഴ്ത്തിയ പാർത്ഥിപൻ
ഞ്ജു വാര്യരുടെ തിരിച്ച് വരവിനെ മലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ മറ്റൊരു നായിക നടിക്ക് ഇത്രയും വലിയ സ്വീകാര്യത തിരിച്ച് വരവിൽ ലഭിച്ചിട്ടില്ല. വർഷങ്ങൾക്ക് ശേഷം മഞ്ജു ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയപ്പോൾ അത് വലിയ വാർത്താ പ്രാധാന്യം നേടി. എന്നാൽ മുമ്പത്തെ പോലെ മികച്ച സിനിമകൾ മലയാളത്തിൽ പിന്നീട് മഞ്ജുവിന് ലഭിച്ചോ എന്നത് സംശയമാണ്. താര പദവിക്കപ്പുറം അഭിനേത്രിയെന്ന നിലയിൽ മഞ്ജുവിന്റെ കഴിവ് പ്രകടിപ്പിക്കാൻ സാധിച്ച സിനിമകൾ രണ്ടാം വരവിൽ വിരളമാണ്.
നടി അഭിനയിച്ചവയിൽ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളും കുറവാണെന്നത് വാസ്തവമാണ്. അവസാനം പുറത്തിറങ്ങിയ ലളിതം സുന്ദരം, വെള്ളരിപട്ടണം എന്നീ സിനിമകളും കനത്ത പരാജയമായിരുന്നു. എന്നാൽ മലയാളത്തിൽ പരാജയം വന്നെങ്കിലും തമിഴകത്ത് നടിക്ക് തുടരെ വിജയങ്ങളാണ്. തമിഴിലെ അരങ്ങേറ്റ ചിത്രമായ അസുരൻ മികച്ച വിജയം നേടി. രണ്ടാമത്തെ ചിത്രം തുനിവിലും മികച്ച പ്രകടനം നടി കാഴ്ച വെച്ചു.

അണിയറയിൽ ഒരുങ്ങുന്ന രജിനികാന്ത് ചിത്രത്തിലും മഞ്ജുവാണ് നായിക. സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുന്നതാണ് മഞ്ജുവിനെ തമിഴകത്തെ മറ്റ് നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. വർഷങ്ങളായി തമിഴ് സിനിമകളിൽ അഭിനയിക്കുന്ന നയൻതാര, തൃഷ തുടങ്ങിയ താരങ്ങൾ പോലും ഡബ് ചെയ്യാറില്ല. പൊതുവെ തമിഴ് സംസാരിക്കുന്ന സിനിമാ താരങ്ങളോട് തമിഴ് ജനതയ്ക്ക് പ്രത്യേക മമതയുണ്ട്. ഇതും മഞ്ജുവിന് ഗുണം ചെയ്യുന്നു.
മഞ്ജുവിനെ പ്രശംസിച്ച് മുമ്പൊരിക്കൽ നടനും സംവിധായകനുമായ പാർത്ഥിപൻ സംസാരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. 'തമിഴ്നാട്ടിൽ കൃപാനന്ദ വാര്യർ എന്ന സ്വാമിയുണ്ടായിരുന്നു. അദ്ദേഹവും മഞ്ജുവും തമ്മിൽ വ്യത്യാസം ഒന്നുമില്ല. കൃപാനന്ദ വാര്യർ ആത്മീയ പ്രഭാഷണം നടത്തുന്നു. മഞ്ജു ആത്മീയത പ്രസംഗിക്കുന്നില്ലെങ്കിലും സ്ത്രീയുടെ ശക്തി എന്താണ്, അഴക് എന്താണെന്നതിന് തെളിവാണ്. കമ്പി വെറുതെ ഇരുന്നാൽ തുരുമ്പ് പിടിക്കും. കമ്പിക്കുള്ളിൽ ഒരു കറണ്ട് ഉണ്ടെങ്കിൽ അവസാനം വരെയും അത് തുരുമ്പ് പിടിക്കില്ല'

'അതേ പോലെ സ്ത്രീകൾ സ്ത്രീകളായി മാത്രം ഇരുന്നാൽ പ്രായമാകുന്തോറും ഭംഗി പോയി എല്ലാം കഴിയും. എന്നാൽ കമ്പികളിലേക്ക് കറണ്ട് കയറുന്നത് പോലെ സ്ത്രീകളിൽ സ്ത്രീത്വത്തിന്റെ ബോധം ഉണ്ടെങ്കിൽ അവർ മഞ്ജു വാര്യരെ പോലെയാകും. നിങ്ങളുടെ സിനിമയും അഭിനയവും ഒക്കെ കാണുമ്പോൾ അഭിമാനം തോന്നുന്നു. ഒരു പെണ്ണ് തന്റെ ഉള്ളിലെ ശക്തിയെ തിരിച്ചറിഞ്ഞ് ജീവിക്കണമെന്നതിന്റെ ഉദാഹരണമാണ് മഞ്ജു വാര്യർ,' പാർത്ഥിപൻ പറഞ്ഞതിങ്ങനെ. നടിയുടെ അഭിനയ മികവിനെക്കുറിച്ചും അന്ന് പാർത്ഥിപൻ വാചാലനായി.
ഞാൻ പറഞ്ഞ കൃപാനന്ദ വാര്യരുടെ പ്രഭാഷണം രണ്ട് മണിക്കൂർ കേട്ടാൽ നിങ്ങളുടെ കാത് നിറയും. അതേ പോലെ നിങ്ങളുടെ അഭിനയം രണ്ട് മണിക്കൂർ കണ്ടാൽ മനസ് നിറയുമെന്നും അന്ന് പാർത്ഥിപൻ മഞ്ജുവിനെ പ്രശംസിച്ച് കൊണ്ട് പറഞ്ഞു. രണ്ടാം വരവിൽ മഞ്ജു തമിഴകത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും നല്ലതെന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്. മലയാളത്തിൽ ഫൂട്ടേജ് ആണ് നടിയുടെ റിലീസ് ചെയ്യാനുള്ള സിനിമ. നടിയുടെ വരാനിരിക്കുന്ന സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications