'അല്ലെങ്കിൽ ഞാൻ തളർന്ന് വീഴും, ഡാൻസ് ചെയ്യാനാകാറില്ല; അമ്മയ്ക്ക് വിഷമമുണ്ട്, ശോഭന ചേച്ചിയോട് പറഞ്ഞു'
സിനിമകളുടെ തിരക്കിലാണ് നടി മഞ്ജു വാര്യർ. മിസ്റ്റർ എക്സ് ആണ് മഞ്ജു വാര്യരുടെ പുതിയ സിനിമ. ആര്യ, ഗൗതം കാർത്തിക്, ശരത്കുമാർ എന്നീ താരങ്ങളും അണിനിരത്തുന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മഞ്ജു. തമിഴകത്തെ അറിയപ്പെടുന്ന ആങ്കർ രമ്യക്കും മഞ്ജു അഭിമുഖം നൽകി. തന്റെ ജീവിതത്തെക്കുറിച്ച് മഞ്ജു അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. നൃത്ത വേദികളിൽ ഇപ്പോൾ കാണാത്തതിനെക്കുറിച്ചും മഞ്ജു സംസാരിച്ചു.
കുറച്ച് വർഷങ്ങളായി എനിക്ക് സ്റ്റേജ് പെർഫോമൻസുകൾ ചെയ്യാൻ പറ്റുന്നില്ല. കാരണം ഷൂട്ടുണ്ട്. ഡാൻസ് പെർഫോം ചെയ്യണമെങ്കിൽ എനിക്ക് കുറഞ്ഞത് മൂന്ന് മാസത്തെ തയ്യാറെടുപ്പ് വേണം. കഠിനാധ്വാനവും സ്ഥിരമായുള്ള പരിശീലനവും വഴിയേ ഡീസന്റായ ഡാൻസ് പെർഫോമൻസ് ചെയ്യാൻ പറ്റൂ. അല്ലെങ്കിൽ സ്റ്റാമിന പോയി ആദ്യത്തെ അഞ്ച് മിനുട്ടിൽ തല ചുറ്റി വീഴും. പ്രാക്ടീസിന് എനിക്ക് സമയമില്ല. എനിക്ക് ഡാൻസ് ചെയ്യാനാകാതത്തിൽ പ്രത്യേകിച്ചും അമ്മയ്ക്ക് സങ്കടമുണ്ട്. എന്റെ ഡാൻസ് ടീച്ചർക്കും.

എനിക്ക് നാല് വയസുള്ളപ്പോൾ അമ്മ എന്നെ ഡാൻസ് ക്ലാസിന് വിട്ടതാണ്. ആ സമയത്തേ തുടങ്ങി. എങ്ങനെയോ അതെന്റെ ജീവിതത്തിന്റെ ഭാഗമായി. ശോഭന ചേച്ചി എന്റെ ഐക്കൺ ആണ്. ശോഭന ചേച്ചിക്കോപ്പം ഡാൻസ് ചെയ്യണമെന്നുണ്ട്. ചേച്ചിയുമായി ഒരിക്കൽ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഒന്നും മെറ്റീരിയലെെസ്ഡ് ആയിട്ടില്ല. ചേച്ചിയാണ് തീരുമാനിക്കേണ്ടത്. ഒരിക്കൽ ചേച്ചിയുടെ ഡാൻസ് പെർഫോമൻസിൽ എനിക്ക് രാധയായി അവസരം തരുമോ എന്ന് ചോദിച്ചിരുന്നെന്നും മഞ്ജു വാര്യർ പറഞ്ഞു.
മഞ്ജു വാര്യരെ വീണ്ടും ഡാൻസ് വേദികളിൽ കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. മറുവശത്ത് ശോഭന ഇപ്പോഴും ഡാൻസ് വേദികളിൽ സജീവമാണ്. ഇടയ്ക്ക് സിനിമകളും ചെയ്യുന്നു. അഭിനയ രംഗത്ത് നിന്നും മാറി നിന്ന കാലത്ത് നൃത്തത്തിലേക്ക് പൂർണ ശ്രദ്ധ തിരിച്ച ശോഭന നൃത്തവിദ്യാലയവുമായി മുന്നോട്ട് പോയി. ഇടയ്ക്കിടെ സിനിമകളിൽ സാന്നിധ്യം അറിയിച്ചു. തുടരും എന്ന മലയാള സിനിമയിലും തെലുങ്ക് ചിത്രം കൽക്കി 2898 എഡിയിലും ശ്രദ്ധേയ വേഷമാണ് ശോഭന ചെയ്തത്.
അണിയറയിൽ ഒരുങ്ങുന്ന രാമായൺ എന്ന സിനിമയിലും ശോഭന ഒരു വേഷം ചെയ്യുന്നുണ്ട്. രജിനികാന്തിന്റെ അടുത്ത സിനിമയിൽ ശോഭനയാണ് നായികയെന്നും റിപ്പോർട്ടുകളുണ്ട്. മഞ്ജുവും ശോഭനയും ഒരുമിച്ച് ഡാൻസ് ചെയ്താൽ ആരാധകർക്ക് മറക്കാനാകാത്ത അനുഭവമായിരിക്കും അതെന്ന് ഉറപ്പാണ്.


Click it and Unblock the Notifications