മഞ്ജു വാര്യരും പൃഥ്വിരാജും നിവിനും ഫഹദും ചാക്കോച്ചനും അമ്മ യോഗത്തില്‍ പങ്കെടുത്തില്ല! കാരണം ഇതോ?
താരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. പൊതുചടങ്ങുകള്‍ക്കായാലും മറ്റ് പരിപാടികള്‍ക്കായാലും താരങ്ങളെത്തുമ്പോള്‍ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ പോലെ തന്നെയാണ് അമ്മയുടെ യോഗവും. താരസംഘടനയായ അമ്മയുടെ വാര്‍ഷിക യോഗമായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നത്. മുതിര്‍ന്ന താരങ്ങളും യുവതാരങ്ങളുമെല്ലാം യോഗത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍ പലരും ആഘോഷമാക്കി മാറ്റുകയായിരുന്നു. കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
താരങ്ങള്‍ ഓരോരുത്തരായി എത്തുന്നതും കുശലാന്വേഷണം നടത്തുന്നതിന്റെയുമൊക്കെ വീഡിയോയും ചിത്രങ്ങളുമൊക്കെ വൈറലായി മാറിയിരുന്നു. പതിവ് പോലെ തന്നെ ഇത്തവണയും മോഹന്‍ലാലിന്റെ ചിത്രം പുറത്തുവന്നിരുന്നു. താന്‍ വരച്ച ചിത്രം ജയസൂര്യയ്ക്കാണ് അദ്ദേഹം സമ്മാനിച്ചത്. അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തിലൂടെ യോഗ തീരുമാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. പുറത്തേക്ക് പോയ നടിമാര്‍ തിരികെ വരുന്നതും ഭരണഘടന ഭേദഗതിയുമൊക്കെയായിരുന്നു പ്രധാന വിഷയങ്ങള്‍. ഇത്തവണത്തെ യോഗത്തിലും അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായി മാറിയ താരങ്ങളുണ്ടായിരുന്നു. വരാന്‍ പറ്റാത്തതിനെക്കുറിച്ച് പലരും നേരത്തെ അറിയിച്ചുവെന്ന് ഇടവേള ബാബു വ്യക്തമാക്കിയിരുന്നു.

അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായി മാറിയവര്‍
അസാന്നിധ്യം കൊണ്ടാണ് ചില താരങ്ങള്‍ ശ്രദ്ധേയരായി മാറാറുള്ളത്. ഇത്തവണത്തെ അമ്മ യോഗത്തിനിടയില്‍ അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ടവരായി മാറിയ കുറച്ചുപേരുണ്ട്. ഇവരുടെ അസാന്നിധ്യത്തെക്കുറിച്ച് ആരാധകരാണ് ശ്രദ്ധിച്ചത്. മറ്റുള്ളവര്‍ സെല്‍ഫിയും ചിത്രങ്ങളുമായി എത്തിയപ്പോഴായിരുന്നു ഇവരെക്കുറിച്ച് ചോദിച്ചത്. സജീവമായി ചിലര്‍ പങ്കെടുത്തപ്പോള്‍ മറ്റ് ചിലരാവട്ടെ യോഗത്തിനായി എത്തിയിരുന്നില്ല. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, നിവിന്‍ പോളി, ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. തങ്ങള്‍ക്ക് എത്താനാവില്ലെന്ന് ഇവരെല്ലാം നേരത്തെ അറിയിച്ചിരുന്നതായി സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

മഞ്ജു വാര്യര്‍ പങ്കെടുത്തില്ല
സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കുന്ന താരങ്ങളിലൊരാളാണ് മഞ്ജു വാര്യര്‍. ഇടവേളക്ക് തിരിച്ചുവരവിലും ശക്തമായ സ്വീകാര്യത തന്നെയായിരുന്നു ഈ താരത്തിന് ലഭിച്ചത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ നായിക. അമ്മയിലും വനിതാ സംഘടനയായ ഡബ്ലുസിസിയിലും അംഗത്വമുണ്ട് താരത്തിന്.ഇത്തവണത്തെ അമ്മയുടെ യോഗത്തില്‍ അസാന്നിധ്യം കൊണ്ടാണ് മഞ്ജു വാര്യര്‍ ശ്രദ്ധിക്കപ്പെട്ടത്.

മാമോദീസ തിരക്കില്‍ ചാക്കോച്ചന്‍
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബന്‍. ഫേസ്ബുക്കിലൂടെ താരം തന്നെയായിരുന്നു മകന്റെ വരവിനെക്കുറിച്ച് അറിയിച്ചത്. ഇസഹാക്ക് എന്ന പേരായിരുന്നു അദ്ദേഹം മകനായി നല്‍കിയത്. ഇസഹാക്കിന്റെ മാമോദീസ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ഇതുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ ഇത്തവണ അദ്ദേഹം അമ്മയുടെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. മമ്മൂട്ടി, ദിലീപ്, കാവ്യ മാധവന്‍, ദുല്‍ഖര്‍ സല്‍മാന്‍, രമേഷ് പിഷാരടിയുള്‍പ്പടെയുള്ളവരെല്ലാം ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

പൃഥ്വിരാജ് അവധിയാഘോഷത്തിലാണ്
ലൂസിഫര്‍ വന്‍വിജയമായി മാറിയതിന് പിന്നാലെയായാണ് പൃഥ്വിരാജ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തുടക്കത്തില്‍ തന്നെ പ്രചരിച്ചിരുന്നു. എന്നായിരിക്കും രണ്ടാം ഭാഗമെത്തുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഇതിന് പിന്നാലെയായാണ് എമ്പുരാനെക്കുറിച്ച് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സെയ്ദ് മസൂദ്, അബ്രാം ഖുറേഷി, സ്റ്റീഫന്‍ നെടുമ്പള്ളി തുടങ്ങിയവരുടെ യഥാര്‍ത്ഥ വ്യക്തിത്വം വ്യക്തമാവുന്ന തരത്തിലാണ് എമ്പുരാനൊരുക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. എമ്പുരാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് അവധിയാഘോഷത്തിനായി കുടുംബസമേതം പൃഥ്വിരാജ് വിദേശത്തേക്ക് പോയത്. അലംകൃത അവധിയാഘോഷത്തിനായി പോവുകയാണെന്നറിയിച്ച് സുപ്രിയ എത്തിയതിന് പിന്നാലെയായാണ് കൂടുതല്‍ ചിത്രങ്ങളെത്തിയത്.

ഷൂട്ടിംഗ് തിരക്കിലാണ്
ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍, നിവിന്‍ പോളി തുടങ്ങിയ താരങ്ങളും ഇത്തവണ അമ്മയുടെ യോഗത്തിന് എത്തിയിരുന്നില്ല. ഷൂട്ടിംഗ് തിരക്കിലായതിനാല്‍ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് താരങ്ങള്‍ പറഞ്ഞതായി അമ്മയുടെ സെക്രട്ടറിയായ ഇടവേള ബാബു വ്യക്തമാക്കിയിരുന്നു. ലവ് ആക്ഷന്‍ ഡ്രാമ, മൂത്തോന്‍ തുടങ്ങിയ ചിത്രങ്ങളാണ് നിവിന്‍ പോളിയുടേതായി ഒരുങ്ങുന്നത്. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളാണ് ഇന്ദ്രജിത്തിനെ തേടിയെത്തുന്നത്. അനുജന് പിന്നാലെ ചേട്ടനും സ്വന്തം സിനിമയുമായി എത്തുമോയെന്ന തരത്തിലുള്ള ചോദ്യവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു.


Click it and Unblock the Notifications











