അജിത്ത് സാർ ആദ്യം പഠിപ്പിച്ചത് രക്ഷപ്പെടാൻ, ആ യാത്ര കണ്ണ് തുറപ്പിച്ചു, ഇപ്പോഴും അക്കാര്യം പ്രയാസം; മഞ്ജു
ഒരിടവേളയ്ക്കുശേഷം തമിഴിൽ വീണ്ടും ഒരു മഞ്ജു വാര്യർ സിനിമ റിലീസിന് എത്തുന്നു. ആര്യയും പ്രധാന വേഷത്തിൽ എത്തുന്ന മിസ്റ്റർ എക്സ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് മഞ്ജു ഇപ്പോൾ അസുരനും വേട്ടയ്യനും ശേഷം വലിയൊരു ആരാധകവൃന്ദം തമിഴിലും മഞ്ജുവിനുണ്ട്. കുട്ടിക്കാലം മുതൽ സിനിമ കാണാറുണ്ടായിരുന്നു. കുടുംബമായാണ് സിനിമയ്ക്ക് പോയിരുന്നത്. ഒരിക്കൽ കണ്ട സിനിമ വീണ്ടും ആവർത്തിച്ച് കാണുമായിരുന്നു.
പക്ഷെ അഞ്ച് വയസാകും വരെ തിയേറ്ററിൽ സിനിമ കാണാൻ പോകുന്നത് എനിക്ക് ഭയമായിരുന്നു. അച്ഛനും അമ്മയും നിർബന്ധിച്ചാണ് എന്നെ കൊണ്ടുപോയിരുന്നത്. ചേട്ടൻ ഞാൻ ചെറുതായിരിക്കുമ്പോൾ മുതൽ ബോർഡിങ് സ്കൂളിൽ നിന്നാണ് പഠിച്ചിരുന്നത്. എനിക്ക് ഒറ്റപ്പെടൽ ഫീൽ ചെയ്യുമോയെന്ന് കരുതിയാകും മാതാപിതാക്കൾ എന്നേയും കൂട്ടി സിനിമയ്ക്ക് പോയിരുന്നത്.

എന്നെ എൻഗേജ്ഡാക്കി ഇരുത്തണം എന്ന് തോന്നിക്കാണും സിനിമ എപ്പോൾ മുതലാണ് ജീവിതത്തിന്റെ ഭാഗമായതെന്ന് വിവരിച്ച് മഞ്ജു പറഞ്ഞു. സിനിഉലകം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് റൈഡ് നടത്തിയപ്പോഴുള്ള അനുഭവവും മഞ്ജു വാര്യർ പങ്കുവെച്ചു.
അജിത് സാറിനൊപ്പം റൈഡ് പോകുമ്പോൾ റോഡ് സൈഡിലെ കടകളിൽ നിന്നും എന്ത് ഭക്ഷണം ലഭിക്കുമോ അതാണ് വാങ്ങി കഴിച്ചിരുന്നത്. അദ്ദേഹത്തോടൊപ്പമുള്ള ആ ട്രിപ്പ് ഒരു ഐ ഓപ്പണിങ് തന്നെയായിരുന്നു. മുമ്പ് കാറിൽ ലഡാക്കിലെ ആ ഭാഗങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. പക്ഷെ ബൈക്കിൽ ആദ്യത്തെ എക്സ്പീരിയൻസ് ആയിരുന്നു. അവർ ചണ്ഡീഗഢിൽ നിന്നുമാണ് ട്രിപ്പ് ആരംഭിച്ചത്.
ഞാൻ കുറച്ച് ദിവസങ്ങൾക്കുശേഷം ലഡാക്കിൽ നിന്നാണ് അവരുടെ സംഘത്തിൽ ചേർന്നത്. 14 ദിവസം അവർക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. ബൈക്ക് ഓടിക്കാൻ നേരത്തെ മുതൽ എനിക്ക് അറിയാമായിരുന്നു. പക്ഷെ ലൈസൻസ് എടുത്തിരുന്നില്ല. അവർ പ്രൊഫഷണൽ റൈഡേഴ്സ് ആയിരുന്നു ഞാൻ വളരെ പതുക്കെയാണ് ബൈക്ക് ഓടിച്ചിരുന്നത്.
ആ ബൈക്ക് ഓടിക്കുക വളരെ പ്രയാസകരമായ ജോലിയാണ്. ഇപ്പോഴും എനിക്ക് ബുദ്ധിമുട്ടാണ് ആ ബൈക്ക് മാനേജ് ചെയ്യാൻ. സൈസിലും വളരെ വലുതാണ്. അജിത് സാർ ആദ്യം എന്നെ പഠിപ്പിച്ചത് ആ ബൈക്ക് മറിഞ്ഞാൽ എങ്ങനെ ചാടി രക്ഷപ്പെടാം എന്നതാണ്. ബൈക്ക് ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വീണാൽ സാരമായി പരിക്കേൽക്കും.

പക്ഷെ ആ ബൈക്ക് ഡിസൈൻ ചെയ്തിരിക്കുന്നത് മറിഞ്ഞ് വീണാലും റൈഡർക്ക് പരിക്കേൽക്കാത്ത തരത്തിലാണ്. ലൈസൻസ് ഇല്ലാതിരുന്നതുകൊണ്ട് ഞാൻ അന്ന് ആ ട്രിപ്പിൽ ബൈക്ക് ഓടിച്ചിരുന്നില്ല. 2022ൽ ആയിരുന്നു ആ ട്രിപ്പ്. ആ യാത്ര എങ്ങനെയാണ് എന്റെ കണ്ണ് തുറപ്പിച്ചതെന്ന് വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. യാത്ര പോയാൽ മാത്രമെ മനസിലാകൂ. വളരെ മാജിക്കലായിരുന്നു.
യാതൊരു കാരണവുമില്ലാതെ ഇമോഷൻസ് വരും. ട്രിപ്പ് കഴിഞ്ഞ് വന്നശേഷം ഞാൻ ലൈസൻസും എടുത്തു. അതുപോലൊരു ബൈക്ക് സ്വന്തമായി വാങ്ങുകയും ചെയ്തു. സിറ്റി ട്രാഫിക്കിൽ ആ ബൈക്കുമായി യാത്ര ചെയ്യുക എന്നത് പ്രയാസകരമായ ഒന്നാണ് മഞ്ജു വാര്യർ പറഞ്ഞു. അഭിനയിക്കുന്ന തമിഴ് സിനിമകളിൽ ഡബ്ബ് ചെയ്യുന്നതിന് പിന്നിലെ കാരണവും നടി വ്യക്തമാക്കി.
ചെയ്യുന്ന ജോലിയിൽ പക്ക ആയിരിക്കണമെന്ന നിർബന്ധം എനിക്കുണ്ട്. അതുകൊണ്ട് ഇരുന്നൂറ് ശതമാനം എഫേർട്ടും ചെയ്യുന്ന ജോലിയിൽ ഇടും. ഡയലോഗുകൾ പെട്ടന്ന് പഠിക്കുന്നുവെങ്കിൽ ഞാൻ കാരണം ഷൂട്ടിങ് ഡിലേ ആകരുതെന്ന് നിർബന്ധമുള്ളതുകൊണ്ടാണെന്നും മഞ്ജു വാര്യർ പറഞ്ഞു.


Click it and Unblock the Notifications

















