മഞ്ജുവിനോട് അഭിനയിക്കാൻ പറഞ്ഞാൽ മറുപടി ഇതാണ്: വൈറലായ ദിലീപിന്റെ വെളിപ്പെടുത്തൽ
മലയാളം സിനിമ വ്യവസായത്തിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾ ഉണ്ടായത് ഒരു പക്ഷെ ദിലീപിന്റെ പേരിൽ ആയിരിക്കും. 1998 ഒക്ടോബറിൽ നടൻ പ്രശസ്ത താരമായ മഞ്ജു വാര്യരെ വിവാഹം ചെയ്തപ്പോഴാണ് ഇതിന്റെ തുടക്കം. അന്ന് വിവാഹശേഷം നവദമ്പതികൾ മാധ്യമങ്ങളെ കണ്ടപ്പോൾ, മഞ്ജു ഇനി അഭിനയിക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട്, മഞ്ജുവിനെ സിനിമകൾക്കായി സമീപിച്ച പല പ്രശസ്ത സംവിധായകരും, തന്റെ ഭാര്യയെ ഇനി അഭിനയിക്കാൻ വിടില്ലെന്ന് ദിലീപ് തീർത്തു പറഞ്ഞതായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ജനപ്രിയ നായകൻ ഒരിക്കലും ഇത് തുറന്നു സമ്മതിച്ചിട്ടില്ല.
വിവാഹശേഷം പല അഭിമുഖങ്ങളിലും പങ്കെടുത്തപ്പോൾ ദിലീപ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ, മഞ്ജു അഭിനയിക്കാത്തതിന് കാരണം അവരുടെ തന്നെ താത്പര്യക്കുറവാണെന്ന് അവകാശപ്പെട്ടിരുന്നു. പിന്നീട്, വിവാഹമോചനം നേടി സിനിമയിൽ തിരികെയെത്തിയ മഞ്ജു വാര്യർ ഗംഭീര പ്രകടനങ്ങളുമായി സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടപ്പോൾ, ഇത്തരത്തിൽ നടൻ നടത്തിയ വെളിപ്പെടുത്തലിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു.

വർഷങ്ങൾക്ക് മുൻപുള്ള ഒരു ഓണക്കാലത്ത് ഏഷ്യാനെറ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആത്മാർത്ഥ സുഹൃത്ത് നാദിർഷയുമായി സംസാരിക്കുന്ന ദിലീപിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത് . ആ വിഡിയോയിൽ, "താങ്കളുടെ ഭാര്യ മഞ്ജു വാര്യരെ എന്ത് കൊണ്ട് അഭിനയിപ്പിക്കുന്നില്ല?" എന്ന് അവതാരകൻ ചോദിച്ചപ്പോൾ, ഒരു പ്രത്യേക ചിരിയോടു കൂടി, "ഞാൻ ഇത് എത്ര പ്രാവശ്യം അവളോട് പറഞ്ഞു," എന്നാണ് നടൻ മറുപടി പറഞ്ഞത്. "ആരോട്?" എന്ന് നാദിർഷ ചോദിക്കുമ്പോൾ, "മഞ്ജുവിനോട്" എന്ന് ദിലീപ് വീണ്ടും ആവർത്തിക്കുന്നത് കാണാം.
"മഞ്ജു... അഭിനയിക്ക്, അഭിനയിക്ക് എന്ന് പറയുമ്പോൾ, "എന്തായിരുന്നു എന്നോട് കല്യാണത്തിന് മുൻപ് പറഞ്ഞത്? നന്നായി നോക്കിക്കൊള്ളാം, ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല, വെറുതെ ഇരുന്നാൽ മതി, എന്നൊക്കെയല്ലേ... എന്നിട്ട് ഇപ്പൊ പറയുന്നു ജോലിക്ക് പോവാൻ," എന്നാണ് അവളുടെ മറുപടി. അപ്പോൾ ഞാൻ പറയും, രണ്ടു പേരും ജോലിക്ക് പോയാൽ നല്ല പൈസ കിട്ടില്ലേ, എന്ന്. അപ്പോൾ, "ആ പൈസക്ക് വേണ്ടിയാണോ എന്നെ കല്യാണം കഴിച്ചു കൊണ്ടുവന്നത്?" എന്നാണ് അവളുടെ ചോദ്യം. ഇങ്ങനെയൊക്കെ ചോദിക്കുന്ന ഒരാളോട് നമുക്ക് എന്ത് പറയാൻ പറ്റും," ദിലീപ് പറഞ്ഞു നിർത്തി.

എന്നാൽ ദിലീപിന്റെ ഈ വെളിപ്പെടുത്തലിൽ നിഴലിക്കുന്നത് പരിഹാസത്തിന്റെ ധ്വനിയാണെന്നാണ്, റെഡിറ്റ് പ്രേക്ഷകർ ഈ വീഡിയോയെ കുറിച്ച് ചർച്ച ചെയ്തപ്പോൾ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട ഒരു അഭിപ്രായം. "മഞ്ജു അഭിനയിക്കാൻ താല്പര്യമില്ലാത്തവളാണെന്നും, ഭർത്താവിന്റെ പണം ചിലാവാക്കി വെറുതെ ഇരിക്കുന്നവളാണെന്നും കാണിക്കുന്ന ക്ലാസിക് ദിലീപ്. ഭാര്യയെ ജോലിക്ക് വിടുന്ന നല്ല ഭർത്താവായിരിക്കെ, ജോലി ചെയ്യാൻ താൽപ്പര്യമില്ലാത്തവളായി അയാൾ അവളെ ചിത്രീകരിച്ചു," ഒരു പ്രേക്ഷകൻ റെഡിറ്റിൽ എഴുതി. "ഈ പറച്ചിൽ കാണാൻ തന്നെ അസഹനീയം. ഇയാൾ ജീവിതത്തിലും നല്ലൊരു നടൻ തന്നെ," മറ്റൊരാൾ പറഞ്ഞു. അന്നൊക്കെ സിനിമയിൽ മാത്രമല്ല, പൊതു വേദികളിൽ പോലും മുൻ ഭാര്യക്ക് ഒപ്പം നടനെ കണ്ടിരുന്നില്ല എന്നും റെഡിറ്റ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
എന്തായാലും, മഞ്ജു വാര്യർ വിവാഹമോചനത്തിന് ശേഷം പൂർവ്വാധികം ശക്തിയോടെ സിനിമാ രംഗത്തേക്ക് മടങ്ങിയെത്തി. എന്ന് മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ ഒരുപാട് ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാണ് താരം. ഒപ്പം തന്നെ, മലയാള സിനിമയിൽ ഇന്ന് ഏറ്റവും പ്രതിഫലം വാങ്ങുന്ന നായിക നടിയും മഞ്ജു തന്നെയാണ്. എന്നാൽ, ഒരിക്കൽ പോലും സിനിമയിൽ നിന്ന് പതിനാല് വർഷത്തോളം മാറി നിൽക്കേണ്ടി വന്നതിനെ കുറിച്ച് താരം ഒരിക്കലും പരാതിപ്പെടുന്നത് കണ്ടിട്ടേയില്ല.


Click it and Unblock the Notifications











