വിവാഹം ഒന്നിന്റെയും അവസാനമല്ല! ഇഷ്ടമുള്ളതെല്ലാം ചെയ്ത് ജീവിതം തിരികെപ്പിടിച്ചതിനെക്കുറിച്ച് മഞ്ജു വാര്യര്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. വനിത കമ്മീഷന്റെ 'പറന്നുയരാം കരുത്തോടെ' പരിപാടിയിലെ സംസാരിച്ച കാര്യങ്ങള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സ്വന്തം ജീവിതാനുഭവങ്ങളെക്കുറിച്ചും, അമ്മ സ്വയം സന്തോഷം കണ്ടെത്തി പ്രചോദനമായി മാറിയതിനെക്കുറിച്ചുമൊക്കെയായിരുന്നു അവര്‍ സംസാരിച്ചത്. ചുറ്റും കാണുന്ന കാര്യങ്ങളില്‍ എനിക്ക് പ്രചോദനമായി തോന്നിയ കാര്യങ്ങളും, അതിലെനിക്ക് തോന്നിയ വലിയ പ്രതീക്ഷകളും നിങ്ങളുമായി പങ്കുവെക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈയൊരു പരിപാടിക്ക് പോവുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്റെയൊരു സുഹൃത്ത് ഒരു വീഡിയോ കാണിച്ച് തന്നു. അത് ജലജ എന്ന് പറയുന്നൊരു ചേച്ചിയുടെ വീഡിയോ ആയിരുന്നു. ആ ചേച്ചിയില്‍ ഞാന്‍ കണ്ട പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ചേച്ചിക്ക് വണ്ടിയോടിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. ഒരുപാട് യാത്ര ചെയ്യാനും ഇഷ്ടമാണ്. പക്ഷേ, അതിനുള്ളൊരു സാഹചര്യം ജീവിതത്തില്‍ വന്നിട്ടില്ല.
അവരുടെ ജോലി എന്ന് പറയുന്നത് കാശ്മീരില്‍ നിന്നും കേരളത്തിലേക്ക് ആപ്പിള്‍ എത്തിക്കുന്നതാണ്. ജലജ ചേച്ചി ഡ്രൈവിംഗ് പഠിക്കാന്‍ പോയി ഹെവിന്‍ ലൈസന്‍സ് എടുത്തു. ഇപ്പോള്‍ കാശ്മീരില്‍ നിന്നും കേരളത്തിലേക്ക് ആപ്പിള്‍ കൊണ്ടുവരുന്ന ലോറികളില്‍ ഒരെണ്ണം ഓടിക്കുന്നത് ജലജ ചേച്ചിയാണ്. അതുമാത്രമല്ല. ചേച്ചിയുടെ മക്കളും ചേച്ചിക്കൊപ്പം യാത്രകളിലുണ്ട്. വ്‌ളോഗുകളൊക്കെ ചെയ്ത് അവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. എല്ലാവര്‍ക്കും തോന്നാത്തൊരു ധൈര്യവും, ചിന്തയുമാണ് അതെന്ന് എനിക്ക് തോന്നി. ആ ചേച്ചിയുടെ കഥ കേട്ടപ്പോള്‍ എനിക്ക് എന്റെ വീട്ടിലുള്ളൊരു ഉദാഹരണം പറയണമെന്ന് തോന്നി.

അമ്മ പലപ്പോഴും ജീവിതത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എനിക്ക് വലിയൊരു ഇന്‍സ്പിരേഷന്‍ കൂടിയാണ് അമ്മ. ബോബനേയും മോളിയേയും പോലെ അച്ഛനെയും അമ്മയേയും എപ്പോഴും ഒന്നിച്ചേ കാണാന്‍ പറ്റുമായിരുന്നുള്ളൂ. അച്ഛന്റെ മരണശേഷം അമ്മ അതെങ്ങനെ ഉള്‍ക്കൊള്ളുമെന്നോര്‍ത്ത് ഞാനും ചേട്ടനും ടെന്‍ഷനടിച്ചിട്ടുണ്ട്. ഞങ്ങളെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഞങ്ങള്‍ക്കൊരു ബാധ്യതയാവരുതെന്ന് സ്വയം തീരുമാനിച്ചത് പോലെ അമ്മ ചെയ്യാനിഷ്ടമുള്ള കാര്യങ്ങള്‍ ഓരോന്നായി ചെയ്ത് തുടങ്ങി. അമ്മയ്ക്ക് നൃത്തം പഠിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. പാട്ട് പഠിക്കാനും. അതിനൊക്കെ സ്വയം ഇനീഷ്യേറ്റീവ് എടുത്ത് അമ്മ പോയി പഠിച്ചു. കോളേജ് കാലത്ത് എഴുതുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ചെറിയ എഴുത്തിലൂടെ അതും പൊടിതട്ടിയെടുത്ത് പുസ്തകം വരെ പബ്ലിഷ് ചെയ്തു അമ്മ.
ഇഷ്ടമുള്ള കാര്യങ്ങള്‍ ഇനീഷ്യേറ്റീവ് എടുത്ത് ചെയ്യാനും, സ്വന്തം സന്തോഷം കണ്ടെത്താനും, വേദികളിലൂടെയായി പെര്‍ഫോം ചെയ്യുകയും ചെയ്തു. ഞാന്‍ കേട്ടിട്ട് പോലുമില്ലാത്ത കാര്യങ്ങള്‍ വരെ ചെയ്യുന്നുണ്ട്. സുഹൃത് സംഘങ്ങളൊക്കെയുണ്ടാക്കി അവരോടൊപ്പം യാത്രയൊക്കെ പോവുന്നുണ്ട് അമ്മ. അങ്ങനെയുള്ള കാര്യങ്ങളിലൂടെ സ്വന്തം സന്തോഷം കണ്ടെത്തി എന്റെ മുന്നില്‍ ഏത് പ്രായത്തിലും അവനനവ് സന്തോഷം കണ്ടെത്താന്‍, അവനവന്‍ ആഗ്രഹിച്ചാല്‍ അത് കണ്ടെത്താം എന്ന് ജീവിതത്തിലൂടെ തെളിയിച്ച് തന്നതാണ് എന്റെ അമ്മ.
വിവാഹം എന്നുള്ളത് ഒന്നിന്റെയും അവസാന വാക്കല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ധൈര്യം കാണിക്കുന്ന കുട്ടികള്‍ ഇന്നുണ്ട്. വിവാഹം വേണോ, വേണ്ടോ എന്നത് സ്വന്തം തീരുമാനമായിരിക്കണം എന്ന് ഉറപ്പിച്ചിട്ടുള്ള പെണ്‍കുട്ടികളെ കാണാം. അതിന് പൂര്‍ണമായി പിന്തുണ കൊടുത്തുകൊണ്ട് കൂടെ നില്‍ക്കുന്ന മാതാപിതാക്കളെയും കാണാറുണ്ട്. നമ്മുടെ സമൂഹം ശരിക്കും മാറിക്കൊണ്ടിരിക്കുകയാണെന്ന ശുഭപ്രതീക്ഷയുണ്ട്. എനിക്കുമുണ്ടായിരുന്നു ഒരു ബക്കറ്റ് ലിസ്റ്റ്. ഒരോന്നും എഴുതി വെച്ച് ടിക്ക് ഇടാന്‍ മാത്രമുള്ള കാര്യങ്ങള്‍. അതിലൊന്നായിരുന്നു ഡ്രൈവിംഗ് പഠനം. അത് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്, ചെയ്യുന്നുമുണ്ട്. നീന്തല്‍ പഠിക്കണം എന്നുണ്ടായിരുന്നു. ബേസിക് കാര്യങ്ങളൊക്കെയേ അറിയുള്ളൂവെങ്കിലും ആ ആഗ്രഹവും ഞാന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബൈക്ക് റൈഡും എന്റെ വലിയ ആഗ്രഹമായിരുന്നു. അച്ഛന്റെ ബൈക്കിന് പിന്നില്‍ ഇരുന്ന് പോവുന്ന കാലത്ത് മനസില്‍ കയറിയ ആഗ്രഹമായിരുന്നു. അതും ഞാന്‍ ചെയ്യുന്നുണ്ട്. ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ അപ്‌ഡേറ്റായിക്കൊണ്ടിരുന്നാലേ, അതിന്റെ ഭംഗി പൂര്‍ണമായും ആസ്വദിക്കാനാവൂ എന്നും ഞാന്‍ പഠിച്ചു. ആത്മവിശ്വാസം മാത്രമല്ല സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടെങ്കിലേ ഇങ്ങനെയുള്ള കാര്യങ്ങള്‍ നമുക്ക് ചെയ്യാനാവൂ. അതുണ്ടെങ്കില്‍ മാത്രമേ ഇതൊക്കെ ചെയ്യാനാവൂ എന്ന യാഥാര്‍ത്ഥ്യം എല്ലാവരും മനസിലാക്കണം. പറന്നുയരാനുള്ള ചിറകുകള്‍ നിങ്ങള്‍ സ്വയം കണ്ടെത്തണം, ആ ചിറകുകള്‍ വിരിച്ച് പറക്കാനുള്ള ആകാശം വേണ്ടി വന്നാല്‍ സ്വയം സൃഷ്ടിക്കാനും നിങ്ങള്‍ പ്രാപ്തരാവണം എന്നാണ് എനിക്ക് പറയാനുള്ളതെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications