മീനാക്ഷി കൂടെയില്ലെങ്കിലും മഞ്ജു വാര്യര്‍ സന്തോഷത്തില്‍! വ്യക്തിപരമായി ഒന്നും വിഷമിപ്പിച്ചിട്ടില്ല
മലയാളത്തിന്റെ മുഖശ്രീയായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാറെന്നും വിളിക്കാറുണ്ട്. താരപദവിയോ സിനിമയിലെ സ്ഥാനമാനങ്ങളോയെന്നും തന്നെ ആകര്‍ഷിച്ചിട്ടില്ലെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ അരങ്ങേറിയത്. മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. യുവജനോത്സവ വേദിയില്‍ നിന്നുമെത്തിയ മഞ്ജുവിനെ ആരാധകലോകം ഹൃദയത്തിലേറ്റുകയായിരുന്നു പിന്നീട്. നൃത്തവും അഭിനയത്തിലുമെല്ലാം ഇടയ്ക്ക് ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്.
അഭിനയം മാത്രമല്ല നൃത്തവും തന്റെ പാഷനാണെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു. ലോക് ഡൗണിനിടയിലെ കുച്ചിപ്പുഡി പരിശീലനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇടയ്ക്ക് വീണ വായനയുമായും താരമെത്തിയിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളൊന്നും വ്യക്തിപരമായി തന്നെ ബാധിച്ചിട്ടില്ലെന്ന് താരം പറയുന്നു. മഹിളാരത്നം മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. അസുരനിലൂടെ തമിഴകത്ത് അരങ്ങേറിയതിനെക്കുറിച്ച് പറഞ്ഞും താരം വാചാലയായിരുന്നു.

പോസീറ്റീവായിരിക്കുന്നതിന് പിന്നില്‍
വ്യക്തി ജീവിതത്തിലാണെങ്കിലും പ്രൊഫഷണിലാണെങ്കിലും ഇതുവരെ സംഭവിച്ച കാര്യങ്ങളിലെല്ലാം താന്‍ സന്തോഷവതിയാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു. ഒന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ജീവിതം എങ്ങനെയാണോ അതിനൊപ്പമായാണ് നീങ്ങുന്നത്. എല്ലാ കാര്യത്തിലും പോസിറ്റീവ് സമീപനമാണ് മഞ്ജു വാര്യരുടേത്. അതിനാല്‍ത്തന്നെ വ്യക്തിപരമായി ഒരു കാര്യവും തന്നെ വിഷമിപ്പിച്ചിട്ടില്ലെന്നും താരം പറയുന്നു. അഭിനയം പ്രൊഫഷനാണ്, അത് മാറ്റിനിര്‍ത്തിയാല്‍ താനുമൊരു സാധാരണക്കാരിയാണെന്നും മലയാളത്തിന്റെ ശ്രീ പറയുന്നു.

നഷ്ടബോധമില്ല
നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു മഞ്ജു വാര്യര്‍. അതിനാല്‍ത്തന്നെ സ്‌കൂളിലെല്ലാവര്‍ക്കും പ്രത്യേകമായൊരു സ്‌നേഹവുമുണ്ടായിരുന്നു. കണക്കായിരുന്നു ഇഷ്ടവിഷയം. അതില്‍ മികച്ച മാര്‍ക്കും സ്വന്തമാക്കിയിരുന്നു. നന്നായി പഠിച്ച് ഉദ്യോഗസ്ഥയാവണമെന്നൊന്നുള്ള ആഗ്രഹമൊന്നും ആ പ്രായത്തിലുണ്ടായിരുന്നില്ല. അത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. സിനിമയില്‍ അഭിനയിച്ചത് കൊണ്ട് പഠനം പോയെന്ന സങ്കടമൊന്നും തനിക്ക് ഇല്ലെന്നും താരം വ്യക്തമാക്കുന്നു.

സാക്ഷ്യത്തെക്കുറിച്ച്
സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. അന്ന് ക്യാമറയെ അഭിമുഖീകരിക്കുമ്പോള്‍ പേടിയൊന്നുമുണ്ടായിരുന്നില്ല. ആ സിനിമ തിയേറ്ററില്‍ കണ്ടപ്പോള്‍ അഭിനയം ശരിയായില്ല, കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നിയിരുന്നു. പിന്നീടുള്ള സിനിമകളില്‍ മാറ്റം വരുത്തിയിരുന്നു. നൂറുശതമാനവും ശരിയായി എന്ന തോന്നലുകളൊന്നും ഇന്നുവരെയില്ല. ആയുസ്സ് തീരുന്നതിന് മുന്‍പ് അത് കിട്ടുമെന്നാണ് കരുതുന്നത്. അതിന് വേണ്ടിയുള്ള ശ്രമത്തിലാണ്.

തമിഴ് അരങ്ങേറ്റത്തെക്കുറിച്ച്
അസുരനിലൂടെയായിരുന്നു മഞ്ജു വാര്യര്‍ തമിഴകത്ത് തുടക്കം കുറിച്ചത്. തമിഴ് ചിത്രങ്ങള്‍ കാണുമ്പോള്‍ മുതല്‍ സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. വെക്കൈ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയത്. സിനിമയ്ക്ക് മുന്‍പ് ആ നോവല്‍ വായിക്കേണ്ടതില്ലെന്നായിരുന്നു വെട്രിമാരന്‍ നല്‍കിയ നിര്‍ദേശം. സംവിധായകരുടെ പ്രതീക്ഷ പൂര്‍ത്തീകരിക്കുന്ന ആര്‍ടിസ്റ്റാണ് താനെന്നും മഞ്ജു വാര്യര്‍ പറയുന്നു. കോവില്‍പ്പടി എന്ന സ്ഥലത്ത് വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. അവിടത്തെ സ്ത്രീകളുടെ നടപ്പും വസ്ത്രധാരണവുമൊക്കെ ശ്രദ്ധിച്ചിരുന്നു.

അവഗണിച്ചതല്ല
വളരെ മുന്‍പ് തന്നെ തമിഴ് സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചിരുന്നു. അതൊന്നും അവഗണിച്ചതല്ല. വളരെക്കാലമായി മനസ്സിലുള്ള ആഗ്രഹമായിരുന്നു അത്. എന്നാല്‍ അത് നടക്കാതെ പോവുകയായിരുന്നു. നാലോ അഞ്ചോ സിനിമകളില്‍ അഭിനയിക്കാനുള്ള അവസരം വന്നിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നവും തിരക്കഥ ഇഷ്ടപ്പെടാത്തതുമൊക്കെയായി അവയൊക്കെ മാറിപ്പോവുകയായിരുന്നു. നല്ല പ്രമേയമായിരിക്കണം, അത് പോലെ തന്നെ നല്ല ടീമും.

ബ്ലാങ്കായിരുന്നു
ഫുള്‍ ബ്ലാങ്കായാണ് രണ്ടാംവരവില്‍ അഭിനയിച്ചത്. ആരാധകര്‍ എങ്ങനെയായിരിക്കും സ്വീകരിക്കുകയെന്നതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ ചുറ്റുമുള്ളവര്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. ആരാധകരും നന്നായി പോത്സാഹിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് സിനിമയാണ് ജീവിതമെന്ന് തീരുമാനിച്ചത്. ഹൗ ഓള്‍ഡ് ആര്‍യൂവിന്റെ തമിഴ് പതിപ്പില്‍ മികച്ച പ്രകടനമാണ് ജ്യോതികയും കാഴ്ച വെച്ചത്.

ഉപദേശം നല്‍കാന്‍ ആളല്ല
വിവാഹത്തോടെ സിനിമ വിടുന്നവര്‍ക്ക് നല്‍കാനുള്ള ഉപദേശത്തെക്കുറിച്ചും മഞ്ജു വാര്യരോട് ചോദിച്ചിരുന്നു. അവരവരുടെ വ്യക്തിപരമായ കാര്യമാണ് അതൊക്കെ. ഓരോരുത്തരുടെ തീരുമാനങ്ങളും വ്യത്യസ്തമായിരിക്കും. ഉപദേശം നല്‍കാന്‍ താന്‍ ആരുമല്ലെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. നയന്‍താരയുടെ അഭിനയം ഇഷ്ടമാണെന്നും വ്യക്തിപരമായി അറിയാമെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications