പ്രേക്ഷകർക്ക് വേണ്ടാതായാൽ നിർത്തിയേ പറ്റൂ; ഇനിയും അഭിനയം ഉപേക്ഷിക്കുമോയെന്ന് വ്യക്തമാക്കി മഞ്ജു
മലയാളത്തിൽ സൂപ്പർ സ്റ്റാർ പദവിയും ബോക്സ് ഓഫീസ് മൂല്യവുമുള്ള നടൻമാർ ഒരുപാട് പേരുണ്ട്. എന്നാൽ നടിമാരിൽ മഞ്ജു വാര്യർക്ക് മാത്രമാണ് പുരുഷ താരങ്ങളോട് ഒപ്പത്തിനൊപ്പം നിൽക്കാൻ പറ്റുന്ന ആരാധക വൃന്ദം ലഭിച്ചത്.
മലയാളികൾ ഇത്രയേറെ സ്നേഹിച്ച ഒരു നടി കേരളത്തിൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് പറയാം. 40 കാരിയായ ഒരു നടി ഇന്നും മുൻനിര നായിക നടിയായി തുടരുന്നു എന്നതും സിനിമാ ലോകത്തെ സംബന്ധിച്ച് അപൂർവ കാഴ്ചയാണ്.

നീണ്ട 13 വർഷം സിനിമകളിൽ നിന്ന് മാറി നിന്ന മഞ്ജുവിന്റെ സ്ഥാനം പ്രേക്ഷക മനസ്സിൽ അത് പോലെ നില നിന്നു. രണ്ടാം വരവിൽ അതേ സ്നേഹത്തോടെ മഞ്ജുവിനെ ആരാധകർ സ്വീകരിച്ചു.
റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ ആണ് മഞ്ജു സിനിമാ ലോകത്തേക്ക് തിരിച്ച് വരുന്നത്. പിന്നീട് സിനിമകളിൽ സജീവ സാന്നിധ്യം ആയി മഞ്ജു മാറി.

രണ്ടാം വരവിൽ കൈ നിറയെ അവസരങ്ങൾ മഞ്ജുവിന് ലഭിച്ചു. ആദ്യ കാലത്ത് നിരന്തരം ഹിറ്റ് അടിച്ച മഞ്ജുവിന് രണ്ടാം വരവിൽ കരിയറിൽ വീഴ്ചകളും ഉണ്ടായി. നടിയുടെ നിരവധി സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.
മലയാളത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ജാക്ക് ആന്റ് ജിൽ എന്ന സിനിമ പൂർണ പരാജയം ആയിരുന്നു. മഞ്ജുവിനും സംവിധായകൻ സന്തോഷ് ശിവനും നേരെ നിരവധി ട്രോളുകളും വന്നു. അതേ സമയം ഏറെ പ്രതീക്ഷ നൽകുന്ന ഒരുപിടി സിനിമകൾ മഞ്ജുവിന്റേതായി റിലീസ് ചെയ്യാനുണ്ട്.

തമിഴ് ചിത്രം തുനിവ് ആണ് ഇതിൽ ഒന്ന്. അജിത്ത് ആണ് സിനിമയിൽ മഞ്ജുവിന് ഒപ്പം അഭിനയിക്കുന്നത്. സിനിമയുടെ പ്രാെമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് മഞ്ജു ഇപ്പോൾ. ഇന്ത്യ ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അഭിനയം നിർത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മഞ്ജു.

അത് നമ്മൾ എടുക്കുന്ന തീരുമാനം അല്ല. പ്രേക്ഷകർക്ക് മടുക്കുമ്പോൾ അഭിനയം ഉപേക്ഷിച്ചേ പറ്റൂ. എനിക്ക് ആഗ്രഹമില്ല, മഞ്ജു പറഞ്ഞതിങ്ങനെ. സിനിമാ ലോകത്ത് നിന്നും വലിയ ഇടവേള എടുത്ത താരമാണ് മഞ്ജു വാര്യർ. നടൻ ദിലീപുമായുള്ള വിവാഹ ശേഷം ആയിരുന്നു മഞ്ജു അഭിനയ രംഗത്ത് നിന്നും വിട്ട് നിന്നത്.
കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു മഞ്ജുവിന്റെ തീരുമാനം. നടിയെ വെച്ച് ചെയ്യാനിരുന്ന നിരവധി സിനിമകളിൽ നിന്ന് താരം പിൻമാറി. മഞ്ജുവിന് വേണ്ടി സിനിമകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സമയം ആയിരുന്നു അത്.

ദിലീപുമായുള്ള വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് മഞ്ജു സിനിമകളിലേക്ക് തിരിച്ചെത്തുന്നത്. പഴയ താരമൂല്യം തിരികെ പിടിച്ച മഞ്ജു മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം കൈപറ്റുന്ന ഒരാളുമാണ്.
ആയിഷ, വെള്ളരിപ്പട്ടണം എന്നിവയാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. തുനിവ് ആണ് നടിയുടെ ഉടനെ റിലീസിനുള്ള സിനിമ. അജിത്തിനൊപ്പം സുപ്രധാന വേഷമാണ് സിനിമയിൽ മഞ്ജു ചെയ്യുന്നത്.


Click it and Unblock the Notifications