'പേടിച്ച് കരയുമായിരുന്നു... കള്ളം പറഞ്ഞാണ് തിയേറ്ററിൽ കൊണ്ടുപോയിരുന്നത്, ബെറ്റിന്റെ പേരിൽ നീന്തലറിയാതെ ചാടി'
ഒരു നല്ല ഹിറ്റ് ചിത്രം നടി മഞ്ജു വാര്യരുടെ സിനിമാ ജീവിതത്തിൽ പിറന്നിട്ട് നാളുകൾ ഏറെയായി. അതുകൊണ്ട് തന്നെ റിലീസിന് തയ്യാറെടുക്കുന്ന ഫൂട്ടേജെന്ന സിനിമയെ കുറിച്ച് പ്രേക്ഷകർക്കും വലിയ പ്രതീക്ഷയുണ്ട്. പോസ്റ്റർ റിലീസ് ചെയ്തപ്പോൾ മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള സിനിമയാണ് ഫൂട്ടേജ്. മഞ്ജു വാര്യർക്ക് പുറമെ വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ഫൂട്ടേജ്. എ സെർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. അനുരാഗ് കശ്യപാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എ സെർട്ടിഫിക്കറ്റ് ആയതുകൊണ്ട് തന്നെ വയലൻസ് രംഗങ്ങളും മറ്റും ചിത്രത്തിൽ ഉണ്ടാവുമെന്ന് ഉറപ്പാണ്.

ഫൗണ്ട് ഫൂട്ടേജ് എന്ന ഫിലിം ഴോൺറെയിലാണ് ചിത്രമൊരുങ്ങുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ക്രൂവിനൊപ്പം അഭിമുഖങ്ങളിൽ എല്ലാം മഞ്ജുവും സജീവ സാന്നിധ്യമായുണ്ട്. എത്രയേറെ പുതിയ നടിമാർ മലയാളത്തിൽ വന്നാലും മലയാളികൾക്കും എന്നും പ്രിയങ്കരി മഞ്ജു തന്നെയാണ്. ആ സ്നേഹം സിനിമയിൽ വന്നകാലം മുതൽ ഇന്ന് വരേയും മഞ്ജുവിന് ലഭിക്കുന്നുമുണ്ട്.
എന്നാൽ ഇരുപത് വർഷത്തിലേറെയായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമായി നിൽക്കുന്ന പ്രിയ നടിക്ക് ഒരു കാലത്ത് ക്യാമറയും തിയേറ്ററും ഭയമായിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?. എന്നാൽ അത് സത്യമാണത്രേ... ക്യാമറയുടെ ഫ്ലാഷ് അടിയുന്നത് കണ്ടാൽ വാവിട്ട് കരയുന്ന പ്രകൃതമായിരുന്നുവത്രെ മഞ്ജുവിന്. അതുപോലെ കള്ളം പറഞ്ഞാണത്രെ കുടുംബം മഞ്ജുവുമായി തിയേറ്ററിൽ പോയിരുന്നത്.
എന്നാൽ ക്യാമറയോടും തിയേറ്ററിനോടുമുള്ള ഭയം ഇല്ലാതായത് എപ്പോഴാണെന്ന് മഞ്ജുവിനും വലിയ ധാരണയില്ല. ഫിൽമിബീറ്റ് മലയാളത്തിന് ഫൂട്ടേജ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ക്യാമറയോടും തിയേറ്ററിനോടുമുള്ള ഭയത്തെ കുറിച്ച് മഞ്ജു വാര്യർ തുറന്ന് പറഞ്ഞത്. ഒപ്പം നീന്തൽ അറിയാതെ ബെറ്റിന്റെ പുറത്ത് കായലിൽ ചാടിയ അനുഭവവും മഞ്ജു പങ്കുവെച്ചു. കണ്ണെഴി പൊട്ടുംതൊട്ട് സിനിമയുടെ ഷൂട്ടിങ് സമയത്തായിരുന്നു നീന്തൽ അറിയാതെ താരം വെള്ളത്തിൽ ചാടിയത്.
ഫ്ലാഷ് അടിക്കുന്ന ക്യാമറ കാണുമ്പോൾ ഞാൻ അലറി കരയുന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഓണത്തിന്റെ സമയത്ത് പൂക്കളത്തിന് മുന്നിൽ എന്നെ നിർബന്ധിച്ച് പിടിച്ച് ഇരുത്തിയപ്പോൾ കരയുന്ന എന്റെ ഫോട്ടോ ഇപ്പോഴും വീട്ടിലുണ്ട്. അതുപോലെ സിനിമയ്ക്ക് കൊണ്ടുപോയിരുന്നത് വേറെ എവിടെയോ പോകുന്നുവെന്ന് കള്ളം പറഞ്ഞൊക്കെയാണ്. ആ ഭയം എപ്പോഴാണ് മാറിയതെന്ന് അറിയില്ല.

ഞാനും ഇടയ്ക്ക് ചിന്തിക്കാറുണ്ട്. ക്യാമറയും തിയേറ്ററും പേടിയായിരുന്ന എന്റെ ലൈഫ് തന്നെ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടാണല്ലോയെന്ന് മഞ്ജു പറഞ്ഞു. കണ്ണെഴുതിപൊട്ടും തൊട്ട് സിനിമയുടെ ഷൂട്ടിങ് സമയത്ത് നീന്തൽ അറിയാതെയാണ് കായലിൽ ചാടിയതെന്നും അതിന് പിന്നിലെ കാരണവും മഞ്ജു വെളിപ്പെടുത്തി. അന്ന് നീന്തൽ അറിയാതെ വെള്ളത്തിൽ ചാടിയതിന് പിന്നിൽ ഒരു ബെറ്റിന്റെ കഥയുമുണ്ട്.
ആ സിനിമയിലായിരുന്നു ആദ്യമായി അകേല ക്യാമറ ക്രെയിൻ എന്നൊരു സംവിധാനം ഉപയോഗിച്ചത്. അതിൽ ഫസ്റ്റ് ഷോട്ട് ആർക്ക് കിട്ടും എന്നൊരു മത്സരമുണ്ടായിരുന്നു. വെറുതെ പറഞ്ഞ് ഉണ്ടാക്കിയതാണ്. ചെളി വെള്ളമായിരുന്നു. അതിലേക്ക് എടുത്ത് ചാടിയാൽ ഫസ്റ്റ് ഷോട്ട് എനിക്ക് തരാമെന്ന് പറഞ്ഞു. ആർക്ക് ഫസ്റ്റ് ഷോട്ട് കിട്ടുമെന്നത് സംബന്ധിച്ച് ബിജു ചേട്ടനും ഞാനും ബെറ്റ് വെച്ചു.
അതിനായി ഞാൻ വെള്ളത്തിലേക്ക് എടുത്ത് ചാടി. പക്ഷെ ഞങ്ങൾക്ക് രണ്ടുപേർക്കും ആ ക്രെയിനിൽ കോമ്പിനേഷൻ ഷോട്ടായിരുന്നു ആദ്യം. നിലയില്ലാ കയമൊന്നുമായിരുന്നില്ല. പക്ഷെ നീന്തൽ അറിയില്ലായിരുന്നുവെന്നും മഞ്ജു പഴയ ഓർമ പങ്കിട്ട് പറഞ്ഞു.


Click it and Unblock the Notifications