twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതു തീര്‍ത്താല്‍ തീരാത്ത കടമാണ്! ഈ നാടിനെ രക്ഷിക്കുന്നവരെ കുറിച്ച് നടി മഞ്ജു വാര്യര്‍

    |

    കൊറോണ വൈറസ് വ്യാപകമായതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സിനിമാ താരങ്ങളുമുണ്ട്. പ്രളയകാലത്ത് മറ്റുള്ളവരെ സഹായിക്കാന്‍ എല്ലാവരും പുറത്തിറങ്ങി എങ്കിലും ഇപ്പോള്‍ അതിന് സാധിക്കില്ല. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരും പോലീസുകാരുമെല്ലാം കഠിനപ്രവര്‍ത്തനത്തിലാണ്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

    മഞ്ജു വാര്യര്‍ പറയുന്നതിങ്ങനെ

    പ്രളയ കാലത്തു എല്ലാം മറന്നു ജോലി ചെയ്ത എത്രയോ പേരെ കണ്ടിരുന്നു. അന്നെല്ലാം കരുതിയതു ഇതില്‍ കൂടുതലൊന്നും ആരില്‍ നിന്നും പ്രതീക്ഷിക്കാനില്ല എന്നാണ്. എന്നാല്‍ ഇപ്പോള്‍ മനസ്സിലാകുന്നതു നമ്മുടെ ആളുകളുടെ സമര്‍പ്പണത്തിനു അതിരുകളില്ല എന്നാണ്. രോഗം പ്രതിരോധിക്കാനായി നാമെല്ലാം വീടിനകത്താണ്. എന്നാല്‍ രോഗികളെ അതിഥികളെപ്പോലെ വിളിച്ചു വരുത്തി സ്വീകരിച്ചു സാന്ത്വനിപ്പിക്കുന്നവര്‍ ദിവസങ്ങളായി പുറത്തു തന്നെയാണ്. രോഗത്തിനു നടുവില്‍.

    ഒരു നഴ്‌സ് പറഞ്ഞത് 28 കിലോമീറ്റര്‍ സ്‌കൂട്ടര്‍ ഓടിച്ചാണു ജോലിക്കു പോകുന്നതെന്നാണ്. എത്ര ദിവസമാണു ഡ്യൂട്ടിയെന്നു പറയാനാകില്ല. കുട്ടികളെയും വീട്ടുകാരെയുമെല്ലാം മറ്റൊരു വീട്ടില്‍ താമസിപ്പിച്ചിരിക്കുന്നു. വന്നു സ്വയം പാചകം ചെയ്തു കിടന്നുറങ്ങി പിറ്റേ ദിവസം എഴുന്നേറ്റു പോകുന്നു. ഡോകട്ര്‍മാരുടെയും ഫാര്‍മസിയിലുള്ളവരുടെയും ഡ്രൈവര്‍മാരുടെയുമെല്ലാം അവസ്ഥ ഇതുതന്നെയാകും.

     മഞ്ജു വാര്യര്‍ പറയുന്നതിങ്ങനെ

    ഞാന്‍ ഹിമാലയത്തിലെ മഞ്ഞിടിച്ചിലില്‍ പെട്ടുപോയിട്ടുണ്ട്. അവിടെ ജീവന്‍ പണയം വച്ചു രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ കുറിച്ചു കേട്ടിരുന്നു. അവര്‍ക്കെല്ലാമുള്ള പ്രതീക്ഷ ഇന്നോ നാളെയോ മറ്റന്നാളോ അവസാനിക്കുമെന്നതാണ്. എന്നാല്‍ ഇപ്പോള്‍ രോഗികളെ പരിചരിക്കുന്ന ആര്‍ക്കും ഇതെന്ന് അവസാനിക്കുമെന്നറിയില്ല. രാവും പകലും അറിയാതെ അവര്‍ ജോലി ചെയ്യുന്നു. വിദേശത്തെ ആശുപത്രികളില്‍ കോണിച്ചുവട്ടിലും അലമാരത്തട്ടിലുമെല്ലാം ഉറങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വീഡിയോ കണ്ടു. മാസ്‌കുവച്ചു തടിച്ചു മുറിഞ്ഞ പലരുടെയും മുഖം കണ്ടു.

     മഞ്ജു വാര്യര്‍ പറയുന്നതിങ്ങനെ

    നമ്മുടെ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരും രാത്രി എല്ലാം മറന്നു സ്വന്തം വീടിന്റെയും വേണ്ടപ്പെട്ടവരുടെയും സുരക്ഷയില്‍ ഉറങ്ങിയിട്ടു നാളുകളായി കാണും. അവരുടെ മക്കള്‍ ദിവസങ്ങളായി അവരെ കണ്ടിട്ടുണ്ടാകില്ല. എന്താണു സംഭവിക്കുന്നതെന്നു പോലും അറിയാത്ത കൊച്ചു കുട്ടിയോടു അച്ഛനും അമ്മയും എന്താണു മടങ്ങിവരാത്തതെന്നു എങ്ങനെ പറഞ്ഞു മനസ്സിലാക്കും. അച്ഛനും അമ്മയും ഒരു വീഡിയോ കോളിനപ്പുറമായ എത്രയോ കുട്ടികളുണ്ട്.

     മഞ്ജു വാര്യര്‍ പറയുന്നതിങ്ങനെ

    അരിയും ചുമന്നു കാടു കയറി പ്രായമായൊരു സ്ത്രീക്കു അരി എത്തിച്ചു കൊടുക്കുന്ന പൊലീസുകാരുടെ വീഡിയോ കണ്ടു. സ്വന്തം അമ്മയ്ക്കു കൊടുക്കുന്ന വാത്സല്യത്തോടെയാണവര്‍ അരി സമ്മാനിക്കുന്നത്. ഇപ്പോള്‍ ഒരാള്‍ക്കുപോലും പൊലീസിനെ പേടിയില്ല. അവര്‍ രക്ഷകര്‍ മാത്രമായിരിക്കുന്നു. റോഡരികില്‍ ഉറങ്ങുന്ന പ്രായമായ ഒരാള്‍ക്കു സ്വന്തം പൊതിച്ചോറു നല്‍കുന്ന പൊലീസുകാര്‍ക്കു വേണ്ടി ഈ നാടു മുഴുവന്‍ സല്യൂട്ട് ചെയ്യും.

     മഞ്ജു വാര്യര്‍ പറയുന്നതിങ്ങനെ

    കൊണ്ടു വരുന്ന പച്ചക്കറി ചാക്കില്‍ വൈറസ് ഉണ്ടോ ഇല്ലയോ എന്നറിയാതെ അതിന്റെ ഭവിഷ്യത്ത് അറിഞ്ഞു കൊണ്ടു തന്നെ തൊഴിലാളികള്‍ മാര്‍ക്കറ്റില്‍ ചരക്കിറക്കുന്നു. എത്രയോ കച്ചവടക്കാര്‍ അതെടുത്തു കൊണ്ടു പോയി വില്‍ക്കുന്നു. രോഗത്തെ വിളിപ്പാടകലെ നിര്‍ത്തിക്കൊണ്ടു ഇവരെല്ലാം ജോലി ചെയ്യുന്നു. ഇവരാണ് ഈ നാടിനെ നിലനിര്‍ത്തുന്നത്. ആരും പട്ടിണി കിടക്കില്ലെന്നൊരു സര്‍ക്കാര്‍ പറയുമ്പോള്‍ അതുണ്ടാക്കുന്ന ധൈര്യം ചെറുതല്ല. നമ്മുടെ വീട്ടിലെ ഭക്ഷണം ആര്‍ക്കെല്ലാം പകുത്തു കൊടുക്കണമെന്നു നാം ആലോചിക്കുന്നത് അപ്പോഴാണ്.

     മഞ്ജു വാര്യര്‍ പറയുന്നതിങ്ങനെ

    ഫ്‌ളാറ്റ് മുറികളില്‍ അടയ്ക്കപ്പെട്ടു സ്വന്തം ലോകം തീര്‍ത്തിരുന്ന പലരും പറഞ്ഞു, അയല്‍വാസിയെ കണ്ടതു സംസാരിച്ചതും ഈ ദിവസങ്ങളിലാണെന്ന്. പരസ്പരം പങ്കുവയ്ക്കുന്ന ഭക്ഷണത്തില്‍ സ്വാദു മാത്രമല്ല കരുതലും സ്‌നേഹവുമുണ്ടെന്നു മനസ്സിലായതും ഇപ്പോഴാണ്. ഇത്തരം എത്രയോ സ്‌നേഹ സന്ദേശങ്ങളും എനിക്കു കിട്ടുന്നു.

    മഞ്ജു വാര്യര്‍ പറയുന്നതിങ്ങനെ

    ഈ ദുരിതകാലത്തു നമുക്കു തുണയായി നില്‍ക്കുന്ന ഓരോരുത്തര്‍ക്കും വേണ്ടതു നമ്മുടെ കരുതലാണ്. വഴിയില്‍ നില്‍ക്കുന്നൊരു പൊലീസുകാരന്‍ എത്രയോ ദിവസമായി അവിടെ വെയിലത്തും രാത്രിയിലുമെല്ലാം നില്‍ക്കുകയാണെന്നു നമുക്കോര്‍ക്കാം. ആശുപത്രിയില്‍നിന്നും വീട്ടില്‍പോകാതെ ഏതെങ്കിലും ബഞ്ചിലുറങ്ങി ക്വാറന്റീന്‍ മുറിയിലേക്കു വീണ്ടും വീണ്ടും പോകുന്നവരാണു ഈ നാടിനെ രക്ഷിക്കുന്നതെന്നു നമുക്കോര്‍ക്കാം. ഇവരാരും നമ്മളോട് ഒന്നും ചോദിക്കുന്നില്ലെന്നും നമുക്കോര്‍ക്കാം. ഇതു തീര്‍ത്താല്‍ തീരാത്ത കടമാണ്.

    English summary
    Manju Warrier Talks About Police, Doctors
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X