മമ്മൂക്ക കനിഞ്ഞാല്‍ മഞ്ജു വാര്യരുടെ ഈ സ്വപ്‌നം നടക്കും! അതിന് വേണ്ടി കാത്തിരിക്കുകയാണെന്ന് മഞ്ജു!
മലയാളത്തിലും തമിഴിലും കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി മഞ്ജു വാര്യര്‍. മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച ലൂസിഫറാണ് മഞ്ജുവിന്റേതായി റിലീസിനെത്തിയ ഏറ്റവും പുതിയ ചിത്രം. ലൂസിഫറിലെ പ്രിയദര്‍ശിനി രാംദാസ് എന്ന മഞ്ജുവിന്റെ കഥാപാത്രത്തിന് വലിയ കൈയടിയായിരുന്നു ലഭിച്ചത്. ലൂസിഫറിന് തൊട്ട് മുന്‍പ് റിലീസിനെത്തിയ ഒടിയനിലും മഞ്ജുവായിരുന്നു നായിക.
ഇനി വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും നായിക മഞ്ജു തന്നെ. മുന്‍പ് ആറാം തമ്പൂരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബെത്‌ലഹേം, എന്നും എപ്പോഴും, വില്ലന്‍ എന്നിങ്ങനെ മോഹന്‍ലാലിനൊപ്പെം ഒരുപാട് സിനിമകളില്‍ അഭിനയിക്കാന്‍ മഞ്ജുവിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഏഴോളം സിനിമകളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞെങ്കിലും തന്റെ അടുത്ത സ്വപ്‌നം അതല്ലെന്ന് മഞ്ജു പറഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജു തന്റെ ആഗ്രഹത്തെ കുറിച്ച് മനസ് തുറന്നത്.

മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യുക എന്നതാണ് തന്റെ സ്വപ്‌നമെന്നാണ് മഞ്ജു പറയുന്നത്. അത് സംഭവിക്കാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണെന്നും മമ്മൂക്ക അതിന് സമ്മതം മൂളുമെന്നും പ്രോജക്ട് ഉടന്‍ ആരംഭിക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്നും നടി പറയുന്നു. പ്രേക്ഷകരും ഇതേ ആഗ്രഹത്തിലാണ്. മഞ്ജു മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന സിനിമ ഉടന്‍ ഉണ്ടാവട്ടെ എന്ന് ആരാധകരും പറയുന്നു.
നിലവില്‍ തമിഴില്‍ ധനുഷിനൊപ്പം അഭിനയിച്ച് കൊണ്ടിരിക്കുകയാണ് മഞ്ജുവിപ്പോള്‍. അസുരന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നിന്നും ലൊക്കേഷന്‍ ചിത്രങ്ങള്‍ ഈ ദിവസം പുറത്ത് വന്നിരുന്നു. സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന ജാക്ക് ആന്‍ഡ് ജില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മറ്റൊരു ചിത്രം.


Click it and Unblock the Notifications