പറഞ്ഞ് വെച്ചതായിരുന്നു, മഞ്ജുവിന് നഷ്ടപ്പെട്ട വലിയ സിനിമ, വേണ്ടെന്ന് വെച്ചതിന് കാരണം: സംവിധായകൻ ബാല
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഇന്ന് മഞ്ജു വാര്യർക്കുള്ള സ്വീകാര്യത ചെറുതല്ല. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകുന്ന മഞ്ജു ഇന്ന് മലയാളവും കടന്ന് തമിഴകത്തും പ്രിയങ്കരിയാണ്. പുതിയ ചിത്രം വിടുതലൈ 2 ൽ മികച്ച കഥാപാത്രമാണ് മഞ്ജുവിന് ലഭിച്ചത്. മലയാളത്തിലേക്കാളും തമിഴകത്താണ് മഞ്ജു കൂടുതൽ സജീവം. മലയാളത്തിൽ താരത്തിന് ഒരു ഹിറ്റ് ലഭിച്ചിട്ട് നാളേറെയായി. എന്നാൽ തമിഴിൽ തൊട്ടതെല്ലാം ഹിറ്റാക്കി മഞ്ജു മുന്നേറുന്നു.
അസുരൻ, തുനിവ്, വേട്ടയാൻ, വിടുതലെ 2 എന്നിവയാണ് മഞ്ജുവിന്റേതായി ഇതുവരെ പുറത്തിറങ്ങിയ തമിഴ് സിനിമകൾ. ഈ സിനിമകളെല്ലാം ശ്രദ്ധ നേടി. അതേസമയം തമിഴകത്ത് നടിക്ക് നഷ്ടപ്പെട്ട സിനിമകളുമുണ്ട്. നടക്കാതെ പോയ ഈ മഞ്ജു വാര്യർ ചിത്രം നടിയുടെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നായേനെ.

കുട്ര പരമ്പരെെ എന്ന സിനിമയാണ് മഞ്ജുവിനെ നായികയാക്കി സംവിധായകൻ ബാല ചെയ്യാനിരുന്നത്. എന്നാൽ ചിത്രം നടന്നില്ല. പുതിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് ബാല സംസാരിച്ചത്. വലിയ ബഡ്ജറ്റാകുന്ന സിനിമയായിരുന്നു. അങ്ങനെയാരു സിനിമ ചെയ്യേണ്ടെന്ന് വെച്ചു. വലിയ ജോലിയാകുമായിരുന്നു. അഭിനേതാക്കളോട് പ്രൊജക്ടിനെക്കുറിച്ച് സംസാരിച്ചിരുന്നു. പറഞ്ഞ് വെച്ചതാണ്. ഡേറ്റ് ബുക്ക് ചെയ്തിരുന്നില്ല. വിശാൽ, ആര്യ, അഥർവ, അരവിന്ദ് സ്വാമി, മഞ്ജു വാര്യർ എന്നിവരോടാണ് സംസാരിച്ചിരുന്നത്. ഇനി ആ സിനിമ സംഭവിക്കില്ലെന്നും ബാല വ്യക്തമാക്കി.
കുട്ര പരമ്പരെ ചെയ്യാനിരുന്ന സമയത്ത് ചില വിവാദങ്ങളുണ്ടായിരുന്നു. കഥയുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. കുട്ര പരമ്പരെ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയെന്നും ഇത് തങ്ങളുടെ കഥയാണെന്നും എഴുത്തുകാരൻ രത്നകുമാറും സംവിധായകൻ ഭാരതി രാജയും വാദിച്ചു. എന്നാൽ ബാല ഈ വാദം നിഷേധിച്ചു. വേല രാമ മൂർത്തിയുടെ കുറ്റൻ ചോറ് എന്ന നോവലിനെ ആസ്പദമാക്കിയാണ് തന്റെ സിനിമയെന്ന് ബാല വാദിച്ചു. ഈ തർക്കം കുറച്ച് നാൾ നീണ്ട് നിന്നു.

നേരത്തെ 96 എന്ന സിനിമയിലേക്കും മഞ്ജു വാര്യരെ പരിഗണിച്ചിരുന്നു. കരിയറിലെ തുടക്ക കാലത്ത് മഞ്ജുവിന് നഷ്ടപ്പെട്ട തമിഴ് സിനിമ കണ്ടു കൊണ്ടെയ്ൻ കണ്ടു കൊണ്ടെയ്ൻ ആണ്. മഞ്ജുവിന് പകരം ഐശ്വര്യ റായ് ഈ വേഷം ചെയ്തു. മലയാളത്തിൽ ചന്ദ്രലേഖ, ഫ്രണ്ട്സ് തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിലും ആദ്യം മഞ്ജു വാര്യരെയാണ് പരിഗണിച്ചത്. എന്നാൽ ആ കാലഘട്ടത്തിലായിരുന്നു നടിയുടെ വിവാഹം.
നഷ്ടപ്പെട്ട സിനിമകളിലൊന്നും മഞ്ജു വാര്യർക്ക് നിരാശയില്ല. നല്ല സിനിമകൾ എന്നും താരത്തെ തേടി വന്നിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് നടി വിവാഹം ചെയ്ത് കരിയർ വിട്ടത്. പിന്നീട് തിരിച്ചെത്തുന്നത് വർഷങ്ങൾക്ക് ശേഷമാണ്. എന്നാൽ ആ കാലഘട്ടത്തെക്കുറിച്ചും തനിക്ക് നിരാശയില്ലെന്നാണ് മഞ്ജു വാര്യർ പറയാറുള്ളത്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications