ഷൂട്ടിങ്ങിന് എത്തിയപ്പോൾ മഞ്ജു മൂഡ് ഓഫ്, പക്ഷെ ക്യാമറ ഓൺ ചെയ്താൽ മറ്റൊരാളാവും: കമൽ പറയുന്നു
മലയാള സിനിമയ്ക്ക് മികച്ച ഒരുപാട് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് കമൽ. പ്രത്യേകിച്ച്, സീനിയർ ഫിലിംമേക്കറുടെ റൊമാന്റിക് ചിത്രങ്ങൾക്ക് ഇന്നും വലിയ ആരാധക വൃന്ദം തന്നെയുണ്ട്. അതിൽ വച്ച് പ്രേക്ഷകർ ഏറ്റവും കൂടുതൽ സ്വീകരിച്ച ചിത്രങ്ങളിൽ ഒന്നാണ് 1997ൽ പുറത്തിറങ്ങിയ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്. ജയറാം, മഞ്ജു വാര്യർ, ബിജു മേനോൻ, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രത്തിലെ പാട്ടുകൾ, ഇന്നും സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
കുറച്ചു നാളുകൾക്ക് മുൻപ് കൗമുദി മൂവീസ് യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, തനിക്ക് പ്രണയ സിനിമകളുടെ സംവിധായകൻ എന്ന പേര് നേടിത്തന്ന കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തെക്കുറിച്ച് കമൽ സംസാരിച്ചിരുന്നു. അന്നത്തെ ഷൂട്ടിംഗ് ഓർമ്മകൾ പങ്കുവച്ച സീനിയർ സംവിധായകൻ, നായിക മഞ്ജു വാര്യരുടെ ജോലിയോടുള്ള അർപ്പണ ബോധത്തെ കുറിച്ചും, അപാരമായ കഴിവിനെ കുറിച്ചും രസകരമായ ചില വെളിപ്പെടുത്തലുകൾ നടത്തി.

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത്, മഞ്ജു വാര്യർ ആകെ മൂഡ് ഓഫ് ആയിരുന്നു എന്നാണ് കമൽ വെളിപ്പെടുത്തിയത്. അന്ന് ഷൂട്ടിങ്ങിന് എത്തുമ്പോൾ പ്രശസ്ത താരം ചില വ്യക്തിപരമായ പ്രശ്നങ്ങൾ നേരിടുകയായിരുന്നു എന്നും, അത് കൊണ്ട് തന്നെ ഷൂട്ടിങ്ങിന് ഇടയിൽ ചില പിരിമുറുക്കങ്ങളൊക്കെ നേരിട്ടിരുന്നുവെന്നും, സംവിധായകൻ തുറന്നു പറഞ്ഞു. പക്ഷെ, ആ അവസ്ഥയിൽ പോലും, ജോലിയോടുള്ള അർപ്പണ ബോധം കൊണ്ടും, അസാധ്യമായ പെർഫോമൻസ് കൊണ്ടും താരം തന്നെ അമ്പരപ്പിച്ചുവെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.
"കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ഷൂട്ടിംഗ് നടക്കുമ്പോൾ, കുറെ പിരിമുറുക്കങ്ങളും, പ്രശ്നങ്ങളും ഒക്കെ ഉണ്ടായിരുന്നു. കാരണം, നായിക മഞ്ജു വാര്യർക്ക് ചില കുടുംബ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. അതിന്റെ വിശാദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല. അപ്പോൾ മഞ്ജു എല്ലാ ദിവസവും ഷൂട്ടിങ്ങിന് എത്തുന്നത് ഭയങ്കര ടെൻഷനിലാണ്. അപ്പോൾ, കാലത്ത് ലൊക്കേഷനിൽ വരും, മഞ്ജു ഭയങ്കര മൂഡ് ഓഫ് ആയിട്ട് ഇരിക്കും. ഞാൻ ചെന്ന് മഞ്ജുവിനെ ഒന്ന് പ്രോത്സാഹിപ്പിച്ചു വിടും, "ഹാപ്പി ആവൂ, ഹാപ്പി ആവൂ," എന്നൊക്കെ പറഞ്ഞിട്ട്," കമൽ ഓർത്തെടുത്തു.

"പക്ഷെ ക്യാമറയുടെ മുന്നിൽ വന്നു കഴിഞ്ഞാൽ മഞ്ജു വാര്യർ വേറെ ഒരാളാണ്. മനസ്സിലായില്ലേ? മഞ്ജു വളരെ ഹാപ്പി ആയി, പ്രത്യേകിച്ച് ആ പാട്ടിന്റെ സീനുകളിൽ ഒക്കെ. ആ ക്യാരക്ടർ ഒക്കെ ആവാൻ വേണ്ടിയിട്ട് ഒരുപാട് എഫേർട്ട് ഇട്ടു. പ്രത്യേകിച്ച്, ആ കഴുത പുറത്ത് വരുന്ന സീനിൽ. മഞ്ജു കഴുതയുടെ പുറത്തു കേറി വരുമ്പോൾ ജയറാം കളിയാക്കുന്ന സീൻ ഉണ്ട്. ഷൂട്ടിങ്ങിന് വേണ്ടി ഒരു കഴുതയെ കൊണ്ട് വന്നു, അത് ഇങ്ങോട്ട് വിളിക്കുമ്പോൾ അങ്ങോട്ട് പോവും. ഇതിന്റെ പുറത്തു കയറുക എന്നത് വലിയൊരു അഭ്യാസമായിരുന്നു," പ്രശസ്ത സംവിധായകൻ വെളിപ്പെടുത്തി.
"മഞ്ജു അതിന്റെ പുറത്തു കേറാൻ ചെല്ലുമ്പോൾ അവരെ എന്തോ ഒരു ഭീകര ജീവിയെ കാണുന്നത് പോലെ നോക്കിയിട്ട്, അത് ഓടിക്കളയും. അപ്പോൾ ജയറാം തമാശ പറയും, കഴിഞ്ഞ ജന്മത്തിൽ മഞ്ജു കഴുതയായിരുന്നു എന്ന തോന്നുന്നേ, ഇത് പൂർവ്വജന്മത്തിലെ വൈരാഗ്യമാണ്," എന്ന്," സംവിധയകാൻ പറഞ്ഞു. എന്തായാലൂം എല്ലാവരും കൂടി കഴുതയെ പിടിച്ചു വച്ച് മഞ്ജുവിനെ അതിന്റെ പുറത്ത് കേറ്റി ഇരുത്തി. എന്തായാലും അതിന് ശേഷം പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇങ്ങനെ രസകരമായ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ചിത്രമാണ് അത്," കമൽ പറഞ്ഞു നിർത്തി.


Click it and Unblock the Notifications











