'തോളോട് തോൾ ചേർത്ത്... കൈവിടാത്ത സൗഹൃദം, എനിക്ക് നിന്നോട് സ്നേഹം മാത്രം'; ഭാവനയ്ക്ക് പിറന്നാൾ ആശംസിച്ച് മഞ്ജു!
കേരളത്തിലെ ഒരു സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾക്ക് പോലും നൽകാൻ കഴിയാത്ത കരുത്ത് സ്ത്രീ സമൂഹത്തിന് പകർന്ന് നൽകിയ അഭിനേത്രിയാണ് ഭാവന. എങ്ങനെ പ്രതിസന്ധികളെ അതിജീവിക്കണമെന്ന് ചോദിച്ചാൽ ഭാവനയെ ചൂണ്ടിക്കാണിച്ച് കൊടുക്കാം വരും തലമുറകൾക്ക്. നിരവധി മനുഷ്യരുടെ കുത്തുവാക്കുകളിൽ നിന്നും ഉയിർത്തെഴുന്നേറ്റ യഥാർത്ഥ നായികയാണ് മലയാളികൾക്ക് ഭാവന.
താൻ അനുഭവിച്ച ഒരു ക്രൂരതയിൽ നിന്നും നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയാറായ ഭാവന പോരാട്ടത്തിന്റെ പ്രതിരൂപം തന്നെയാണ്. ഇന്ന് മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് ആശംസകൾ നേർന്ന് താരത്തിന്റെ സിനിമാ സുഹൃത്തുക്കളും ആരാധകരുമെല്ലാം അർധരാത്രി മുതൽ കുറിപ്പുകൾ പങ്കുവെക്കുന്നുണ്ട്. നമ്മൾ സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയതാണ് ഭാവന.

സഹനടിയിൽ നിന്നും നായികയിലേക്കും പിന്നീട് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായികയായും ഭാവന മാറിയത് ചുരുങ്ങിയ കാലഘട്ടം കൊണ്ടാണ്. ആദ്യ സിനിമയിൽ സഹനടിയായിരുന്നുവെങ്കിലും പരിമളമെന്ന ഭാവനയുടെ കഥാപാത്രം എല്ലാവരുടെയും പ്രിയം നേടി. അതോടെ താരത്തിന് നിരവധി മികച്ച അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സാന്നിധ്യം അറിയിച്ച ഭാവന നാളുകള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവും നടത്തിയിരുന്നു.
ഇപ്പോഴിതാ ഭാവനയ്ക്ക് ഇന്ന് ലഭിച്ച പിറന്നാൾ ആശംസകളിൽ സോഷ്യൽമീഡിയ ഏറ്റെടുത്തത് നടി മഞ്ജു വാര്യർ പ്രിയ സുഹൃത്തിനെ കുറിച്ച് എഴുതിയ വരികളായിരുന്നു. എഴുതിയാലും പറഞ്ഞാലും എത്രത്തോളം സ്നേഹം തനിക്ക് ഭാവനയോടുണ്ടെന്നത് വിവരിക്കാൻ കഴിയില്ലെന്നാണ് മഞ്ജു പിറന്നാൾ കുറിപ്പിലൂടെ ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്.
പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍. സ്നേഹം... സ്നേഹം മാത്രം എന്നാണ് മഞ്ജു സോഷ്യൽമീഡിയയിൽ കുറിച്ചത്. ഭാവനയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മഞ്ജു ആശംസകള്‍ നേര്‍ന്നത്. ഇരുവരും സിനിമയിൽ വന്നശേഷം സുഹൃത്തുക്കളായവരാണെങ്കിലും സൗഹൃദത്തേക്കാൾ ഒരു സഹോദര ബന്ധമാണ് ഇരുവർക്കും ഇടയിലുള്ളതെന്ന് വ്യക്തമാണ്.
മഞ്ജുവിന്റെ കുറിപ്പ് വൈറലായതോടെ ഇരുവരുടെയും സൗഹൃദത്തിന് ആശംസകൾ അറിയിച്ചും നിരവധി പേർ എത്തി. തോളോട് തോൾ ചേർത്ത്... കൈവിടാത്ത സൗഹൃദമെന്നാണ് താരങ്ങളുടെ ഫോട്ടോയ്ക്ക് ആരാധകരിൽ ഒരാൾ നൽകിയ കമന്റ്.
മഞ്ജുവിന് പുറമെ ഭാവനയുടെ ആത്മസുഹൃത്തുക്കളായ ശിൽപ ബാല, മൃദുല, ഷഫ്ന, സംയുക്ത വർമ തുടങ്ങിയവരും ഭാവനയ്ക്ക് ബെർത്ത് ഡെ സ്പെഷ്യൽ കുറിപ്പുകളും വീഡിയോകളുമായി എത്തിയിട്ടുണ്ട്.

വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബാംഗ്ലൂരിൽ സെറ്റിൽഡാണ് ഭാവന. കേരളത്തിൽ വരുമ്പോൾ മഞ്ജുവിനേയും സംയുക്തയേയും സന്ദർശിക്കാതെ താരം മടങ്ങാറില്ല. കരുത്തിന്റെ പ്രതീകമാണ് ഭാവന. അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണം. തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദമാണ് ഭാവനെയെന്നും കുറച്ച് നാളുകൾക്ക് മുമ്പ് ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ മഞ്ജു വാര്യർ പറഞ്ഞിരുന്നു.
2017ൽ പൃഥ്വിരാജ് സിനിമ ആദം ജോണിൽ അഭിനയിച്ചശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഭാവന. അഞ്ച് വർഷത്തോളം നടി മലയാള സിനിമ ചെയ്തിരുന്നില്ല. മനപൂർവം ഇടവേളയെടുത്തതാണെന്ന് പിന്നീട് ഭാവന പറയുകയും ചെയ്തിരുന്നു. ശേഷം 2023ൽ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ച് വന്നത്.
അതിനുശേഷം തുടരെ തുടരെ നിരവധി മലയാള സിനിമകളുടെ ഭാഗമായി ഭാവന. നടിയുടെ ഏറ്റവും പുതിയ റിലീസ് ടൊവിനോ ചിത്രം നടികറായിരുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മലയാളത്തിൽ നിന്ന് മാറി നിന്നപ്പോഴും കന്നടയിൽ സജീവമായിരുന്നു ഭാവന. താരം സോഷ്യൽമീഡിയയിൽ സജീവമായതിനാൽ നടിയുടെ വിശേഷങ്ങൾ ആരാധകർക്ക് അറിയാൻ സാധിക്കാറുണ്ട്.


Click it and Unblock the Notifications