'ദിലീപിന്റെ ഫോൺ വന്നാൽ കൊടുക്കരുതെന്ന് മാധവേട്ടൻ പറഞ്ഞിരുന്നു'; എതിർപ്പിനെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ
നടൻ ദിലീപിന്റെ വ്യക്തി ജീവിതവും കരിയറും ഒരുപോലെ ചർച്ചയായതാണ്. തന്റെ സ്വകാര്യ ജീവിതം ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നതിനെക്കുറിച്ച് ദിലീപും ഒന്നിലേറെ അഭിമുഖങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഗോസിപ്പുകൾ കാര്യമാക്കുന്നില്ലെന്നാണ് ദിലീപ് പറയുന്നത്. കരിയറിലും ജീവിതത്തിലും പല ഘട്ടങ്ങൾ ദിലീപ് കണ്ടിട്ടുണ്ട്. മിമിക്രി കലാകാരനിൽ നിന്നും സഹ സംവിധായകനും നടനുമായി, പിന്നീട് മലയാളത്തിലെ സൂപ്പർതാരങ്ങളിൽ ഒരാളായി ദിലീപ് മാറി.
ഒരുപക്ഷെ കേസും വിവാദങ്ങളും ഇല്ലായിരുന്നെങ്കിൽ ദിലീപ് മലയാളത്തിലെ പ്രബല താരമായി ഇപ്പോഴും തുടർന്നേനെ. മഞ്ജു വാര്യരുമായുള്ള വേർപിരിയലും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. ഇപ്പോഴിതാ ദിലീപിനെക്കുറിച്ച് സംസാരിക്കുകയാണ് നിരവധി സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച നാരായണൻ നംഗലശ്ശേരി. ദിലീപ്-മഞ്ജു പ്രണയ കാലത്തെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചു. ഈ പ്രണയത്തിൽ മഞ്ജുവിന്റെ പിതാവ് ടിപി മാധവന് എതിർപ്പുണ്ടായിരുന്നെന്ന് നാരയണൻ നംഗലശ്ശേരി പറയുന്നു.

ഇരട്ടക്കുട്ടികളുടെ അച്ഛൻ ഇറങ്ങുന്ന സമയത്താണ് മാധവേട്ടൻ ദിലീപിന്റെ ഫോൺ കോൾ വന്നാൽ മഞ്ജുവിന് കൊടുക്കരുതെന്ന് പറയുന്നത്. അന്ന് മൊബൈൽ ഇല്ല, ലാന്റ് ഫോണാണ്. അത് തെറ്റായിപ്പോകും, മാധവേട്ടൻ തന്നെ റിസപ്ഷനിൽ പറഞ്ഞേക്കെന്ന് ഞാൻ പറഞ്ഞു. അങ്ങനെ കൊടുക്കാതിരിക്കാൻ പറ്റില്ലെന്ന് റിസപ്ഷനിൽ നിന്നും പറഞ്ഞെന്നും ഇദ്ദേഹം ഓർത്തു. പിന്നീട് താനൊരു ഉദ്ഘാടനത്തിന് വിളിച്ചപ്പോഴാണ് മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹക്കാര്യം താനറിയുന്നതെന്നും നാരായണൻ നംഗലശ്ശേരി വ്യക്തമാക്കി. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
ദിലീപിന് കരിയറിലെ തുടക്ക കാലത്ത് അവസരമൊരുക്കിയത് താനാണെന്ന് നാരായണൻ നംഗലശ്ശേരി പറയുന്നു. ദിലീപ് കമൽ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു. കമൽ സാറോട് തനിക്ക് അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറയാൻ ദിലീപ് മടിച്ചു. തന്നോട് ഇക്കാര്യം പറഞ്ഞു. താൻ മുഖേനെയാണ് കമലിനോട് ഇക്കാര്യം പറയുന്നത്.

അങ്ങനെയാണ് ദിലീപിന് നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നത്. ഇന്നും ദിലീപിന് തന്നോട് ആ ബഹുമാനമുണ്ടെന്ന് ഇദ്ദേഹം പറയുന്നു. എന്നെ കണ്ടാൽ പിടിച്ചിരുത്തും. ഭക്ഷണം കഴിക്കാതെ വിടില്ല. ദിലീപ് ഇപ്പോൾ നേരിടുന്ന വിവാദങ്ങൾ കൂടെ നടന്നവർ വഞ്ചിച്ചത് കാരണമാണെന്നും നാരായണൻ നംഗലശ്ശേരി വാദിക്കുന്നു.
ദിലീപ്-മഞ്ജു പ്രണയത്തെ മഞ്ജുവിന്റെ മാതാപിതാക്കൾ എതിർത്തതിനെക്കുറിച്ച് സിബി മലയിൽ, ലാൽ ജോസ് തുടങ്ങിയ സംവിധായകർ നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്. പ്രണയവർണങ്ങൾ എന്ന സിനിമ ചെയ്യുന്ന സമയത്ത് മഞ്ജു-ദിലീപ് പ്രണയത്തെക്കുറിച്ചുള്ള ആശങ്ക മഞ്ജുവിന്റെ അമ്മ ഗിരിജ വാര്യർ തന്നോട് പങ്കുവെച്ചിരുന്നു എന്നാണ് സിബി മലയിൽ പറഞ്ഞത്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രഞ്ജിത്തിന്റെ കൈയിൽ മാത്രമായിരുന്നു അന്ന് ഫോൺ. രഞ്ജിത്ത് ആയിരുന്നു അവരുടെ കണക്ടിംഗ് ലിങ്ക്. അന്നൊക്കെ മഞ്ജുവിന്റെ അമ്മ തന്നോട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സാറൊന്ന് പറണമെന്ന് അവർ തന്നോട് പറഞ്ഞു. എന്നാൽ വ്യക്തിപരമായ കാര്യത്തിൽ ഇടപെടാൻ പറ്റില്ലെന്ന് താൻ മറുപടി നൽകിയെന്നും സിബി മലയിൽ അന്ന് വ്യക്തമാക്കി.
ഒരു മറവത്തൂർ കനവ് എന്ന തന്റെ സിനിമയിൽ മഞ്ജു നായികയാകാതിരുന്നതിന് കാരണം നടിയുടെ അച്ഛന്റെ എതിർപ്പാണെന്നാണ് ലാൽ ജോസ് പറഞ്ഞത്. ദിലീപ് തന്റെ സുഹൃത്തായതാണ് ഇതിന് കാരണമെന്നും സംവിധായകൻ അന്ന് വ്യക്തമാക്കി. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മഞ്ജു വാര്യർ ദിലീപിനെ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷം നടി സിനിമാ രംഗം വിട്ടു. വിവാഹമോചനത്തിന് ശേഷമാണ് മഞ്ജു വാര്യർ കരിയറിലേക്ക് തിരിച്ചെത്തുന്നത്.


Click it and Unblock the Notifications