കൊടൈക്കനാലിലെ തണുപ്പിലും കുളിക്കും, ശരിക്കും ഭയങ്കര വൃത്തിയാണ്; സുധിയെക്കുറിച്ച് ദീപക് പറമ്പോല്‍
ചിദംബരം സംവിധാനം ചെയ്ത സര്‍വൈവര്‍ ത്രില്ലര്‍ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഒരു പ്രധാന വേഷം ചെയ്ത നടനാണ് ദീപക് പറമ്പോല്‍. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടന്‍ ചെറുതും വലുതുമായ നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ രമേശന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിനീതിന്റെ തന്നെ തട്ടത്തിന്‍ മറയത്തിലും തിരയിലും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. കണ്ണൂര്‍ സ്‌ക്വാഡിലെ വില്ലന്‍ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.

ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സില്‍ അഭിനയിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ നിന്ന് വരെ തന്നെ ആളുകള്‍ വിളിച്ച് അഭിനന്ദിക്കുന്നുണ്ടെന്നും ദീപക് പറയുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിലെ സുധി എന്ന കഥാപാത്രമാണ് ഇവരെ കൊടൈക്കനാല്‍ നിര്‍ദേശിക്കുന്നതും ഗുണ കേവ് കാണിക്കാന്‍ കൂട്ടിക്കൊണ്ടു പോവുന്നതും. വൃത്തിയുള്ള കഥാപാത്രമായാണ് സുധിയെ സ്‌ക്രീനില്‍ കാണിക്കുന്നത്. സുധി യഥാര്‍ത്ഥത്തില്‍ വൃത്തിയുള്ള കഥാപാത്രമാണെന്നാണ് ദീപക് റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
'സിനിമ ചെയ്യുന്ന സമയത്ത് ഒരു ചന്ദന കുറി എന്തായാലും വേണമെന്ന് പറഞ്ഞു. ഞാന്‍ ഈ സുധി എന്ന് പറയുന്ന കഥാപാത്രത്തെ കണ്ടിട്ടുണ്ടായിരുന്നില്ല. പുള്ളി അന്ന് പോളണ്ടിലാണ്. റിലീസിന്റെ സമയത്താണ് നേരിട്ട് കാണുന്നത്. സെറ്റില്‍ വെച്ച് ഒരു തവണ വീഡിയോ കോള്‍ ചെയ്തിട്ടുണ്ടായിരുന്നു. അല്ലാതെ കണ്ടിട്ടുണ്ടായിരുന്നില്ല. ഭയങ്കര വൃത്തിയുള്ള ആളാണ് സുധി. അത് അവരുടെ സുഹൃത്തുക്കളും പറഞ്ഞിരുന്നു,' ദീപക് പറയുന്നു.
കൂട്ടത്തില്‍ രണ്ട് മൂന്നെണ്ണം അടിച്ചാല്‍ പോയി കുളിക്കും. കുളിച്ചിട്ട് ഒരു കുറിയൊക്കെ തൊട്ടിട്ട് വന്നാല്‍ ഇവന്‍ അടിച്ചിട്ടുണ്ടോ എന്ന് തോന്നിപ്പോവും. അങ്ങനെയാണ് സുധിയുടെ കഥാപാത്രം. ദിവസം രണ്ട് മൂന്ന് തവണ എന്തായാലും കുളിക്കും. കൊടൈക്കനാലില്‍ പോയിട്ടും ആ തണുപ്പത്തും പുള്ളി കുളിച്ചിട്ടുണ്ട്. അത് ആ പാട്ടിന്റ സീനില്‍ കാണിക്കുന്നുമുണ്ടെന്നും ദീപക് പറയുന്നു.
അതിന് ശേഷം സുധിയുടെ ഭാര്യ എനിക്ക് സുധി ഇങ്ങനെ തന്നെയാണെന്ന് കാണിച്ച് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചിരുന്നു. ഇത് ഞാന്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് സ്‌റ്റോറി ഇട്ടോട്ടെ ചോദിച്ചു, ഇട്ടോളാന്‍ അവര് പറയുകയും ചെയ്തു. സിനിമയില്‍ കാണിച്ചതു പോലെ തന്നെയാണ് സുധി, ചന്ദനക്കുറിയൊക്കെ തൊടും എന്നാണ് അവര് പറഞ്ഞത്. അത് ഭയങ്കര സന്തോഷമുള്ള കാര്യമായിരുന്നു എന്നും ദീപക്ക് പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ട് ഇവരുടെയൊക്കെ ഇന്റര്‍വ്യു ചിദംബരം എടുത്തിട്ടുണ്ടായിരുന്നു. 11 പേരുടെയും ഒന്നര മണിക്കൂര്‍ ഒക്കെ ഉള്ള ഇന്റര്‍വ്യു ആയിരുന്നു അത്. അത് കേട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. സിനിമ ഇറങ്ങിയതുകൊണ്ട് ഇത് ഭയങ്കര സംഭവമാണെന്ന് നമുക്ക് പറയാം.
അല്ലാതെ തന്നെ ഇത് കേട്ട് കഴിഞ്ഞപ്പോള്‍ ഇവരുടെ സൗഹൃദത്തിന്റെ കഥ ഭയങ്കര സംഭവമാണ്. അത്രയും പ്രശ്‌നങ്ങള്‍ ഉള്ള കുഴിയില്‍ ആര് ഇറങ്ങും എന്നുള്ളത് പോലും ചോദ്യമാണ്. നിരവധി ആളുകള്‍ മരിച്ച, പ്രേതമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇത്രയും ആഴമുള്ള കുഴിയില്‍ ആര് ഇറങ്ങും എന്നത് തന്നെ വലിയ കാര്യമാണെന്നും ദീപക് പറഞ്ഞു.


Click it and Unblock the Notifications











