'ഗുണ കേവിലിപ്പോൾ ഉപ്പുസോഡക്ക് 75 രൂപയാണ്, പുള്ളി കയ്യിൽ നിന്നും ഇട്ടതാണ്, ഈ സിനിമ കാരണം അദ്ദേഹത്തെ തൊട്ടു'
സുഷിൻ ശ്യാം പറഞ്ഞതുപോലെ മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റി. തമിഴ്നാട്ടിൽ അടക്കം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. റിലീസ് ചെയ്ത് 12-ാം ദിനം 100 കോടി കളക്ഷന്‍ എന്ന ഉജ്വല നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. മോളിവുഡിന്‍റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 100 കോടി ക്ലബ്ബ് പ്രവേശനം കൂടിയാണിത്.
ജാന എ മന്നിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം തമിഴ്നാട്ടില്‍ ഒരു മലയാള സിനിമ നേടിയ ഏറ്റവും വലിയ വിജയമായി മാറി. തമിഴ്നാട്ടില്‍ നിന്ന് മാത്രം 15 കോടിയിലധികമാണ് മഞ്ഞുമ്മല്‍ ബോയ്സ് നേടിയത്. ഇന്ത്യയിൽ നിന്നുമാത്രം 56 കോടിയാണ് ചിത്രം കലക്ട് ചെയ്തത്. വിദേശത്ത് നിന്നും നാൽപതുകോടിക്ക് മുകളിൽ കളക്ഷന്‍ ലഭിച്ചു.

ചിത്രത്തിലെ പതിനൊന്ന് ചെറുപ്പക്കാരിൽ സുധിയെന്ന കഥാപാത്രം ചെയ്തത് യുവനടൻ ദീപക് പറമ്പോലായിരുന്നു. ഇതുവരെയുള്ള കരിയറിൽ ദീപിക്കിന് ലഭിച്ച ഏറ്റവും ജനപ്രിയ കഥാപാത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സിലെ സുധി. ഗുണ കേവിലെ കുഴിയില്‍ വീണ സുഭാഷിനെ രക്ഷിക്കാന്‍ കുട്ടേട്ടന്‍ ഇറങ്ങുമ്പോള്‍ കുട്ടേട്ടനോട് സുധിയുടെ കഥാപാത്രം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
അതിന് കുട്ടേട്ടന്‍ തിരിച്ച് ചോദിക്കുന്ന ഒരു ചോദ്യത്തിന് സുധി പറയുന്ന മറുപടിയ്ക്ക് വലിയ കയ്യടികളായിരുന്നു തിയേറ്ററില്‍ ലഭിച്ചത്. അവിടം മുതലാണ് ദീപക്കിന്റെ കഥാപാത്രം പ്രേക്ഷകർ ഏറ്റെടുക്കുന്നത്. പ്രതീക്ഷിക്കാത്ത വിജയം മഞ്ഞുമ്മൽ ബോയ്സ് നേടുമ്പോൾ ആ സിനിമയുടെ ഭാഗമായതിന്റെ സന്തോഷവും ഷൂട്ടിങ് സമയത്തെ അനുഭവവും റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പങ്കിട്ടിരിക്കുകയാണ് ഇപ്പോൾ ദീപക് പറമ്പോൽ.
'നീ ഇറങ്ങിയില്ലെങ്കില്‍ ഞാന്‍ ഇറങ്ങുമെന്ന ആ ഡയലോഗിന് വലിയ സ്വീകാര്യത ലഭിച്ചു. നമ്മള്‍ വെറുതെ പറഞ്ഞിട്ട് കാര്യമില്ല. റൈറ്റ് ടൈമില്‍ പറയണം. ആ ഫീല്‍ കിട്ടണം. അതിന് സിനിമ സഹായിച്ചിട്ടുണ്ട്. അത്തരത്തിലുള്ളൊരു ഡയലോഗ് പറയാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഞാനല്ല ആര് പറഞ്ഞാലും വര്‍ക്ക് ഔട്ടാകുമായിരുന്നു. പക്ഷെ എനിക്ക് അതിനുള്ള ഭാഗ്യമുണ്ടായി. ഡയലോഗ് ആ രീതിയില്‍ പറയാനുള്ള എഫേര്‍ട്ടും ഞാന്‍ എടുത്തിട്ടുണ്ട്.'
'ശരിക്കും പറഞ്ഞാല്‍ സുഭാഷിനെ രക്ഷിക്കാന്‍ വേണ്ടി ബാക്കിയുള്ള പത്താള്‍ക്കാരും കുഴിയില്‍ ഇറങ്ങാന്‍ റെഡിയാണ്. അവര്‍ തന്നെ അത് പല അഭിമുഖങ്ങളിലും പറയുന്നുണ്ട്. ഇവനെ കൊണ്ടേ തിരിച്ചുപോരുള്ളൂ. അല്ലെങ്കില്‍ എല്ലാവരും ചാടും. അത്രയും ഫ്രണ്ട്ഷിപ്പാണ് അവര്‍ തമ്മില്‍. എന്നാല്‍ സിനിമയിലേക്ക് വരുമ്പോള്‍ ഞാന്‍ ഇറങ്ങും ഞാന്‍ ഇറങ്ങുമെന്ന് എല്ലാവരും കൂടി പറഞ്ഞ് കഴിഞ്ഞാല്‍ അത് സിനിമയില്‍ ഇംപാക്ടുണ്ടാക്കില്ല.'

'ഇവിടെ സുധിയുടെ കഥാപാത്രം തമിഴ് അറിയുന്ന ആളാണ്. കോണ്‍ട്രാക്ടറാണ്. തമിഴന്മാരുമായി സംസാരിക്കുന്ന ആളാണ്. അതുകൊണ്ട് തമിഴ് അറിയുന്ന കഥാപാത്രം വേണം ഇവര്‍ പറയുന്ന കാര്യങ്ങള്‍ കുട്ടേട്ടനുമായി കമ്യൂണിക്കേറ്റ് ചെയ്യാന്‍. അതുകൊണ്ടാണ് എന്റെ കഥാപാത്രം അവിടെ നില്‍ക്കുന്നത്. റിയല്‍ ലൈഫില്‍ എല്ലാവരും ചാടാന്‍ തയ്യാറായിരുന്നു. കാരണം സുഭാഷില്ലാതെ അവര്‍ തിരിച്ചുപോകില്ല. എനിക്ക് അധികം സുഹൃത്തുക്കളില്ല.'
'പക്ഷെ ഭയങ്കര ആത്മാര്‍ത്ഥത ഉള്ളവരാണ് എല്ലാവരും. അവര്‍ക്ക് എന്ത് പ്രശ്‌നം വന്നാലും നമ്മള്‍ ഏതറ്റം വരെയും പോകും. ഗുണ കേവിൽ ഇപ്പോൾ ഒരു ഉപ്പുസോഡക്ക് 75 രൂപയാണ് വില. എന്റെ ഒരു സുഹൃത്ത് അടുത്തിടെ അവിടെ പോയിരുന്നു. മഞ്ഞുമ്മൽ ബോയ്സ് കൊണ്ടുണ്ടായ വലിയൊരു സന്തോഷം കമൽ ഹാസൻ സാറിനെ ഇങ്ങനെ തൊടാൻ പറ്റി എന്നതാണ്. ഷേക്ക് ഹാൻഡ് കൊടുത്തു. സാറിന്റെ കൂടെ ഒരു ഫോട്ടോ എടുക്കാൻ പറ്റി. സാർ നമ്മുടെ സിനിമ രണ്ട് പ്രാവശ്യം കണ്ടുവെന്ന് എനിക്ക് തോന്നുന്നു. അവരുടെ ക്രൂ മുഴുവൻ കാണുന്ന ഒരു വീഡിയോയുണ്ടായിരുന്നു.'
'നമ്മൾ പോകുന്ന അന്ന് രാവിലെയാണ് കണ്ടത്. കണ്ടതിനുശേഷമാണ് നമ്മൾ അവിടെ എത്തുന്നത്. ഫ്രഷ് ആയിട്ട് കണ്ടതിനുശേഷമാണ് പുള്ളി പടത്തിനെക്കുറിച്ച് സംസാരിച്ചത്. പുള്ളിക്ക് നല്ല ഇഷ്ടപ്പെട്ടു. പുള്ളി എന്തുകൊണ്ട് ചിന്തിച്ചില്ലെന്ന് തോന്നുന്ന സംഭവമൊക്കെ പറഞ്ഞു. ഗുണയുടെ ഡയറക്ടർ പുള്ളിയോട് പറഞ്ഞിട്ടുണ്ടായിരുന്നു മനിതർ ഉണർന്നതുകൊള്ള ഇത് മനിത കാതൽ അല്ല എന്ന് പറയുമ്പോൾ രോമാഞ്ചം വരുമെന്ന്.'
'അതുപോലെ പതിനൊന്ന് പേരെയും നന്നായി തന്നെ നിർമാതാവ് കൂടിയായ സൗബിനിക്ക ട്രീറ്റ് ചെയ്തു. ചിദുവൊക്കെ കൂളായാണ് സിനിമ ഷൂട്ട് ചെയ്തത്. ജീൻ പോൾ പലതും കയ്യിൽ നിന്ന് ഇട്ട എക്സ്പ്രഷൻസാണ്. ആരും പറഞ്ഞിട്ടൊന്നുമല്ല. ഞാൻ തന്നെ ഷൂട്ടിനിടെ ചിരിച്ച് പോയിട്ടുണ്ട്. അടിപൊളിയായി പുള്ളി ആ ക്യാരക്ടർ ചെയ്തിട്ടുണ്ടെന്നാണ്', ദീപക് വിശേഷങ്ങൾ പങ്കിട്ട് പറഞ്ഞത്.


Click it and Unblock the Notifications











