'ടിഫിൻ ബോക്സ് കിട്ടണം... പിക്ക് ചെയ്യാൻ കാറ് വരണം, ഈ രണ്ട് ആഗ്രഹങ്ങളുടെ പേരിലാണ് സിനിമയിൽ അഭിനയിച്ചത്'
പാലും പഴവും കൈകളിലേന്തി.... പാലും പഴവും കൈകളിലേന്തി... ഗണപതിയെന്ന നടനെ കാണുമ്പോൾ ആരും അറിയാതെ മൂളുന്ന ഒരു പാട്ടാണിത്. വിനോദയാത്രയെന്ന സിനിമയിൽ ദിലീപിന് മുമ്പിൽ പാലും പഴവും കൈകളിലേന്തി എന്ന പാട്ട് തൊണ്ടപൊട്ടി പാടിയ കുഞ്ഞു ഗണപതി ഇപ്പോഴും മലയാളികൾക്ക് പ്രിയങ്കരനാണ്. 28കാരനായ ഗണപതി 2007 മുതൽ മലയാള സിനിമയുടെ ഭാഗമാണ്. ബാലതാരമായിട്ടാണ് ഗണപതി അഭിനയിച്ച് തുടങ്ങിയത്.
വിനോദയാത്രയ്ക്ക് ശേഷം അലി ഭായ്, ചിത്രശലഭങ്ങളുടെ വീട്, ഇന്നത്തെ ചിന്താവിഷയം, ലോലിപോപ്പ്, പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് തുടങ്ങി നിരവധി സിനിമകളിലും ബാലതാരമായി അഭിനയിച്ചു. മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച ഒരു പരസ്യചിത്രമാണ് ഗണപതിയെന്ന നടനെ വിനോദയാത്ര എന്ന ദിലീപ് ചിത്രത്തിലേക്ക് എത്തിച്ചത്. പിന്നീട് ഗണപതിക്ക് തിരക്കുള്ള കാലമായിരുന്നു. മലയാളത്തിലെ ഒട്ടനവധി സിനിമകളുടെ ഭാഗമായശേഷം 2018ൽ നായകനായും ഗണപതി അരങ്ങേറി.

വള്ളിക്കുടിലിലെ വെള്ളക്കാരനായിരുന്നു സിനിമ. ചിത്രം പക്ഷെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് നായകനായിട്ടില്ലെങ്കിലും നിരവധി സിനിമകളിൽ സഹനടൻ വേഷങ്ങളിൽ തിളങ്ങി. ഇപ്പോൾ ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല പിന്നിലും ഗണപതി സജീവമാണ്. ചങ്ക്സ്, പുത്തന്‍ പണം, ജോര്‍ജ്ജേട്ടന്‍സ് പൂരം, ഹണി ബീ, കവി ഉദ്ദേശിച്ചത്, നല്ല നിലാവുള്ള രാത്രി, പദ്മിനി, മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് ഗണപതിയുടെ അവസാനം പുറത്തിറങ്ങിയ സിനിമകൾ.
മഞ്ഞുമ്മൽ ബോയ്സിൽ ഒരു സുപ്രധാന വേഷവും ഗണപതി ചെയ്തിട്ടുണ്ട്. ഗണപതിയുടെ ചേട്ടൻ ചിദംബരമാണ് മഞ്ഞുമ്മൽ ബോയ്സ് സംവിധാനം ചെയ്തത്. കാസ്റ്റിങ് ഡയറക്ടർ ഗണപതിയായിരുന്നു. ഗണപതിയുടെ കാസ്റ്റിങ് തന്നെയായിരുന്നു സിനിമയുടെ ഏറ്റവും വലിയ പ്ലസ്.
കുറച്ച് ദിവസം മുമ്പാണ് എറണാകുളം മഞ്ഞുമ്മൽ താമസക്കാരായ പതിനൊന്ന് യുവാക്കളുടെ ജീവിതത്തിലുണ്ടായ ഒരു അപ്രതീക്ഷിത സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിലെത്തിയത്. പലരും മഞ്ഞുമ്മൽ ബോയ്സിന്റെ അനുഭവം സിനിമയാക്കാൻ മുമ്പ് ശ്രമിച്ചിട്ടുണ്ടെങ്കിലും സാധിച്ചിട്ടില്ല.
ചിദംബരം മാത്രമാണ് സിനിമ എന്ന രീതിയിലേക്ക് ആ സംഭവത്തെ എത്തിച്ചത്. കോടികൾ മുടക്കി ഷൂട്ടിങിനായി ഗുണ കേവ് തന്നെ സിനിമയുടെ അണിയറപ്രവർത്തകർ പെരുമ്പാവൂരിൽ ഒരുക്കിയിരുന്നു. ഇപ്പോൾ തിയേറ്ററുകളിൽ ഏറ്റവും സക്സസ് ഫുള്ളായി ഓടുന്ന സിനിമകളിൽ ഒന്ന് കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഗണപതിയും കൂട്ടുകാരും മീഡിയ വണ്ണിന് നൽകിയ അഭിമുഖം വൈറലാണ്. അഭിമുഖത്തിനിടെ താൻ സിനിമയിലേക്ക് എത്തിയ കഥ ഗണപതി വെളിപ്പെടുത്തി. ചേട്ടൻ ചിദംബരത്തിനോടുള്ള വാശിയാണ് തന്നെ സിനിമയിലേക്ക് എത്തിച്ചതെന്നാണ് ഗണപതി പറയുന്നത്. 'ഞാനും ചിദംബരവും ചെറുപ്പം മുതൽ ഡബ്ബിങ് ആർട്ടിസ്റ്റുകളാണ്.'
'പണ്ട് ഭക്തി സീരിയലുകൾക്ക് ഡബ്ബ് ചെയ്യാൻ നിരന്തരം മെറിലാന്റ് സ്റ്റുഡിയോയിൽ വരുമായിരുന്നു. അങ്ങനെയാണ് ഞാനും ചിദുവും ഒരുമിച്ച് വർക്ക് ചെയ്ത് തുടങ്ങുന്നത്. ഒരു മാസം കഴിഞ്ഞപ്പോൾ ചിദുവിന് മനസിലായി ഇതൊന്നും നടപടിയാവില്ല. അങ്ങനെ ചിദു അത് വിട്ടു. ചിദു കാരണമാണ് ഞാൻ നടനാകുന്നത്. ചിദു എന്നെക്കാൾ മുമ്പ് നടനാണ്. ആലിപ്പഴം എന്ന സീരിയലിൽ ഒരു മുഴുനീള വേഷം ചിദു ചെയ്തിട്ടുണ്ട്.'
'അതുപോലെ ആ സമയത്ത് ചിദുവിന് സെറ്റിൽ നിന്നും ചപ്പാത്തിയും ചിക്കനും അടങ്ങിയ ടിഫിൻ ബോക്സ് കിട്ടുമായിരുന്നു. അത് അവൻ ഇടയ്ക്ക് എനിക്കും തരും ചിലപ്പോൾ തരില്ല. അത് എനിക്ക് വലിയ പ്രശ്നമായി. അങ്ങനെ ചപ്പാത്തിയും ചിക്കനും അടങ്ങിയ ടിഫിൻ ബോക്സ് കിട്ടണമെന്ന വാശിയിലാണ് സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. പിന്നെ പിക്ക് ചെയ്യാൻ കാറ് വരണമെന്ന ആഗ്രഹവുമുണ്ടായിരുന്നു', എന്നാണ് ഗണപതി അഭിനയിച്ച് തുടങ്ങിയ കഥ വെളിപ്പെടുത്തി പറഞ്ഞത്.


Click it and Unblock the Notifications











