'അന്ന് നിരവധി പ്രണയ ലേഖനങ്ങളും സമ്മാനങ്ങളും ലഭിക്കുമായിരുന്നു, കേരളത്തിൽ നിന്നും വിവാഹം ചെയ്യാൻ ഇഷ്ടമാണ്'
ചിലരെ എന്നേക്കുമായി ആളുകൾ ഓർക്കാൻ അവർ ഒട്ടനവധി സിനിമകൾ ചെയ്യേണ്ട കാര്യമില്ല. അത്തരത്തിൽ വിരലിലെണ്ണാവുന്ന മലയാള സിനിമകൾ മാത്രം ചെയ്ത് മലയാളികൾക്ക് സുപരിചിതരായി മാറിയ നിരവധി താരങ്ങളുണ്ട്. അവരിൽ ഏറെയും നായികമാരാണ്. അക്കൂട്ടത്തിൽ ഒരാളാണ് കമൽ ചിത്രം മഞ്ഞുപോലൊരു പെൺകുട്ടിയിൽ നായികയായി എത്തി ഒരു കാലത്ത് കേരളത്തിലെ ആൺകുട്ടികളുടെ ക്രഷായിരുന്ന അമൃത പ്രകാശ്. മഞ്ഞുപോലൊരു പെൺകുട്ടിയിലെ നിധിയാണ് ഇന്നും മലയാളികൾക്ക് അമൃത പ്രകാശ്. സിനിമ റിലീസ് ചെയ്ത സമയത്ത് എല്ലാവരും ധരിച്ചത് താരം മലയാളിയാണെന്നാണ്. എന്നാൽ അങ്ങനെയല്ല.
നോർത്ത് ഇന്ത്യക്കാരിയായ അമൃത പക്ഷെ കുറച്ച് കാലം പഠിച്ചതും വളർന്നതും കേരളത്തിലായിരുന്നുവെന്ന് മാത്രം. മലയാളത്തിൽ അഭിനയിക്കുന്നില്ലെന്ന് കരുതി അമൃത അഭിനയം ഉപേക്ഷിച്ചിട്ടില്ല. പക്ഷെ ഇപ്പോഴത്തെ പ്രധാന തട്ടകം ബോളിവുഡാണെന്ന് മാത്രം. മഞ്ഞുപോലൊരു പെൺകുട്ടി റിലീസ് ചെയ്തിട്ട് 20 വർഷം പിന്നിടുമ്പോൾ ആദ്യമായി അമൃത ഒരു മലയാളം മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ്.

ബിഹൈൻവുഡ്സ് ഐസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇരുപത് വർഷത്തെ തന്റെ ജീവിതത്തെ കുറിച്ചും മഞ്ഞുപോലൊരു പെൺകുട്ടി സിനിമയുടെ ഷൂട്ടിങ് ഓർമകളും പങ്കിട്ടു. പ്രായം മുപ്പത് പിന്നിട്ടെങ്കിലും ഇപ്പോഴും അമൃത പ്ലസ് ടുക്കാരിയുടെ ചെറുപ്പത്തോടെ അതീവ സുന്ദരിയാണ്. അമൃതയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഇപ്പോൾ താമസം മുംബൈയിലാണ്.
ഹെൽത്തിയും ഫിറ്റുമായി ഇരിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പിന്നെ ജെനിറ്റിക്സിനും വലിയൊരു പങ്കുണ്ട്. മലയാളം എനിക്ക് അറിയാം. വളർന്നത് കേരളത്തിലാണ്. പലർക്കും അത് അറിയില്ല. പക്ഷെ ഞാൻ മലയാളിയല്ല. അവിടെയല്ല ജനിച്ചതും.
കൂടാതെ കേരളത്തിലെ സ്കൂളിൽ പഠിച്ചിട്ടുമുണ്ട്. മലയാളം മനസിലാകുമെങ്കിലും സംസാരിക്കാൻ കഴിയില്ല. മഞ്ഞുപോലൊരു പെൺകുട്ടിക്കുശേഷം തിരികെ ബോംബെയിൽ വന്നു. അതിനുശേഷം ഇതുവരെയും അഭിനയത്തിൽ സജീവമായിരുന്നു.
ഹിന്ദി സിനിമ, ടെലിവിഷൻ ആഡ്സിൽ എല്ലാം അഭിനയിച്ചു. പക്ഷെ എന്തുകൊണ്ടോ മലയാളം ഇൻഡസ്ട്രിയിലേക്ക് തിരികെ വരാൻ കഴിഞ്ഞില്ല. മഞ്ഞുപോലൊരു പെൺകുട്ടിക്കുശേഷം അവസരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഞാൻ വളരെ ചെറിയ കുട്ടിയായിരുന്നു. അതുകൊണ്ട് പഠനം പൂർത്തിയാക്കുന്നതിന് പ്രാധാന്യം കൊടുക്കാമെന്ന് കരുതി.
മഞ്ഞുപോലൊരു പെൺകുട്ടി ചെയ്യുമ്പോൾ പ്ലസ് ടുവിലായിരുന്നു. മാത്രമല്ല പരീക്ഷകൾ അടുത്ത സമയവും. പിന്നീട് ഉന്നത പഠനത്തിനുപോയി. മലയാളികൾ എന്നെ മിസ് ചെയ്തതുപോലെ അവരെ ഞാനും മിസ് ചെയ്തു. എന്റെ പ്രായം എത്രയാണെന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ കുറഞ്ഞത് അഞ്ച് ഉത്തരമെങ്കിലും ലഭിക്കും. അത് വളരെ രസകരമാണ്.
ഞാൻ ആദ്യമായി ചെയ്ത പരസ്യം ചെരുപ്പിന്റേതാണ്. അന്ന് പ്രായം മൂന്നര വയസായിരുന്നു. കേരളത്തിൽ വെച്ച് തന്നെയാണ് കരിയർ ആരംഭിച്ചത്. ആദ്യത്തേത് മലയാളം പരസ്യവുമായിരുന്നു. പിന്നെ പോപ്പികുടയുടെ പരസ്യത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്.

പിന്നീട് ബോംബെയിൽ എത്തിയശേഷം കിഡ്സ് ഷോയുടെ അവതാരകയായിരുന്നു അഞ്ച് വർഷത്തോളം. ശേഷം ഇന്ത്യയിലെ ആദ്യത്തെ റിയാലിറ്റി ഷോയുടെ അവതാരകയാകാനും അവസരം കിട്ടി. അതും സ്റ്റാർ പ്ലസ്സിൽ തന്നെയായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. മറ്റെല്ലാ ഇൻഡസ്ട്രികളുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാളം വളരെ മികച്ചതാണെന്ന് എനിക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് മലയാള സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നത്. മലയാളം സിനിമ ഒരുപാട് പുരോഗമിച്ചു.
മഞ്ഞുപോലൊരു പെൺകുട്ടിയെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡിന് എനിക്ക് ആ പ്രായത്തിൽ നോമിനേഷൻ ലഭിച്ചത് വലിയൊരു നേട്ടമായിരുന്നു. ഞാൻ ഒരിക്കലും അങ്ങനൊന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആ സിനിമയുടെ റിലീസിനുശേഷം കേരളത്തിലെ ആൺകുട്ടികളുടെ ക്രഷായിരുന്നു ഞാനെന്ന് എനിക്ക് അറിയില്ലായിരുന്നു.
അന്ന് സോഷ്യൽമീഡിയ ഇല്ലല്ലോ. ഇപ്പോൾ അവർക്കെല്ലാം കുടുംബവും കുട്ടികളുമായി. അവരിൽ പലരും ഞാനായിരുന്നു അവരുടെ ഫസ്റ്റ് ക്രഷ് എന്നൊക്കെ കമന്റും മെസേജും ചെയ്യാറുണ്ട്. ഞാൻ ഇതുവരെ വിവാഹിതയല്ല. ആ സിനിമ ചെയ്ത സമയത്ത് പ്രണയ ലേഖനങ്ങൾ ലഭിക്കുമായിരുന്നു. സമ്മാനങ്ങളും ലഭിച്ചിരുന്നു. ഞാനും നായകനായിരുന്നു അജയ്കൃഷ്ണനും ഇപ്പോഴും സുഹൃത്തുക്കളായി തുടരുന്നുണ്ട്. മഞ്ഞുപോലൊരു പെൺകുട്ടിയിലെ ചില പാട്ടുകൾ പാരിസിലാണ് ഷൂട്ട് ചെയ്തത്.
ആ സമയത്ത് മലയാള സിനിമയിൽ നിന്നും വളരെ വിരളമായി മാത്രമെ വിദേശത്ത് പാട്ട് ഷൂട്ട് നടക്കാറുണ്ടായിരുന്നുള്ളു. അതൊരു ചലഞ്ച് തന്നെയായിരുന്നു. ലൈഫിൽ ഞാൻ ടോം ബോയിയാണ്. അതുകൊണ്ട് തന്നെ നിധിക്കുണ്ടായിരുന്നതുപോലെ ബോയ്സ് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അതൊരു സ്പെഷ്യൽ ബോണ്ടായിരുന്നു. കേരളത്തിൽ നിന്നും വിവാഹം ചെയ്ത് അവിടെ സെറ്റിൽഡാകാൻ എനിക്ക് ഇഷ്ടമവുമാണെന്നും അമൃത വിശേഷങ്ങൾ പങ്കിട്ട് സംസാരിക്കവെ പറഞ്ഞു.


Click it and Unblock the Notifications