ഗ്ലാമറ് നോക്കണ്ട; മോഹന്‍ലാലിന്റെ അമ്മയാവാനും തയ്യാറാണ്, അഭിനയിക്കാന്‍ ഇഷ്ടമുള്ള വേഷത്തെ കുറിച്ച് മങ്ക മഹേഷ്
സീരിയലിലും സിനിമയിലുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് നടി മങ്ക മഹേഷ്. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തിയ നടി പിന്നീട് അമ്മ വേഷങ്ങളിലേക്ക് മാറി. അടുത്തിടെ താന്‍ രണ്ടാമതും വിവാഹം കഴിച്ചതിനെ പറ്റി നടി പറഞ്ഞത് വൈറലായിരുന്നു. ഇപ്പോഴിതാ അഭിനയിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള വേഷത്തെ കുറിച്ച് പറഞ്ഞ മങ്കയുടെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.
അമ്മ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങി പോയെങ്കിലും ഇനി അവാര്‍ഡ് കിട്ടുന്നൊരു വേഷം ചെയ്യണമെന്നാണ് മങ്ക മഹേഷിന്റെ ആഗ്രഹം. അഭിനയത്തിന് പ്രധാന്യം കൊടുക്കുമ്പോള്‍ ഗ്ലാമര്‍ നോക്കേണ്ടതില്ലെന്നാണ് സീരിയല്‍ ടുഡേ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറഞ്ഞത്.

മരണം വരെ അഭിനയിക്കണമെന്ന് ഒന്നും എനിക്കില്ല. എങ്കിലും നല്ലൊരു വേഷം ചെയ്യണമെന്നുണ്ട്. ഒരു അവാര്‍ഡിന് പറ്റിയ കഥാപാത്രം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് മങ്ക മഹേഷ് പറയുന്നു. ഗ്ലാമറിന് പ്രധാന്യം കൊടുക്കാതെ അഭിനയത്തിന് പ്രധാന്യം കൊടുക്കണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമാണ്. അത് നടക്കട്ടേ എന്ന് വിചാരിക്കുന്നു. സത്യന്‍ അന്തിക്കാടിന്റെയും ഫാസിലിന്റെയും സിനിമകളില്‍ മാത്രമാണ് ഞാന്‍ അഭിനയിക്കാത്തത്. ബാക്കി ഒരുവിധം എല്ലാ സംവിധായകരുടെ കൂടെയും അഭിനയിച്ചു.

നമ്മള്‍ ഇനി എന്തായാലും മുഖത്ത് പ്രായം കാണിക്കും. എനിക്ക് അവിടെ പ്രായം കുറയ്ക്കാന്‍ മുഖത്തെ ചുളിവൊക്കെ മായ്ച്ച് കളയണമെന്നില്ല. ഇപ്പോള്‍ ഞാന്‍ അമ്മമ്മ ആയി. എന്റെ കൊച്ച് മകന് പതിനാല് വയസായി. പത്താം ക്ലാസില്‍ പഠിക്കുകയാണ് അവന്‍. അപ്പോള്‍ എനിക്ക് വയസായെന്ന് പറയുന്നതില്‍ ഒരു മടിയുമില്ല. അതുപോലെയുള്ള വയസായ വേഷങ്ങള്‍ എനിക്ക് കിട്ടിയാല്‍ മതി. മോഹന്‍ലാലിന്റെ അമ്മയായിട്ട് ചെയ്യണമെങ്കില്‍ അതിലെനിക്ക് മടിയില്ല. അങ്ങനെയുള്ള മടിയൊന്നും തനിക്കില്ലെന്നാണ് മങ്ക മഹേഷ് പറയുന്നത്.

സീരിയലില്‍ കുറച്ച് ഭരിക്കുന്ന കഥാപാത്രമാണെന്ന് കരുതി വീട്ടില്‍ അങ്ങനെയല്ലെന്നാണ് മങ്ക പറയുന്നത്. എനിക്കൊരു മകളാണുള്ളത്. അവളുടെ കല്യാണം കഴിഞ്ഞു. ഒരു മകനില്ലാത്തത് കൊണ്ട് ആ കുറവ് പരിഹരിച്ച് നല്ലൊരു മരുമകനെ കിട്ടി. പിന്നെ രണ്ട് കൊച്ചുമക്കളുണ്ട്. പിന്നെ ഭര്‍ത്താവുണ്ടെന്നും മങ്ക പറയുന്നു. ഇവരെ ആരെയും എനിക്ക് ഭരിക്കേണ്ടതായി വന്നിട്ടില്ലെന്നാണ് നടി വ്യക്തമാക്കുന്നത്.

സീരിയലുകളിലാണെങ്കിലും എനിക്ക് നല്ല വേഷങ്ങളാണ് കിട്ടിയിട്ടുള്ളതെന്ന് മങ്ക പറഞ്ഞിരുന്നു. അങ്ങനൊരു ഭാഗ്യം എനിക്കുണ്ടായി. സിനിമാ നടി എന്ന ലേബലില്‍ അറിയപ്പെടാന്‍ മാത്രമല്ല ആഗ്രഹം. മകളുടെ അമ്മയായിട്ടും നല്ലൊരു അമ്മായിയമ്മയാണെന്നും കേള്‍ക്കാനാണ് ഇഷ്ടം. പിന്നെ സിനിമയില്‍ വന്നത് കൊണ്ടാണ് എവിടെ പോയാലും ഈ ബഹുമാനം എനിക്ക് കിട്ടുന്നത്.
യാത്ര ചെയ്യുമ്പോഴാണെങ്കിലും വഴിയില്‍ പോലീസിനെ കണ്ടാല്‍ ആ നിങ്ങളാണോ, എങ്കില്‍ ശരിയെന്ന് പറയും. അമ്പലങ്ങളില്‍ പോയാലും വലിയ ക്യൂവാണെങ്കില്‍ അതിലൊന്നും നില്‍ക്കേണ്ടെന്ന് പറയും. അതൊക്കെ സിനിമയിലും സീരിയലിലും അഭിനയിച്ചത് കൊണ്ടാണല്ലോ എന്നോര്‍ത്ത് അഭിമാനിക്കുകയാണെന്നും മങ്ക മഹേഷ് പറയുന്നു.


Click it and Unblock the Notifications











