കാര്യം മനസ്സിലാക്കി രജനി സര്‍ എന്റെ കൈയ്യ് ബലമായി പിടിച്ചു! തുറന്നുപറഞ്ഞ് മനോജ് കെ ജയന്‍
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും രജനീകാന്തും മല്‍സരിച്ചഭിനയിച്ച ചിത്രമായിരുന്നു ദളപതി. 1991ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മമ്മൂട്ടിയുടെയും രജനീകാന്തിന്റെതുമായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ കൂടിയായിരുന്നു സിനിമയിലേത്. സൂര്യ, ദേവ്രാജ് എന്നീ കഥാപാത്രങ്ങളായിട്ടാണ് ചിത്രത്തില്‍ രജനീകാന്തും മമ്മൂട്ടിയും അഭിനയിച്ചത്.

മമ്മൂട്ടിക്കൊപ്പം മലയാളത്തില്‍ നിന്ന് മനോജ് കെ ജയനും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മനോഹരന്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ ദളപതിയില്‍ എത്തിയിരുന്നത്. ദളപതിയില്‍ രജനീകാന്തിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചതിന്റെ അനുഭവം മനോജ് കെ ജയന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ദളപതിയുടെ ചിത്രീകരണത്തിനിടെ രജനി സര്‍ നല്‍കിയ പിന്തുണയെ കുറിച്ച് നടന്‍ തന്റെ കുറിപ്പില്‍ പറയുന്നു.
Recommended Video
"അഭിനയ ജീവിതത്തിലെ നാലാമത്തെ ചിത്രം, സൂപ്പര്‍സ്റ്റാര്‍ രജനി സാറിന്റെ കൂടെ, പോരാത്തതിന് നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂക്കയും.(ദളപതി,1991) ഈ സീനില്‍ ഞാന്‍ രജനി സാറിന്റെ നെഞ്ചില്‍ പിടിച്ചു തള്ളണം എന്ന് മണിരത്‌നം സര്‍ പറഞ്ഞപ്പോള്‍ കംപ്ലീറ്റ് ബ്ലാങ്ക് ഔട്ട് ആയി ശരിക്കും. എനിക്ക് പറ്റുന്നില്ല രണ്ടു പ്രാവശ്യം ട്രൈ ചെയ്തു. ശരിയാകുന്നില്ല. കാര്യം മനസ്സിലാക്കി രജനി സര്‍ തന്നെ എന്റെ കൈയ്യ് ബലമായി പിടിച്ചു അദ്ദേഹത്തിന്റെ നെഞ്ചില്‍ ഇടിച്ചു കാണിച്ചു തന്നു.
വലിയ മനുഷ്യന്‍ (കിട്ടിയ ഗ്യാപ്പില്‍ ഞാന്‍ പറഞ്ഞു, ഞാന്‍ സാറിന്റെ ഈ ലോകത്തെ ഏറ്റവും വലിയ ആരാധകനാണെന്ന്. അതുകൊണ്ട് പറ്റുന്നില്ലാന്നും) സിനിമ കാണാന്‍ ഏറണാകുളം സരിതയില്‍ ആണ് പോയത്. മറിച്ച്, മദ്രാസിലെ ഏതെങ്കിലും തീയറ്ററില്‍ ആയിരുന്നെങ്കില്‍ രജനി ഫാന്‍സ് ,എന്നെ നെഞ്ചില്‍ ഇടിച്ചു തന്നെ കൊന്നെനെ: രക്ഷപെട്ടു. ഇവിടെ മമ്മൂട്ടി ഫാന്‍സിന്റെ കുറെ ചീത്ത കേട്ടു. സാരമില്ല. മനോജ് കെ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മനോജ് കെ ജയന് പുറമെ അരവിന്ദ് സാമി, ജയശങ്കര്‍, അമരീഷ് പുരി, ശ്രീവിദ്യ, ഭാനുപ്രിയ, ശോഭന, ഗീത, നാഗേഷ്, ചാരുഹാസന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു ദളപതി. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മികച്ച സിനിമകളിലൊന്നായാണ് ദളപതി ഇപ്പോഴും വിലയിരുത്തപ്പെടുന്നത്.


Click it and Unblock the Notifications