കുറെ സിനിമകള്‍ ഒന്നും നോക്കാതെ കമ്മിറ്റ് ചെയ്തു! എന്നാല്‍ അതൊന്നും ഗുണം ചെയ്തില്ല: മനോജ് കെ ജയന്‍
മലയാളത്തില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അഭിനയിച്ചിട്ടുളള താരമാണ് മനോജ് കെ ജയന്‍. ഏത് കഥാപാത്രമായാലും അനായാസമായ അഭിനയ ശൈലിയിലൂടെ നടന്‍ മികവുറ്റതാക്കാറുണ്ട്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം പോലെയുളള സിനിമകള്‍ മനോജ് കെ ജയന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു.

നായക വേഷങ്ങളേക്കാള്‍ ക്യാരക്ടര്‍ റോളുകളിലാണ് നടന്‍ മോളിവുഡില്‍ കൂടുതലായി തിളങ്ങിയിരുന്നത്. നായകനെന്ന നിലയില്‍ മലയാള സിനിമയില്‍ വേരുറപ്പിക്കാന്‍ കഴിയാതെ പോയ താരമാണ് മനോജ് കെ ജയന്‍. തൊണ്ണൂറുകളുടെ അവസാനം പുറത്തിറങ്ങിയ നടന്റെ ആഘോഷം, കലാപം, സുര്യകീരിടം, കുങ്കുമച്ചെപ്പ് തുടങ്ങിയ സിനിമകളെല്ലാം പരാജയമായി മാറിയിരുന്നു. ഇതേക്കുറിച്ച് ഒരഭിമുഖത്തില്‍ നടന്‍ സംസാരിച്ചിരുന്നു.
ഞാന്‍ നായകനായ സിനിമകള്‍ എനിക്ക് എന്റെ സിനിമാ ജീവിതത്തില്‍ വലിയ ഉയര്‍ച്ച നല്‍കിയിട്ടില്ല. പക്ഷേ ആ സമയത്ത് ഞാനൊരു വീട് വെക്കുന്നുണ്ടായിരുന്നു. എനിക്കത് മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ മൂലധനം ആവശ്യമായിരുന്നു. എനിക്ക് സിനിമ അല്ലാതെ മറ്റൊരു തൊഴിലില്ല. അങ്ങനെ കുറെ സിനിമകള്‍ ഒന്നും നോക്കാതെ തന്നെ കമ്മിറ്റ് ചെയ്തു.
പക്ഷേ അത്ഭുതം എന്തെന്നാല്‍ ഭരതന്‍ സാറിന്റെ ചുരം എന്ന സിനിമ പോലും നായകനെന്ന നിലയില്‍ എനിക്ക് ഗുണം ചെയ്തില്ല. മനോജ് കെ ജയന്‍ പറഞ്ഞു. സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാനും അനന്തഭദ്രത്തിലെ ദിഗംബരനുമൊക്കെയാണ് മനോജ് കെ ജയന്റെതായി ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന കഥാപാത്രങ്ങള്‍.
മലയാളത്തിനൊപ്പം തന്നെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും തിളങ്ങിയിരുന്നു നടന്‍. മമ്മൂട്ടി ചിത്രം പഴശ്ശിരാജയിലെ തലക്കല്‍ ചന്തുവും മനോജ് കെ ജയന്റെതായി ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. കഴിഞ്ഞ വര്‍ഷം ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രമായിരുന്നു മനോജ് കെ ജയന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. സിനിമയില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ മനോജ് കെ ജയനും എത്തിയിരുന്നു.


Click it and Unblock the Notifications