പുള്ളിയുടെ ഭാഗത്ത് തെറ്റ് വന്നാലും വഴിയെ പോകുന്നവരെ ചീത്ത വിളിക്കും, തെറ്റ് മമ്മൂക്ക സമ്മതിക്കില്ല; മനോജ്
മലയാള സിനിമയിലെ വണ്ടി ഭ്രാന്തന്മാരുടെ കൂട്ടത്തിലാണ് മമ്മൂട്ടിയുടേയും മകൻ ദുൽഖർ സൽമാന്റെയും സ്ഥാനം. ഇരുവരുടേയും ഗ്യാരേജിൽ മലയാളത്തിലെ മറ്റൊരു താരത്തിന്റെയും ഗ്യാരേജിൽ ഇല്ലാത്ത അത്രത്തോളം ആഡംബര കാറുകളും ലക്ഷ്വറി ബൈക്കുകളുമുണ്ട്. മമ്മൂട്ടിയുടെ വാഹനപ്രേമം കൊച്ചുമകൾ മറിയത്തിലും അടുത്തിടെയായി കാണാം. അടുത്തിടെ യൂറോപ്പിലെ തെരുവീഥികളിലൂടെ മകളേയും ഇരുത്തി സൂപ്പർ ബൈക്കിൽ പറക്കുന്ന ദുൽഖർ സൽമാന്റെ വീഡിയോ വൈറലായിരുന്നു.
വാഹനപ്രേമിയായതുകൊണ്ട് ഡ്രൈവിങും വളരെ ഇഷ്ടമാണ് മമ്മൂട്ടിക്ക്. ഡ്രൈവറുണ്ടെങ്കിലും പലപ്പോഴും അദ്ദേഹം പാസഞ്ചർ സീറ്റിലും മമ്മൂക്ക ഡ്രൈവിങ് സീറ്റിലുമാണ്. പാർക്കിങ് ജോലി മാത്രമെ മമ്മൂക്കയുടെ ഡ്രൈവർക്കുള്ളുവെന്ന് തമാശയായി ആരാധകർ പറയാറുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം യാത്ര ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ മനോജ് കെ ജയൻ. ധീരൻ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മനോജ് കെ ജയനൊപ്പം വിനീതും സുധീഷും അശോകനും സിദ്ധാർത്ഥ് ഭരതൻ, ശബരീഷ് തുടങ്ങിയ താരങ്ങളും ഉണ്ടായിരുന്നു.
സംസാരത്തിനിടെ തനിക്ക് സ്പീഡ് ഭയമാണെന്ന് വിനീത് പറഞ്ഞു. വാഹനത്തിന് സ്പീഡുള്ളത് എനിക്ക് ഭയമാണ്. പ്രൊഡക്ഷൻ അയക്കുന്ന വണ്ടികളിൽ നിന്ന് സ്പീഡ് കാരണം ഞാൻ ഇറങ്ങിയിട്ടുണ്ട്. സ്പീഡ് കുറയ്ക്കാൻ നമ്മൾ പറഞ്ഞാൽ ചില ഡ്രൈവർമാർക്ക് ഇഷ്ടപ്പെടില്ല. അതുകൊണ്ട് ഞാൻ ഉപയോഗിക്കുന്നൊരു ടെക്നിക്കുണ്ട്. വാഹനത്തിന് സ്പീഡ് കൂടിയാൽ ഉടനെ ഞാൻ ഛർദ്ദിക്കുമെന്ന് പറയും.
കാറിനുള്ളിൽ ഛർദ്ദിയായാലോയെന്ന ഭയം കാരണം അവർ വേഗം സ്പീഡ് കുറയ്ക്കുമെന്നാണ് വിനീത് പറഞ്ഞത്. ഇതോടെയാണ് മമ്മൂട്ടിക്ക് സ്പീഡിനോടുള്ള കമ്പത്തെ കുറിച്ച് മനോജും സുധീഷും പറഞ്ഞത്. മമ്മൂക്കയ്ക്കൊപ്പം യാത്ര ചെയ്തിട്ടുണ്ടോ?. ഭയങ്കര സ്പീഡാണ് പറപ്പിക്കും. ഡ്രൈവിങിനിടെ പുള്ളിയുടെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും വഴിയെ പോകുന്നവരെ ചീത്ത വിളിക്കും.
അതാണ് മമ്മൂക്കയുടെ സ്പെഷ്യാലിറ്റി. പോകുന്ന പോക്ക് കണ്ടില്ലേ... അവൻ കാരണം അല്ലേ ഞാൻ ഇങ്ങനെയായതെന്ന് പറയും. കാറിൽ ഒപ്പം ഇരിക്കുന്ന നമുക്ക് അറിയാം പുള്ളിയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് പക്ഷെ പുള്ളി സമ്മതിക്കില്ല. ഞാൻ മമ്മൂക്കയ്ക്കൊപ്പം ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെന്നാണ് മനോജ് പറഞ്ഞത്. തുടർന്ന് വല്യേട്ടൻ സിനിമയുടെ ഷൂട്ടിങ് സമയത്ത് നടന്ന അനുഭവം സുധീഷും പങ്കുവെച്ചു.

വല്യേട്ടന്റെ ഷൂട്ടിങ് സമയത്ത് പുള്ളി ഓട്ടോക്കാരനെ ചീത്ത പറഞ്ഞിട്ടുണ്ട്. ഓട്ടോക്കാരൻ ഞെട്ടിപ്പോയി. പക്ഷെ ഹാപ്പിയായി. മമ്മൂക്ക എന്ന ചീത്ത പറഞ്ഞല്ലോയെന്ന് ഓർത്ത്. ചീത്ത വിളികേട്ട് തിരിച്ച് പറയാൻ വേണ്ടി ഓട്ടോക്കാരൻ തുടങ്ങിയപ്പോഴാണ് വണ്ടിയിൽ മമ്മൂക്കയാണെന്ന് അയാൾ മനസിലാക്കിയതെന്നും അതോടെ അയാൾ ഹാപ്പിയായിയെന്നും സുധീഷ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സാർത്ഥം ലൈം ലൈറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ് മമ്മൂട്ടി. നടന് കാൻസറാണെന്ന തരത്തിൽ ഒരിടയ്ക്ക് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. പിന്നീട് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ റിപ്പോർട്ടുകൾ നിഷേധിച്ച് എത്തി. ഏറെ നാളുകൾക്കുശേഷം മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജ് ഇൻസ്റ്റഗ്രാമിൽ നടന്റെ പുതിയൊരു ചിത്രം പങ്കുവെച്ച് എത്തിയിരുന്നു. ലൈറ്റ് ഗ്രീൻ ഷർട്ടും വൈറ്റ് പാന്റും ധരിച്ച് ഫോണിൽ നോക്കിയിരിക്കുന്ന മമ്മൂട്ടിയാണ് ഫോട്ടോയിലുണ്ടായിരുന്നത്.
ഫോട്ടോ അതിവേഗത്തിൽ വൈറലായി. നടന്റെ ലേറ്റസ്റ്റ് ഫോട്ടോയാണോയെന്ന് ചോദിച്ചായിരുന്നു ഏറെയും കമന്റുകൾ. തിരിച്ച് വരവ് കാണാൻ കാത്തിരിക്കുകയാണെന്നും ചിലർ കുറിച്ചു. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവലാണ് റിലീസിനൊരുങ്ങുന്ന നടന്റെ പുതിയ സിനിമ.
*ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. ഇത് (https://www.facebook.com/manojkjayanofficial, https://www.facebook.com/Mammootty) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്


Click it and Unblock the Notifications











