'നിന്റെ സ്വാഭാവത്തിന് വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞവരുണ്ട്'; അനുഭവം പറഞ്ഞ് നടി ഗൗരി കൃഷ്ണൻ!
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി ഗൗരി കൃഷ്ണൻ. സോഷ്യൽമീഡിയയിൽ സജീവമായ ഗൗരി കൃഷ്ണ തന്റെ വിശേഷങ്ങൾ യുട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീഡിയോയിലൂടേയും മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പങ്കുവെയ്ക്കാറുണ്ട്. ഏറ്റവും ഒടുവിൽ അഭിനയിച്ച പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിന്റെ സ്വന്തം പൗർണ്ണമിയാണ് താരമിപ്പോഴും. പൗർണ്ണമി തിങ്കൾ സീരിയൽ കൂടാതെ എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലൂടെയും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഗൗരി കൃഷ്ണ. താരത്തിന്റെ വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്.
പൗർണമി തിങ്കൾ സീരിയലിന്റെ സംവിധായകൻ കൂടിയായ മനോജാണ് ഗൗരിയുടെ ജീവിതപങ്കാളിയാക്കാൻ പോകുന്നത്. മുമ്പ് നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങ് പലവിധ കാരണങ്ങളാൽ മുടങ്ങിയിരുന്നു. വിവാഹനിശ്ചയം നടത്താൻ കഴിയാതെപോയതിന്റെ കാരണവും പിന്നീട് സോഷ്യൽമീഡിയ വഴി ഗൗരി തുറന്ന് പറഞ്ഞിരുന്നു. ചെറുക്കനും കൂട്ടർക്കും കോവിഡ് പോസിറ്റീവ് ആയതിനാലാണ് നേരത്തെ നിശ്ചയിച്ച ദിവസം വിവാഹ നിശ്ചയം നടത്താൻ സാധിക്കാതിരുന്നത് എന്നാണ് പിന്നീട് ഗൗരി കൃഷ്ണ പറഞ്ഞത്. എല്ലാവരുടേയും ആരോഗ്യ പ്രശ്നങ്ങൾ മാറിയതോടെയാണ് വിവാഹ നിശ്ചയം ഫെബ്രുവരിയിൽ ആഡംബരമായി നടത്തിയത്.

തന്റെ യുട്യൂബ് ചാനൽ വഴിയാണ് വിവാഹ നിശ്ചയ വിശേഷങ്ങൾ ഗൗരി കൃഷ്ണ പങ്കുവച്ചത്. ആരെയാണ് കല്യാണം കഴിക്കാൻ പോകുന്നത് എന്നത് അവസാനം വരെയും സസ്പെൻസ് ആയി വെച്ചിട്ടാണ് ഗൗരി വരനെ കുറിച്ച് വെളിപ്പെടുത്തിയത്. സീരിയൽ ലോകത്ത് തന്നെ ഉള്ള ആളാണെന്നും എന്നാൽ ക്യാമറയ്ക്ക് പിന്നിലാണ് എന്നും സൂചനകൾ നൽകിയ ശേഷമാണ് പൗർണമിതിങ്കൾ സംവിധായകൻ മനോജിനെയാണ് താൻ വിവാഹം ചെയ്യുന്നത് എന്ന് വെളിപ്പെടുത്തിയത്. മനോജ് സാർ എന്നാണ് ഭാവി വരനെ ഗൗരി വിളിക്കുന്നത്. തുടക്കത്തിൽ അത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ലൊക്കേഷനിൽ വിളിച്ച ശീലിച്ച കാര്യമായതിനാൽ പെട്ടന്ന് മാറ്റാൻ കഴിയുന്നില്ലെന്നാണ് ഗൗരി കൃഷ്ണൻ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. വിവാഹം തീരുമാനിച്ചപ്പോൾ നേരിട്ട വിമർശനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗൗരി കൃഷ്ണനിപ്പോൾ. നടി അൻഷിത അൻജിയുമായുള്ള സംഭാഷണത്തിനിടെയാണ് ഗൗരി കൃഷ്ണൻ മനസ് തുറന്നത്.

തനിയ്ക്ക് കല്യാണം ഉണ്ട് എന്ന് പറഞ്ഞപ്പോൾ പലർക്കും അതിശയമായിരുന്നുവെന്നാണ് ഗൗരി പറയുന്നത്. 'നിന്റെ സ്വഭാവത്തിന് നീ കല്യാണം കഴിക്കാത്തത് ആണ് നല്ലത്' എന്ന് കൂടെ ജോലി ചെയ്യുന്ന ഒരു ആർട്ടിസ്റ്റ് മുഖത്ത് നോക്കി പറഞ്ഞുവെന്നും ഗൗരി വെളിപ്പെടുത്തി. ഗൗരി താൻ കേട്ട വിമർശനങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ ഗൗരി ചേച്ചിയുടെ സ്വഭാവം അത്ര മോശമല്ല എന്നാണ് അൻഷിത പറഞ്ഞത്. എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരിയാണ്. നോ പറയേണ്ടിടത്ത് നോ പറയും. അത്തരം ഒരു സ്വഭാവം ഉള്ളത് കൊണ്ട് ആവാം അടുത്തറിയാവുന്നവർ ഒരു പക്ഷെ ഗൗരിയ്ക്ക് കല്യാണ ജീവിതം ശരിയാവില്ല എന്ന് തെറ്റിദ്ധിരച്ചത് എന്നാണ് അൻഷിത പറയുന്നത്.
Recommended Video

'പെണ്ണിന് അഭിപ്രായ സ്വാതന്ത്രം ഉണ്ടെങ്കിൽ വിവാഹം ചെയ്യുന്നതിൽ എന്താണ് തെറ്റ്. നല്ല ഒരു ആൺ ആണെങ്കിൽ അയാൾ പെണ്ണിന്റെ അഭിപ്രായങ്ങളെയും മാനിക്കും. ദൈവം സഹായിച്ച് എനിക്ക് കിട്ടിയത് അങ്ങനെ ഒരാളെയാണ്' ഗൗരി പറഞ്ഞു. പണ്ടൊക്കെ കല്യാണത്തെ കുറിച്ച് ചോദിക്കുമ്പോൾ ഹൊ അതൊന്നും വേണ്ട എന്ന ഭാവമായിരുന്നു ഗൗരി ചേച്ചിക്കെന്ന് അൻഷിത പറയുന്നു. ഒന്നും പ്ലാൻ ചെയ്തിരുന്നില്ലെന്നും എല്ലാം പെട്ടന്നായിരുന്നു എന്നും ഗൗരി പറയുന്നു. നിശ്ചയം കഴിഞ്ഞുവെന്നേയുള്ളൂവെന്നും കല്യാണത്തിന്റെ തിയ്യതി പറയാറായിട്ടില്ലെന്നും വിവാഹം വൈകുമെന്നും ഗൗരി കൃഷ്ണ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications