മരക്കാറിനെ തീയേറ്ററിൽ എത്തിച്ചത് മോഹൻലാലിന്റെ ഭാര്യ സുചിത്ര, കുറിപ്പ് വൈറലാവുന്നു
ദുൽഖർ സൽമാന്റെ കുറുപ്പിന് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വൻ വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ചർച്ചകൾക്കൊടുവിൽ പ്രശ്നം പരിഹരിച്ച് ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. ഡിസംബർ രണ്ടിനാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്.

ചിത്രത്തിന്റെ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ച നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രംഗത്ത് എത്തിയിരുന്നു. . മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാര്‍ മാറും എന്ന വിശ്വാസവും പ്രതീക്ഷയുമുള്ളതിനാലാണ് സിനിമ തിയേറ്ററുകളിലെത്തിക്കുന്നതെന്നാണ് ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ... കുഞ്ഞാലി വരും. നിങ്ങള്‍ ഓരോരുത്തരും കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.ലാല്‍ സാറിന്റെയും പ്രിയദര്‍ശന്‍ സാറിന്റെയും ഒരു സ്വപ്നമായിരുന്നു ഈ ചിത്രം. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നമുക്ക് നേരിടേണ്ടി വന്ന കൊവിഡ് എന്ന മഹാമാരി ആ സ്വപ്ന ചിത്രം വെള്ളിത്തിരയിലെത്തുന്ന ദിവസത്തെ ഒരുപാട് നീട്ടിക്കോണ്ടുപോയി.
അതിനു ശേഷവും ഈ ചിത്രം വെള്ളിത്തിരയില്‍ എത്തിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്, തീയേറ്ററുകളിലേക്കു തന്നെയെത്താന്‍ പോവുകയാണ്. നിങ്ങളുടെ ആവേശത്തിനും കൈയ്യടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും ഇടയിലേക്ക്, മരക്കാര്‍ ഈ വരുന്ന ഡിസംബര്‍ രണ്ടാം തീയ്യതി കടന്നുവരും,' ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തില്‍ ഒപ്പം നിന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍, ആശീര്‍വാദ് സിനിമാസുമായി എന്നും സഹകരിച്ചിട്ടുള്ള കേരളത്തിലെ തീയേറ്ററുകള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍ എന്നിവര്‍ക്കെല്ലാം നന്ദിയും കടപ്പാടും രേഖപ്പെടുത്തു എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇപ്പോഴിത സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സിനിമയുടെ സഹനിര്‍മ്മാതാവും കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ചെയര്‍മാനുമായ സിജെ റോയിയുടെ കുറിപ്പ് വൈറലാവുകയാണ്.. മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററില്‍ എത്തുന്നത് ഒരു സ്ത്രീയുടെ വിജയമാണെന്ന് സഹനിര്‍മ്മാതാവും കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ചെയര്‍മാനുമായ സിജെ റോയ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്,
സി.ജെ റോയിയുടെ വാക്കുകള്‍:'ശുഭ വാര്‍ത്ത! 2 ഡിസംബര്‍ 2021 മരക്കാര്‍ തിയറ്ററില്‍ എത്തുകയാണ്. ഇതൊരു സ്ത്രി ശക്തിയുടെ വിജയമാണ്. ചെന്നൈയിലെ ഒരു സ്വകാര്യ ഷോ കണ്ടതിനുശേഷം സുചി ചേച്ചി(സുചിത്ര മോഹന്‍ലാല്‍) മരക്കാര്‍ വലിയ സ്‌ക്രീനില്‍ കാണണമെന്ന് അഭിപ്രായപ്പെട്ടു. അതിനു ശേഷം എല്ലാവരും ഒരുമിച്ചിരുന്ന് ഡിന്നര്‍ കഴിക്കുമ്പോള്‍ ചേച്ചി ലാലേട്ടനോടും ആന്റണി ജിയോടും ഞങ്ങളെല്ലാവരോടും ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചു. സുചി ചേച്ചിയുടെ നിര്‍ബന്ധം കാരണമാണ് ചിത്രം തിയറ്ററിലെത്തുന്നത്. ലാലേട്ടന്‍, ആന്റണിജി, പ്രിയദര്‍ശന്‍ ജി, മരക്കാറിന്റെ എല്ലാ അണിയറ പ്രവര്‍ത്തകരും മികച്ച തീരുമാനമാണ് എടുത്തിരിക്കുന്നത്. എല്ലാ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കും എക്‌സിബിറ്റേഴ്സ് അസോസിയേഷനുകള്‍ക്കും കേരള സര്‍ക്കാരിനും മന്ത്രി സജി ചെറിയാനും നന്ദിയും അഭിനന്ദനവും അര്‍ഹിക്കുന്നത്.' ഫേസ്ബുക്കിൽ കുറിച്ചു


Click it and Unblock the Notifications