മലയാളിയുടെ പ്രിയങ്കരനായ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് നാല് വര്‍ഷം! ഓര്‍മ്മകളുമായി സഹപ്രവര്‍ത്തകര്‍

നാല് വര്‍ഷം മുന്‍പ് ഒരു മാര്‍ച്ച് ആറിന് വൈകുന്നേരം കേരളം ഒന്നടങ്കം സങ്കടത്തിലാഴ്ന്നു. നടന്‍ കലാഭവന്‍ മണി അന്തരിച്ചെന്ന വാര്‍ത്ത ആദ്യം ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ദുരൂഹത ഉയര്‍ത്തിയ മരണം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. ഇന്നും എങ്ങനെയാണ് മരണമെന്നുള്ളത് സംബന്ധിച്ച് സത്യം പുറംലോകത്തിന് വ്യക്തമായിട്ടില്ല.

വീണ്ടുമൊരു മാര്‍ച്ച് ആറ് എത്തിയപ്പോള്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ മണിയുടെ ജനനം മുതല്‍ മരണം വരെയുള്ള സംഭവങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.

 മണിയോര്‍മ്മയില്‍ നാലാണ്ട്

സ്വതസിദ്ധമായ അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് നാല് വര്‍ഷം. മലയാള സിനിമയില്‍ കലാഭവന്‍ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന്‍ മലയാളവും കടന്ന് അന്യ ഭാഷകള്‍ക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേര്‍ത്തുവച്ചിരുന്നു. ജനകീയ കലാകാരന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ പ്രണാമം.

മണിയോര്‍മ്മയില്‍ നാലാണ്ട്

കൊടിയ ദാരിദ്രത്തിന്റെ കറുത്ത ദിനങ്ങളില്‍ നിന്ന് ആരാധക മനസ്സിന്റെ സ്‌നേഹ സമ്പന്നതയിലേയ്ക്കാണ് കലാഭവന്‍ മണിയെന്ന അതുല്യ പ്രതിഭ നടന്നു കയറിയത്. ഏതെങ്കിലും ഒരു വേഷത്തില്‍ മാത്രമൊതുങ്ങിയ നടനായിരുന്നില്ല മണി ചില സിനിമകളില്‍ നായകന് എതിരായ ശക്തിയുളള പ്രതിയോഗിയായി, ഇടയ്ക്ക് നായകന്റെ നിഴലു പോലെയുളള സന്തതസഹചാരിയായി, ഹാസ്യ താരമായും സഹനടനായും നായകനായും വില്ലനായും തെന്നിന്ത്യ മുഴുവന്‍ ആരാധകരെയുണ്ടാക്കിയ മണി അനവധി വേഷങ്ങള്‍ ചെയ്തു പല രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. സിനിമാ രംഗത്തെ സകലകലാവല്ലഭനായിരുന്ന ഈ ചാലക്കുടിക്കാരന്‍ അഭിനയിച്ചും മിമിക്രി കാട്ടിയും പാട്ട് പാടിയും മണി ആരാധക മനസില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു.

മണിയോര്‍മ്മയില്‍ നാലാണ്ട്

നാടന്‍പാട്ടിനെ ജനകീയമാക്കിയതില്‍ മണിക്കുള്ള പങ്ക് വലുതാണ്. കേരളത്തിലെ നാടന്‍ പാട്ടുകളും രസമുള്ള ഈണങ്ങളും കണ്ടെടുത്ത് പുനരാവിഷ്‌കരിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ മണി നടത്തിയിട്ടുണ്ട്. നാടന്‍പാട്ടിന്റെ ശീലുകളുളളതായിരുന്നു മണിയുടെ ഗാനങ്ങള്‍. വിഷയമായതാവട്ടെ സാധാരണക്കാരന്റെ ജീവിതവും. ഏതൊരു സാധാരണക്കാരനും എളുപ്പത്തില്‍ ജീവിതവുമായി ബന്ധപ്പെടുത്താവുന്നതായിരുന്നു മണിയുടെ പാട്ടുകള്‍. കണ്ണി മാങ്ങ പ്രായത്തില്‍, ചാലക്കുടി ചന്ത, പാവാട പ്രായത്തില്‍, ഞാന്‍ കുടിക്കണ കഞ്ഞിലേന്തിന് തുടങ്ങി മലയാളി ഇന്നും പാടുന്ന ഒരു പിടി ഗാനങ്ങള്‍ മണിയുടെ സൃഷ്ടിയാണ്.

മണിയോര്‍മ്മയില്‍ നാലാണ്ട്

1971 ജനുവരി ഒന്നിന് ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടില്‍ രാമന്റെയും അമ്മിണിയുടെയും മകനായി ചാലക്കുടിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച മണി സിനിമയിലെത്തുന്നത് സ്വപ്രയത്‌നത്തിലൂടെയായിരുന്നു. ജീവിക്കാനായി ഓട്ടോ ഓടിക്കുന്നതിനിടയിലാണ് മണി കലാഭവന്‍ മിമിക്സ് ട്രൂപ്പിലെത്തുന്നത്. അങ്ങനെ മണി മലയാളത്തിന്റെ സ്വന്തം കലാഭവന്‍ മണിയായി. മിമിക്രി വേദികളിലെയും നാടകങ്ങളിലെയും സ്ഥിരം സാന്നിധ്യമായിരുന്നു മണി. പ്രായ വ്യത്യാസമില്ലാതെ ഏവരും അദ്ദേഹത്തെ മണി ചേട്ടനെന്ന് വിളിച്ചു. കൊച്ചു കുട്ടികള്‍ മുതല്‍ വയസായവരുടെ വരെ ഇഷ്ടം മണി നേടിയെടുത്തത് വളരെ പെട്ടെന്നായിരുന്നു.

 മണിയോര്‍മ്മയില്‍ നാലാണ്ട്

ജി എസ്. വിജയന്‍ സംവിധാനം ചെയ്ത സീരിയലിലൂടെയാണ് മണി ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്, സിബി മലയില്‍ സംവിധാനം ചെയ്ത 1995ല്‍ പുറത്തിറങ്ങിയ അക്ഷരമായിരുന്നു ആദ്യ സിനിമ. ജീവിതത്തില്‍ ഓട്ടോക്കാരനായ മണി ആദ്യമായി വെളളിത്തിരയിലെത്തിയപ്പോഴും അഭിനയിച്ചത് ഓട്ടോക്കാരനായിട്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. വലിയ നടനായപ്പോഴും മണി തന്റെ ഓട്ടോയെ കൂടെ കൂട്ടിയിരുന്നു. മണിയുടെ ശ്രദ്ധിക്കപ്പെട്ട വേഷം സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപത്തിലെ(1996) ചെത്തുകാരന്‍ തൊഴിലാളിയുടേതായിരുന്നു. പിന്നീടങ്ങോട്ട് നമ്മെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നിരവധി വേഷങ്ങള്‍.

 മണിയോര്‍മ്മയില്‍ നാലാണ്ട്

ആയിരത്തിലൊരുവന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, സല്ലാപം, ചോട്ടാ മുംബൈ, സല്ലാപം, അനന്തഭദ്രം, ആമേന്‍, സമ്മര്‍ ഇന്‍ ബത്ലഹേം, തുടങ്ങിയ ചിത്രങ്ങള്‍ മണിയുടെ വ്യത്യസ്തമായ ഒരു മുഖമാണ് പ്രേക്ഷകര്‍ക്ക് കാണിച്ചു തന്നത്. അനന്തഭദ്രത്തിലെ ചെമ്പനും ആമേനിലെ ലൂയിപാപ്പനും കരുമാടിക്കുട്ടനിലെ കുട്ടനും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ചിത്രത്തിലെ രാമുവും മണിയുടെ എന്നെന്നും ഓര്‍ക്കാവുന്ന കഥാപാത്രങ്ങളാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് മണിയ്ക്ക് ദേശീയ, സംസ്ഥാന പുരസ്‌കാരം ലഭിച്ചു പ്രത്യേക ജൂറി പുരസ്‌കാരമാണ് മണിയെ തേടിയെത്തിയത്. ഫിലിംഫെയര്‍ അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, വനിതാ അവാര്‍ഡ്, ജയ്ഹിന്ദ് അവാര്‍ഡ്, ഭാരത് ഗോപി ഫൌണ്ടേഷന്‍ അവാര്‍ഡ് എന്നിവ ലഭിക്കുകയുണ്ടായി.

 മണിയോര്‍മ്മയില്‍ നാലാണ്ട്

മലയാള സിനിമയില്‍ മാത്രമൊതുങ്ങുന്നതല്ലായിരുന്നു ഈ ചാലക്കുടിക്കാരനായ കലാകാരന്‍. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത കലാകാരനായിരുന്നു മണി. രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങി തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളോടൊപ്പം വെളളിത്തിരയ്ക്ക് മുന്നിലെത്തി. ലോകസുന്ദരി ഐശ്വര്യ റായിയോടൊപ്പം രജനീകാന്ത് ചിത്രം യന്തിരനിലും അഭിനയിച്ചു. തമിഴ് സിനിമകളിലെ ശക്തമായ വില്ലനായിരുന്നു മണി. മമ്മുട്ടി നായകനായ മറുമലര്‍ച്ചി എന്ന ചിത്രത്തിലൂടെ മണിയുടെ തമിഴ് സിനിമയ്ക്കും പ്രിയങ്കരനായി. ജമനിയിലെ മണിയുടെ വില്ലന്‍ വേഷത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 1999-ലാണ് മണി വിവാഹിതനായത്. നിമ്മിയായിരുന്നു ഭാര്യ. ഇവര്‍ക്ക് ശ്രീലക്ഷ്മി എന്ന ഒരു മകളുണ്ട്.

 മണിയോര്‍മ്മയില്‍ നാലാണ്ട്

ചലച്ചിത്രരംഗത്തും മറ്റും സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാര്‍ച്ച് 6-ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. മരിയ്ക്കുമ്പോള്‍ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കേ ആയിരുന്നു അന്ത്യം, മലയാളിയെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ മണിമുഴക്കം നിലച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. ഇതേറെ വിവാദങ്ങള്‍ക്കും വഴിവെച്ചു.

 മണിയോര്‍മ്മയില്‍ നാലാണ്ട്

മണിയുടെ മരണം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ദുരൂഹതകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. മൃതദേഹത്തില്‍ വിഷാംശം കണ്ടെത്തിയതാണ് സംശയങ്ങള്‍ക്ക് തുടക്കമായത്. പിന്നീടുവന്ന ദിവസങ്ങളില്‍ ടി.വി. ചാനലുകളില്‍ വന്‍ വാര്‍ത്തയായിരുന്നു ഈ വിഷയം. കേസ് സിബി. ബി. ഐ. വരെ അന്വേഷിച്ചു അവസാനം സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചു. മണിയുടെ മൃതദേഹം തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ചാലക്കുടിയിലെ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X