ഞാൻ കോപ്പറേറ്റീവാണ്, ലിഫ്റ്റിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ പലതവണ പറഞ്ഞു, ബോഡി ഗാർഡിനെ വെക്കാറില്ല; ഉണ്ണി
കഴിഞ്ഞ രണ്ട് ദിവസം സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായ ഒരു വീഡിയോയായിരുന്നു നടൻ ഉണ്ണി മുകുന്ദൻ തന്റെ വീഡിയോ പകർത്തിയ ചെറുപ്പക്കാരന്റെ ഫോൺ തട്ടിപ്പറിച്ച് വാങ്ങുന്ന ദൃശ്യങ്ങൾ. പുതിയ സിനിമയായ ഗെറ്റ് സെറ്റ് ബേബിയുടെ പ്രചരാണർത്ഥം മാളിൽ എത്തിയതായിരുന്നു നടൻ. വീഡിയോ വൈറലായശേഷം അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം ആളുകളുടെ പ്രതികരണങ്ങൾ വന്നിരുന്നു.
ഇപ്പോഴിതാ വൈറൽ വീഡിയോയെ കുറിച്ച് നടൻ തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. പരമാവധി എല്ലാവരുമായി സഹകരിക്കാറുള്ളയാളാണ് താനെന്നും എന്നാൽ പലതവണ പറഞ്ഞിട്ടും വീണ്ടും ആ ചെറുപ്പക്കാരൻ ദൃശ്യങ്ങൾ പകർത്തുന്നത് തുടർന്നുവെന്നും അപ്പോഴാണ് പ്രതികരിച്ചതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

നിങ്ങൾക്ക് എന്താണ് അത് കണ്ടപ്പോൾ തോന്നിയത്?. ഡിസ്റ്റർബ് ആകുമോ ഇല്ലയോ?. അത്രയേയുള്ളു... ഞാൻ പൊതുവെ എല്ലാവരുമായി വളരെ കോപ്പറേറ്റീവാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതൊരു ടുവെ പ്രോസസാണ്. അത് മനസിലാക്കുക. പിന്നെ ഞാൻ ബോഡി ഗാർഡിനെ ഒപ്പം വെച്ച് നടക്കുന്നയാളല്ല.
ഇതുകൊണ്ടാണോയെന്ന് അറിയില്ല... കഴിഞ്ഞ ദിവസം വേറൊരു ഷോയ്ക്ക് പോയപ്പോൾ എന്റെ ചുറ്റും ഒരുപാട് ബോഡി ഗാർഡ്സൊക്കെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം അങ്ങനെ റിയാക്ട് ചെയ്തതുകൊണ്ടാകും ഇന്ന് ഇങ്ങനെ എന്ന് ഞാൻ അപ്പോൾ ചിന്തിച്ചു. ഇതൊരു ക്ലിക്ക് ബൈറ്റ് കൾച്ചറാണ്. ലിഫ്റ്റിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഒരു 200 തവണ ഞാൻ പറഞ്ഞു. ആവശ്യത്തിനുള്ള ഫൂട്ടേജ് കിട്ടിയില്ലേ... ഇനി മതിയെന്നും പറഞ്ഞതാണ്.
ചെറുപ്പക്കാരനാണ്. എന്താണ് എന്നുള്ളത് അവൻ മനസിലാക്കി കാണും. ഇല്ലെങ്കിലും എനിക്കൊന്നും ചെയ്യാൻ പറ്റില്ല. ലൈഫിൽ ഇതിനേക്കാൾ മോശപ്പെട്ട കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് എനിക്ക് നേരിടാൻ പറ്റുന്നതേയുള്ളു എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. വീഡിയോ വൈറലായപ്പോൾ ഒരു വിഭാഗം ആളുകൾ മാർക്കോയുടെ വിജയത്തോടെ ഉണ്ണി മുകുന്ദൻ അഹങ്കാരിയായി മാറി എന്ന് കുറ്റപ്പെടുത്തി കമന്റുകൾ കുറിച്ചിരുന്നു.
എന്നാൽ വീഡിയോ മനസിലാക്കി കണ്ടവർ നടനെ വിമർശിച്ചില്ല. ഒരാളുടെ സ്വകാര്യതയെ മാനിക്കാതെയുള്ള പ്രവൃത്തികളോട് ഇതിൽ കൂടുതൽ മയത്തിൽ പെരുമാറാൻ കഴിയില്ലെന്നായിരുന്നു അനുകൂലിച്ചുകൊണ്ട് ഒരു വിഭാഗം ആളുകൾ കുറിച്ചത്. ഓൺലൈൻ മീഡിയകൾ വർധിച്ചതോടെ താരങ്ങളിൽ പലർക്കും ഉണ്ണി മുകുന്ദന്റേതിന് സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

പലരും പേരുകൾ അടക്കം ചൂണ്ടിക്കാട്ടി പ്രതികരിച്ചിട്ടുമുണ്ട്. മാർക്കോയുടെ വിജയത്തിനുശേഷം ഉണ്ണി മുകുന്ദന്റേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ ഗെറ്റ് സെറ്റ് ബേബിയാണ്. നിഖില വിമലാണ് ചിത്രത്തിൽ നായിക.
ഫീൽഗുഡ് ഴോണറിൽ ഒരുക്കിയിട്ടുള്ള സിനിമയുടെ പ്രമോഷൻ പരിപാടികളുമായി തിരക്കിലാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ മാർക്കോ അടുത്തിടെയാണ് ഒടിടിയിൽ റിലീസ് ചെയ്തത്. പാൻ ഇന്ത്യൻ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു മാർക്കോ.


Click it and Unblock the Notifications