തമിഴ് പെൺകുട്ടികളാവാൻ ചായം പൂശി അനുപമയും രജിഷയും: മാരി സെൽവരാജിനെ ട്രോളി റെഡിറ്റ്
ബൈസൺ എന്ന മാരി സെൽവരാജ് ചിത്രം അടുത്തിടെയാണ് തീയറ്ററിൽ എത്തിയത്. ധ്രുവ് വിക്രം എന്ന താര പുത്രൻ ടൈറ്റിൽ റോളിൽ എത്തിയ സിനിമയിൽ നായികമാരായി എത്തിയത് അനുപമ പരമേശ്വരനും, രജിഷ വിജയനുമാണ്. സ്പോർട്സ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന് വളരെ നല്ല അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ, ബൈസണിലെ നായികമാരുടെ കാര്യത്തിൽ അത്ര നല്ല അഭിപ്രായമല്ല ഒരു വലിയ വിഭാഗം പ്രേക്ഷകർക്കുള്ളത്. അതിന് കാരണം, സംവിധായകൻ മാരി സെൽവരാജിന്റെ തിരഞ്ഞെടുപ്പ് തന്നെയാണ്.
വളരെ കഴിവുള്ള തമിഴ് പെൺകുട്ടികൾ അഭിനയ രംഗത്ത് ഉണ്ടായിട്ടും, മലയാളി നായികമാരെ കാസ്റ്റ് ചെയ്യാനുള്ള സംവിധായകന്റെ തീരുമാനത്തെയാണ് ഒരു വലിയ വിഭാഗം പ്രേക്ഷകർ ചോദ്യം ചെയ്യുന്നത്. പ്രത്യേകിച്ച്, മാരിയുടെ സിനിമകൾ ജാതി, വർണ്ണ വിവേചനങ്ങൾക്ക് എതിരെ ശക്തമായി സംസാരിക്കുന്ന കഥകൾ പറയുമ്പോഴും, സംവിധായകൻ തിരഞ്ഞെടുക്കുന്നത് വെളുത്തു തുടുത്ത മലയാളി നടിമാരെയാണ് എന്നത് പലരും വളരെ ഇഷ്ടക്കേടോടെയാണ് കാണുന്നത്. മാരി ആദ്യമായിട്ടല്ല ഇങ്ങനെയൊരു കാസ്റ്റിങ് തീരുമാനം എടുക്കുന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

"ജാതി അടിച്ചമർത്തലിനെയും വിവേചനത്തെയും കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും, വെളുത്ത നിറമുള്ള ഒരു മലയാളി നടിയെ തവിട്ട് നിറമുള്ള മുഖംമൂടി ധരിച്ച "ഡി-ഗ്ലാമറൈസ്ഡ്" നായികയായി അവതരിപ്പിക്കുന്നു. പകരം ഒരു തമിഴ് നടിയെ എന്തുകൊണ്ട് അവതരിപ്പിച്ചുകൂടാ?" ബൈസൺ കണ്ടിറങ്ങിയ ഒരു പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. "മിക്കപ്പോഴും അത് നടന്റെ തിരഞ്ഞെടുപ്പുമാണ്. വളരെക്കാലമായി മലയാള നടിമാരോടുള്ള ധനുഷിന്റെ പ്രണയം ചിരിപ്പിക്കുന്നതാണ്. "പ്രേമം" എന്ന തന്റെ സിനിമയിലെ നായികമാരെ ഒപ്പം കൂട്ടാനുള്ള ദൗത്യം വിജയകരമായി പൂർത്തിയാക്കി എന്ന് പറഞ്ഞുകൊണ്ട് ഒരു മീം അദ്ദേഹത്തെ പറ്റി വന്നത് ഓർക്കുന്നു," ഒരു തമിഴ് പ്രേക്ഷകൻ എഴുതി.

"തമിഴ് സിനിമാക്കാരെ എനിക്ക് മനസ്സിലാകുന്നില്ല. ഗ്രാമീണ തമിഴ് സ്ത്രീകളെ അഭിനയിക്കാൻ അവർ മഞ്ജു വാര്യർ (അസുരൻ), അപർണ ബാലമുരളി (സൂരൈ പൊറ്റ്രു) എന്നിവരെയാണ് തിരഞ്ഞെടുക്കുന്നത്. പക്ഷേ ഒടുവിൽ ഒരു മലയാളി കഥാപാത്രത്തെ (അമരൻ) ചെയ്യുമ്പോൾ ഞാൻ ഫ്രഞ്ച് സംസാരിക്കുന്ന രീതിയിൽ മലയാളം സംസാരിക്കുന്ന ഒരു തമിഴ് പെൺകുട്ടിയെയാണ് അവർ അഭിനയിക്കുന്നത്," മറ്റൊരാൾ എഴുതി. "2000 മുതൽ മലയാള നടിയോട് കാണിക്കുന്ന അതേ പ്രേക്ഷക മനോഭാവം," മറ്റൊരാൾ എഴുതി.
ഒന്നോർത്താൽ, പ്രേക്ഷകരുടെ ഈ പൊട്ടിത്തെറി തികച്ചും ന്യായമാണെന്ന് വേണം കരുതാൻ. ശക്തമായ ജാതി, രാഷ്ട്രീയ ചിന്തകൾ മുന്നോട്ട് വയ്ക്കുമ്പോഴും, സിനിമയിൽ നായികയാവാൻ ഒരു തമിഴ് പെൺകുട്ടിയെ മാരി സെൽവരാജോ, അദ്ധേഹത്തിന്റെ ഒപ്പമുള്ള മറ്റ് പ്രമുഖ സംവിധായകരോ തയ്യാറായിട്ടില്ല. പാരിയേറും പെരുമാൾ എന്ന തന്റെ ആദ്യ സിനിമ മുതൽ അദ്ദേഹം നായികയായി തിരഞ്ഞെടുക്കുന്നത് കേരളത്തിൽ നിന്നോ, തെലുങ്ക് സ്റ്റേറ്റുകളിൽ നിന്നോ ഉള്ള നടിമാരെയാണ്.
അതിൽ രജീഷ് വിജയൻ, കീർത്തി സുരേഷ്, രവീണ രവി, നിഖില വിമൽ, അനുപമ പരമേശ്വരൻ, എന്നിവരൊക്കെ ഉൾപ്പെടും. ഇതൊന്നും പോരാഞ്ഞിട്ട്, ഈ മലയാളി നടിമാരൊക്കെ അവതരിപ്പിക്കാത്തവട്ടെ, നല്ല നാടൻ തമിഴ് കഥാപാത്രങ്ങളെയും. അതിനായി അവരെ ബ്രൗൺ മേക്കപ്പ് അണിയിച്ച് നിറം മാറ്റുക എന്ന രീതിയാണ് മാരി സെൽവരാജ് സ്വീകരിക്കാറുള്ളത്.


Click it and Unblock the Notifications











