താരദമ്പതികളായ സ്‌നേഹയ്ക്കും ശ്രീകുമാറിനും അന്ന രാജന്‍ കൊടുത്ത വിവാഹസമ്മാനം, മറക്കാനാവില്ലെന്ന് നടി
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയായിരുന്നു ടെലിവിഷന്‍-സിനിമാ താരങ്ങളായ ശ്രീകുമാറും സ്‌നേഹയും വിവാഹിതരാവുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന പരമ്പരയിലൂടെ ശ്രദ്ധേയരായ ഇരുവരുടെയും വിവാഹം കേരളം ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹശേഷവും ഏറ്റെടുത്ത പ്രോജക്ട് തീര്‍ക്കാനായി താരങ്ങള്‍ തിരിച്ച് വന്നിരുന്നു.
തിരക്ക് മാറിയതിന് ശേഷം ഹണിമൂണ്‍ ട്രിപ്പുകള്‍ പ്ലാന്‍ ചെയ്തിരുന്നു. കൊറോണ വന്നതോടെ എല്ലാം പ്ലാനും പൊളിയുകയായിരുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രിയപ്പെട്ട യാത്രകളെ കുറിച്ച് നടി മനസ് തുറന്നിരിക്കുകയാണ്. ഒപ്പം അടുത്ത സുഹൃത്തും നടിയുമായ അന്ന രാജന്‍ നല്‍കിയ വിവാഹ സമ്മാനത്തെ കുറിച്ചും സ്‌നേഹവെളിപ്പെടുത്തി.

മേയ് 29 ന് ഒരു സിംഗപൂര്‍-മലേഷ്യ ക്രൂസ് ട്രിപ് പ്ലാന്‍ ചെയ്തിരുന്നു. വലിയ ആകാംഷയോടെ ഞാനും ശ്രീയും കാത്തിരുന്നതായിരുന്നു ആറ് ദിവസത്തെ ആ യാത്ര. മനസില്‍ നൂറായിരം ആഗ്രഹങ്ങളായിരുന്നു. ഒറ്റ നിമിഷം കൊണ്ടാണ് കൊറോണ ആ യാത്ര തല്ലിക്കെടുത്തത്. എനിക്ക് സങ്കടം തോന്നിയിരുന്നു. ഷൂട്ടിങ്ങൊക്കെയായി തിരക്കിലായതിനാല്‍ വിവാഹശേഷം ഞങ്ങള്‍ക്ക് എവിടേക്കും പോകാന്‍ സാധിച്ചിരുന്നില്ല.

വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം തന്നെ ഞാന്‍ തന്നെ ഷൂട്ടിങ്ങിന് പോയിരുന്നു. ഏറ്റെടുത്ത പ്രോജക്ട് ഞാന്‍ കാരണം മുടങ്ങരുതെന്ന് എന്നെക്കാളും ശ്രീയ്ക്ക് നിര്‍ബന്ധമായിരുന്നു. അത് കൊണ്ട് തന്നെ ഷൂട്ടിങ്ങിന് ഒരു മുടക്കവും ഞാനും വരുത്തിയില്ല. അപ്പോഴാണ് ഇങ്ങനെയൊരു യാത്ര വീണ് കിട്ടിയത്. അതിപ്പോ ഇങ്ങനെയുമായി. വിഷമം ഉണ്ടെങ്കിലും ഇപ്പോഴെത്തെ സാഹചര്യത്തില്‍ യാത്രയെക്കാളും ജീവനാണ് വലുത്. ആരോഗ്യത്തോടെ ഇരുന്നാലല്ലേ യാത്രകള്‍ ചെയ്യാന്‍ സാധിക്കു എന്ന് സ്‌നേഹ പറയുന്നു.

എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അന്ന രാജന്‍. അതായത് നമ്മുടെ പ്രിയപ്പെട്ട ലിച്ചി. എനിക്കും ശ്രീക്കും വിവാഹ സമ്മാനമായി ലിച്ചി നല്‍കിയത് അടിപൊളി യാത്രയായിരുന്നു. ഞങ്ങളുടെ പുതുവര്‍ഷ പുലരി വൈത്തിരി റിസോര്‍ട്ടിലായിരുന്നു ലിച്ചി പ്ലാന്‍ ചെയ്തിരുന്നത്. അവള്‍ നല്‍കിയ ആ സമ്മാനമായിരുന്നു ഒരുമിച്ചുള്ള ഞങ്ങളുടെ ആദ്യ യാത്ര. അടിപൊളി റിസോര്‍ട്ടാണ് വയനാട്ടിലെ വൈത്തിരി. നീലഗിരി മലകളിലെ ഇടതൂര്‍ന്ന മഴക്കാടുകള്‍ക്ക് ഇടയിലുള്ള വൈത്തിരി ഒരു ജൈവ ടൂറിസം കേന്ദ്രമാണ്. കാടിന്റെ വന്യത തുളുമ്പുന്ന റിസോര്‍ട്ടില്‍ പ്രകൃതി സൗന്ദര്യം കൂടുതല്‍ ആസ്വദിക്കുവാനായി.

കുട്ടിക്കാലത്ത് അച്ഛന്‍ കൊണ്ട് പോയിട്ടുള്ള സ്ഥലങ്ങളില്‍ എനിക്കേറെ ഇഷ്ടം മൂകാംബിക ക്ഷേത്രവും കുടജാത്രിയുമാണ്. അച്ഛനോടുള്ള ഇഷ്ടം തന്നെയാണ് മൂകാംബികയോടുള്ള എന്റെ ഇഷ്ടവും. അച്ഛനിപ്പോള്‍ ഇല്ല, എന്നാലും മൂകാംബികയിലേക്ക് എത്ര തവണ പോകാനും എനിക്ക് മടിയില്ല. അത്രയ്ക്കും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണിവിടം. എല്ലാ വര്‍ഷവും മൂകാംബികയില്‍ പോകാറുണ്ട്. കൂടാതെ അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയുടെ ചിത്രീകരണവും മൂകാംബികയിലായിരുന്നു. ആ സിനിമയുടെ ഭാഗ്യമാവാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നതായി സ്‌നേഹ പറയുന്നു.


Click it and Unblock the Notifications











