'എന്ത് പ്രശ്‌നത്തിലും സോനു എന്റെ കൂടെ നില്‍ക്കും, ഞങ്ങളുടെ സ്റ്റാര്‍ ഭയങ്കര മാച്ചിങ്ങാണ്... ആരും കണ്ണിടരുത്'
ബഷീർ ബഷി മലയാളികൾക്ക് സുപരിചിതനായത് ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയശേഷമാണ്. എഴുപത് ദിവസത്തോളം ഹൗസിൽ നിന്ന ബഷീർ തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയതും ബിഗ് ബോസിൽ വെച്ചുതന്നെ. അന്ന് അത് സഹമത്സരാർത്ഥികൾ അടക്കം എല്ലാവർക്കും അത്ഭുതമായിരുന്നു. അതിന് കാരണം ബഷീർ രണ്ട് വിവാഹം ചെയ്തുവെന്നതല്ല. രണ്ട് ഭാര്യമാരും തനിക്കൊപ്പം ഒരു വീട്ടിലാണ് താമസമെന്ന് പറഞ്ഞതാണ്.
മോഡലിങിലൂടെയാണ് കൊച്ചിക്കാരനായ ബഷീർ ബഷി ലൈം ലൈറ്റിലേക്ക് എത്തുന്നത്. ബിഗ് ബോസിൽ പങ്കെടുത്തശേഷം യുട്യൂബ് ചാനലും ആരംഭിച്ചു. ആറോളം യുട്യൂബ് ചാനലുകൾ ബഷീറിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുണ്ട്. ഭാര്യമാരായ സുഹാനയും മഷൂറയുമെല്ലാം വ്ലോഗുകളുമെല്ലാമായി യുട്യൂബിൽ സജീവമാണ്.

രണ്ട് ഭാര്യമാരിലും കൂടി മൂന്ന് മക്കളുണ്ട് ബഷീറിന്. ആദ്യ ഭാര്യ സുഹാനയ്ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്ന് കുറച്ച് മാസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് സുഹാനയുടെ സമ്മതത്തോടെ മഷൂറയെ ജീവിതത്തിലേക്ക് ബഷീർ കൂട്ടിയത്. മംഗലാപുരം സ്വദേശിനിയായ മഷൂറയുടെ ആദ്യ വിവാഹമായിരുന്നു. താൻ രണ്ട് തവണ വിവാഹിതനായിട്ടുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ രീതിയിലുള്ള വിമർശനം സോഷ്യൽമീഡിയയിൽ നിന്നും വന്നിരുന്നു.
എന്നാൽ ബഷീറും കുടുംബവും വിമർശനങ്ങൾക്ക് ചെവി കൊടുക്കാതെ സന്തോഷകരമായി ജീവിതം തുടർന്നു. എന്റെ കാര്യത്തില്‍ എല്ലാം സന്തോഷമാണ്. മറ്റാരും ഇത് അനുകരിച്ച് നോക്കേണ്ടതില്ലെന്നാണ് രണ്ട് ഭാര്യമാരുള്ള ജീവിതത്തെ വിമർശിച്ചവരോട് ബഷീർ മുമ്പൊരിക്കൽ പറഞ്ഞത്.
ബിഗ് ബോസിനുശേഷം രണ്ട് ഭാര്യമാർക്കൊപ്പം വേറെയും ചില ടെലിവിഷൻ പരിപാടികളിൽ ബഷീർ പങ്കെടുത്തിരുന്നു. സോഷ്യൽമീഡിയ താരം മാത്രമല്ല ഇപ്പോൾ ബഷീർ ബഷി. സ്വന്തമായി വിവിധതരം ബിസിനസുകളും ബഷീറിനുണ്ട്. ഇപ്പോഴിതാ ബഷീർ പങ്കിട്ട പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ബഷി റോക്ക്ഡ് മഷു ഷോക്ക്ഡ് മസ്റ്റ് വാച്ച് വ്ലോഗ് എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്.
മഷൂറയുടെ ഉമ്മയും കൊച്ചിയിൽ മകൾക്കും കുടുംബത്തിനുമൊപ്പം കുറച്ച് ദിവസം ചിലവഴിക്കാൻ എത്തിയിരുന്നു. അതിന്റെ ഭാഗമായി ബഷീറും കുടുംബവും പുറത്ത് പോയിരുന്നു. പൊതുവെ ഇത്തരം സമയങ്ങളിൽ അവയെല്ലാം ക്യാമറയിൽ പകർത്തി വ്ലോഗായി പുറത്തുവിടാറുള്ളത് മഷൂറയാണ്. എന്നാൽ ഇപ്രാവശ്യം മഷൂറ അത് മറന്നുപോയി. ഈ തക്കം നോക്കി ബഷീർ അകത്ത് പോയി ക്യാമറ എടുത്ത് വന്ന് വ്ലോഗിങ് ആരംഭിച്ചു.

പൊതുവെ എവിടെ പോവുമ്പോഴും ക്യാമറ എടുത്ത് വെക്കുന്ന ആള്‍ മഷുവാണ്. എന്നാല്‍ ഈ പ്രാവശ്യം വീഡിയോ എടുക്കുന്നത് ഞാനാണ്. എന്റെ ചാനലിലൂടെ തന്നെ പുറത്തുവിടുകയും ചെയ്യുമെന്ന് പറഞ്ഞാണ് ബഷീറിന്റെ വീഡിയോ ആരംഭിക്കുന്നത്.
ക്യാമറ എടുത്ത് വെച്ചിരുന്നതാണെന്നും എന്നാൽ ബാഗിൽ വെക്കാൻ മറന്നുപോയതാണെന്നും ഒരു കുഞ്ഞിന്റെ അമ്മയായതുകൊണ്ട് കാര്യങ്ങളെല്ലാം ഓഡറിൽ നടക്കുന്നില്ലെന്നും മാറിപോകാറുണ്ടെന്നുമാണ് വ്ലോഗ് ചെയ്യാൻ മറന്നുപോയതിനെ കുറിച്ച് മഷൂറ പറഞ്ഞത്.
നമുക്ക് ഒരുപാട് സംസാരിച്ച് ഈ വീഡിയോ പിടിച്ചെടുക്കാമെന്ന് സുഹാന പറഞ്ഞെങ്കിലും അത് നടക്കില്ലെന്നായിരുന്നു ബഷീറിന്റെ മറുപടി. ആറ് മാസത്തിനുശേഷമാണ് മഷൂറയുടെ ഉമ്മ കൊച്ചിയിൽ വന്നത്. അതുകൊണ്ട് തന്നെ ബന്ധുവീട് സന്ദർശനമാണ് ഔട്ടിങിന്റെ പ്രധാന ഉദ്ദേശം.
വീഡിയോയിൽ സുഹാനയുമായുള്ള തന്റെ ബോണ്ടിങ് എത്തരത്തിലുള്ളതാണെന്നും മഷൂറ പറഞ്ഞു. എന്ത് പ്രശ്‌നം വന്നാലും സോനു എപ്പോഴും എന്റെ കൂടെ നില്‍ക്കാറുണ്ട്. ഇതുവരെ അങ്ങനെയായിരുന്നു. ഇനി എങ്ങനെയാണെന്ന് എനിക്കറിയില്ല. ഞങ്ങളുടെ സ്റ്റാര്‍ ഭയങ്കര മാച്ചിങ്ങാണെന്ന് മഷൂറ പറഞ്ഞപ്പോൾ ആരും കണ്ണിടരുതെന്നായിരുന്നു സുഹാനയുടെ കമന്റ്.
എന്തെങ്കിലും ചിന്തിച്ച് കൊണ്ടിരിക്കുന്നതുകൊണ്ടോ അല്ലെങ്കില്‍ പുറത്തെ കാഴ്ചകളൊക്കെ നോക്കിയിരിക്കുന്നോണ്ടാണ് ചിലപ്പോള്‍ സംസാരിക്കാതെ ഇരിക്കുന്നത്. ആളുകള്‍ അത് കാണുമ്പോള്‍ തെറ്റിദ്ധരിക്കാറുണ്ട്. എപ്പോഴും ചിരിച്ചോണ്ടിരിക്കണമെന്ന് എല്ലാവരും തന്നോട് പറയാറുണ്ടെന്നും സുഹാന പറഞ്ഞു.
പതിവുപോലെ ഇത്തവണയും ബഷീറിന്റെ വീഡിയോ ട്രെന്റിങിൽ ഇടം നേടി. ബിസിനസ് തിരക്കുകളും യാത്രകളും കാരണം ഒരു മാസത്തിന് ശേഷമാണ് ബഷീർ ഒരു ലോങ് വീഡിയോയുമായി എത്തിയത്.


Click it and Unblock the Notifications