'ബഷിക്ക് എന്റെ മേലുള്ള വിശ്വാസം പോകുമല്ലോ എന്നതായിരുന്നു ഏറ്റവും സങ്കടം, അന്ന് ഞാൻ ഒരുപാട് കരഞ്ഞു'; മഷൂറ!
ഫാമിലി വ്ലോഗേഴ്സ് ആയതുകൊണ്ട് തന്നെ തങ്ങളുടെ കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും സന്തോഷവും സങ്കടവും എല്ലാം ബഷീറും കുടുംബവും വ്ലോഗായി ചെയ്ത് യുട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയുടെ ഏക സഹോദരൻ മഷൂക്കിന്റെ വിവാഹം. മാംഗ്ലൂരിൽ വെച്ച് നടന്ന വിവാഹത്തിൽ ബഷീറിന്റെ ബന്ധുക്കൾ അടക്കം പങ്കെടുക്കാൻ പോയിരുന്നു.
കഴിഞ്ഞ ദിവസമാണ് വിവാഹവും അതുമായി ബന്ധപ്പെട്ട തിരക്കുകളും കഴിഞ്ഞ് ബഷീറും കുടുംബവും കൊച്ചിയിൽ തിരികെ എത്തിയത്. എന്നാൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോൾ തനിക്ക് ഒട്ടും പ്രതീക്ഷിക്കാതെ വലിയൊരു ദുഖവും അവിടെ വെച്ച് ഉണ്ടായിയെന്ന് പറയുകയാണ് ഇപ്പോൾ മഷൂറ. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിലാണ് തനിക്കുണ്ടായ ഒരു നഷ്ടത്തെ കുറിച്ച് മഷൂറ പങ്കുവെച്ചത്.

മഷൂക്കിന്റെ വിവാഹത്തിനായി മാംഗ്ലൂർക്ക് പുറപ്പെടുന്നതിന് കുറച്ച് ദിവസം മുമ്പായിരുന്നു മഷൂറയുടെ പിറന്നാൾ. എബ്രാൻ പിറന്നശേഷമുള്ള മഷൂറയുടെ ആദ്യ പിറന്നാൾ ആയതുകൊണ്ട് എല്ലാവരും അത് ഗംഭീരമായി ആഘോഷിച്ചു. അക്കൂട്ടത്തിൽ ബഷീർ മഷൂറയ്ക്ക് ഒരു സമ്മാനം നൽകിയിരുന്നു. ഒരു ഡയമണ്ട് നെക്ലേസ് ആയിരുന്നു ബഷീർ പ്രിയ ഭാര്യയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്.
ബഷീറിന്റെ മകൾ സുനൈനയും ബഷീറും ചേർന്നാണ് നെക്ലേസ് സെലക്ട് ചെയ്തത്. സിംപിൾ ആഭരണങ്ങളോടാണ് മഷൂറയ്ക്ക് എപ്പോഴും പ്രിയം. ആ ഇഷ്ടം മനസിലാക്കി സുനൈനയാണ് മഷൂറയ്ക്ക് ഡയമണ്ടിൽ തീർത്ത സിംപിൾ നെക്ലേസ് സമ്മാനമായി വാങ്ങി നൽകാമെന്ന് നിർദേശിച്ചത്.
സുനൈനയുടെ ഊഹം തെറ്റിയില്ല. സുനുവിന്റെയും ബഷീറിന്റെയും സെലക്ഷൻ മഷൂറയ്ക്കും നന്നായി ഇഷ്ടപ്പെട്ടു. പിറന്നാൾ സമ്മാനങ്ങൾ അൺബോക്സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചപ്പോൾ മഷൂറ ഏറ്റവും കൂടുതൽ സംസാരിച്ചതും ബഷീറിന്റെ ഡയമണ്ട് നെക്ലേസിനെ കുറിച്ചായിരുന്നു. എന്നാൽ മാംഗ്ലൂരിൽ മഷൂക്കിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി പോയപ്പോൾ മഷൂറയ്ക്ക് ആ നെക്ലേസ് നഷ്ടമായി.
വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഷോപ്പിങ് നടത്തിയിരുന്നുവെന്നും ആ സമയത്ത് എപ്പഴോവാണ് നെക്ലേസ് തനിക്ക് നഷ്ടപ്പെട്ടത് എന്നുമാണ് മഷൂറ പുതിയ വീഡിയോയിൽ പറയുന്നത്. നെക്ലേസ് ആരുടെ എങ്കിലും കയ്യിൽ കിട്ടിയിട്ടുണ്ടെങ്കിൽ തിരിച്ച് തരാൻ മനസ് കാണിക്കണമെന്നും മഷൂറ പറയുന്നു.

ഒരു മാസം പോലും താൻ ആ നെക്ലേസ് ഉപയോഗിച്ചിട്ടില്ലെന്നും അത് നഷ്ടപ്പെട്ടശേഷം താൻ ഒരുപാട് വിഷമിച്ചുവെന്നും മഷൂറ പറയുന്നു. 'മാംഗ്ലൂരിൽ എത്തിയശേഷം ഒരുപാട് ഷോപ്പിങ് നടത്തിയിരുന്നു. അതിൽ ഒരു വീഡിയോയുടെ തുടക്ക ഭാഗത്ത് നെക്ലേസ് കഴുത്തിലുണ്ട്. പിന്നീടാണ് അത് നഷ്ടപ്പെട്ടത്. പക്ഷെ എവിടെ വെച്ചാണ് നഷ്‍ടപ്പെട്ടത് എന്നതിൽ വ്യക്തതയില്ല.'
'ഞങ്ങൾ പോയ കടകളിൽ എല്ലാം വിളിച്ച് അന്വേഷിക്കുകയും സിസിടിവി പരിശോദിക്കുകയുമെല്ലാം ചെയ്തിരുന്നു. അന്നേ ദിവസം നെക്ലേസ് നഷ്ടപ്പെട്ടത് ഞാൻ അറിഞ്ഞില്ല. ശേഷം സോനുവുമായി വിവാഹത്തിന് എന്ത് ആഭരണം ധരിക്കണം എന്ത് വസ്ത്രം ധരിക്കണം എന്നൊക്കെ ചർച്ച ചെയ്തപ്പോഴാണ് നെക്ലേസ് നഷ്ടപ്പെട്ടുവെന്ന് ഞാൻ മനസിലാക്കിയത്. അതോടെ എനിക്ക് ഷോക്കായി.'
'മാല നഷ്ടപ്പെട്ടശേഷം ബഷിയെ ഫേസ് ചെയ്യാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. നഷ്ടപ്പെട്ട് പോയതിന്റെ ഗിൽറ്റായിരുന്നു മനസ് മുഴുവൻ. ബഷി എന്നോട് ദേഷ്യപ്പെട്ടില്ല. പക്ഷെ ബഷി പറയുന്നത് കേൾക്കുമ്പോൾ എനിക്ക് സങ്കടം വരികയായിരുന്നു. സോനുവിനോട് ഞാൻ വിഷമം പറഞ്ഞ് തീർക്കുകയായിരുന്നു. ഞാൻ എപ്പോഴും ഓർഗനൈസ്ഡ് ആയിട്ടുള്ള ആളായിരുന്നു. അതുകൊണ്ട് തന്നെ നഷ്ടപ്പെട്ടത് വലിയ സങ്കടമായി.'
മാത്രമല്ല ബഷിക്ക് എന്റെ മേലുള്ള വിശ്വാസം പോകുമല്ലോ എന്നതായിരുന്നു ഏറ്റവും സങ്കടമെന്നും', മഷൂറ പറയുന്നു. ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യുന്നത് പോലും അത് ആർക്കെങ്കിലും കിട്ടിയിട്ട് അവർ തിരിച്ച് തരാൻ മനസ് കാണിച്ചാലോയെന്ന് കരുതിയാണെന്നും മഷൂറയും ബഷീറും കൂട്ടിച്ചേർത്തു.


Click it and Unblock the Notifications