'നസ്ലിനൊപ്പം പിടിച്ച് നിൽക്കാൻ മാറ്റം വേണം, വിജയിയുടേയും പ്രണവ് മോഹൻലാലിന്റെയും മിക്സാണ് മാത്യു'; വീഡിയോ
കുമ്പളങ്ങി നൈറ്റ്സിലെ വാതിലില്ലാ വീട്ടിലെ നാല് സഹോദരന്മാരില്‍ ഏറ്റവും ഇളയവനായ ഫ്രാങ്കിയായി വന്ന് ഹൃദയം കീഴടക്കിയ യുവപ്രതിഭയാണ് മാത്യു തോമസ്. ഭാവിയിൽ മലയാള സിനിമയെ നയിക്കാൻ പോകുന്ന യുവതാരങ്ങളുടെ കൂട്ടത്തിലാണ് മാത്യുവിനും സ്ഥാനം. തൊട്ടതെല്ലാം പൊന്നാക്കി തീർത്ത താരം മലയാളവും കടന്ന് തമിഴിൽ വരെ തിരക്കുള്ള നടനായി മാറി കഴിഞ്ഞു.
കുമ്പളങ്ങി നൈറ്റ്സ് കണ്ടിറങ്ങിയവര്‍ സ്നേഹത്തോടെയും വാത്സല്യത്തോടെയും ഹൃദയത്തലേറ്റിയ തിരുവാങ്കുളം സ്വദേശി മാത്യു തോമസ് വളരെ ചുരുങ്ങിയ കാലയളവിലാണ് മുൻനിര താരങ്ങളുടെ നിരയിലേക്ക് വന്നത്. ആറ് വർഷത്തെ സിനിമ ജീവിതത്തിനിടെ മാത്യു ചെയ്തതിൽ രണ്ടോ മൂന്നോ സിനിമകൾ മാത്രമാണ് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത്. സ്ക്രിപ്റ്റ് സെലക്ഷനിൽ കാണിക്കുന്ന ശ്രദ്ധയാണ് മാത്യുവിന്റെ സക്സസ്ഫുൾ കരിയറിന് പിന്നിലെന്നാണ് സിനിമാപ്രേമികളുടെ പക്ഷം.

പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കുമ്പളങ്ങി നൈറ്റ്സിലേക്കുള്ള ഓഡിഷൻ നടക്കുന്നതായി മാത്യു അറിഞ്ഞത്. തുടർന്ന് സ്കൂളിൽ നടന്ന ഒരു ഓഡീഷനിൽ പങ്കെടുത്തു. ചുമ്മ പങ്കെടുത്ത് നോക്കിയതാണെങ്കിലും ഭാഗ്യം തുണച്ചു. പിന്നീട് നടന്നതൊക്കെ ചരിത്രം. പ്രേമലുവാണ് അവസാനം മാത്യു അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ. തോമസ് എന്ന കാമിയോ റോളായിരുന്നുവെങ്കിലും നായകനും നായികയ്ക്കുമൊപ്പം തന്നെ മാത്യുവിന്റെ തോമസ് എന്ന കഥാപാത്രവും സ്കോർ ചെയ്തു.
ദളപതി വിജയിയുടെ മകനായി ലിയോ എന്ന സിനിമയിലൂടെയായിരുന്നു മാത്യുവിന്റെ തമിഴ് സിനിമാ അരങ്ങേറ്റം. ലിയോയും മാത്യുവിന്റെ സിദ്ധു എന്ന കഥാപാത്രവും ഹിറ്റായിരുന്നു. ഇപ്പോൾ കരിയറിലെ രണ്ടാമത്തെ തമിഴ് സിനിമയായ നിലാവുക്ക് എൻ മേൽ എന്നടി കോപം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം.
അതേസമയം കുറേനാളുകൾക്കുശേഷം മാത്യു കഴിഞ്ഞ ദിവസം ഒരു സിനിമയുടെ ലോഞ്ചിങ് ചടങ്ങിന് എത്തിയിരുന്നു. നൈറ്റ് റൈഡർസ് എന്ന ചിത്രത്തിൽ മാത്യു തന്നെയാണ് കേന്ദ്രകഥപാത്രം ചെയ്യുന്നത്. ചിത്രസംയോജകൻ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ലോഞ്ചിങ് ചടങ്ങിന്റെ വീഡിയോ വൈറലായതോടെ എല്ലാവരും അമ്പരന്നത് മാത്യുവിന്റെ മേക്കോവർ കണ്ടിട്ടാണ്.
അടിമുടി മാറി ഒരു ഹീറോ ലുക്കിലെത്തി കഴിഞ്ഞു മാത്യു. ചുരുളൻ മുടി സ്ട്രെയ്റ്റ് ചെയ്ത് താടി മനോഹരമായി ഷേപ്പ് ചെയ്ത് സ്മാർട്ട് ലുക്കിലാണ് മാത്യു എത്തിയത്. മാത്യു ആളാകെ മാറിയെന്നാണ് വീഡോയ്ക്ക് വന്ന കമന്റുകൾ ഏറെയും. ഓഫ് വൈറ്റ് നിറത്തിലുള്ള ഓവർസൈസ്ഡ് എംബ്രോയ്ഡറേഡ് റിസോർട്ട് ഷർട്ടാണ് മാത്യു ധരിച്ചിരുന്നത്.

മുടിയിലും താടിയിലും മാറ്റം വരുത്തിയതോടെ ചെക്കൻ ഒരു കൊച്ചു സുന്ദരനായി എന്നാണ് ഏറെയും കമന്റുകൾ. മറ്റ് ചിലർ പ്രണവ് മോഹൻലാലിനോടും വിജയിയോടുമാണ് മാത്യുവിനെ ഉപമിച്ചത്. വിജയിയുടേയും പ്രണവ് മോഹൻലാലിന്റെയും മിക്സാണ് മാത്യു, ഒരു പ്രണവ് മോഹൻലാൽ വിജയ് കട്ട് പോലെ, ചിരിക്കുമ്പോൾ മാത്യുവിന് വിജയിയുടെ ഛായ, ഒരു നിമിഷം പ്രണവ് മോഹൻലാലാണെന്ന് തെറ്റിദ്ധരിച്ചു എന്നിങ്ങനെ നീളുന്നു കമന്റുകൾ.
സിനിമയിൽ വന്ന കാലം മുതൽ വിജയിയുമായി മാത്യുവിന് രൂപസാദൃശ്യമുണ്ടെന്നത് നിരന്തരം എല്ലാവരും പറയുന്ന ഒന്നാണ്. ചുരുളൻ മുടി സ്ട്രെയ്റ്റ് ചെയ്തതോടെയാണ് മാത്യുവിന്റെ രൂപത്തിൽ തന്നെ വൻ മാറ്റം സംഭവിച്ചത്. അതേസമയം ഇവൻ എന്താണ് വെളുക്കാൻ തേക്കുന്നത്?. താടിയും വന്നല്ലോ, നസ്ലിനൊപ്പം പിടിച്ച് നിൽക്കാൻ മാറ്റം വേണം എന്ന് മനസിലായിക്കാണും തുടങ്ങി രസകരമായ കമന്റുകളുമുണ്ട്.
മാത്യുവിനൊപ്പം മലയള സിനിമയിൽ ചുവടുറപ്പിച്ച നസ്ലിനും പ്രേമലുവിനുശേഷം നായക വേഷങ്ങൾ ചെയ്ത് തുടങ്ങി. ഒരു റൊമാന്‍റിക്-കോമഡി എന്‍റർടെയിനർ ആയിരിക്കും ധനുഷിന്റെ സംവിധാനത്തിൽ മാത്യു പ്രധാന വേഷം ചെയ്യുന്ന നിലാവുക്ക് എൻ മേൽ എന്നടി കോപം സിനിമ. എ യൂഷ്വൽ ലവ് സ്റ്റോറി എന്ന ടാഗ് ലൈനുമായാണ് നിലവുക്ക് എൻമേൽ എന്നടീ കോപം വരുന്നത്.


Click it and Unblock the Notifications