'ഭാര്യ വിട്ടുപോകരുത് അതുകൊണ്ട് ഞാൻ മര്യാദയ്ക്ക് ജീവിക്കണം, സുരേഷ് ഗോപി ചേട്ടന് എതിരെയും ആരോപണങ്ങൾ വന്നില്ലേ'
സായ് സൂര്യ ഫിലിംസിന്റെ ബാനറിൽ ആദിത്യ സായ്, അലൻസിയർ ലേ ലോപ്പസ്, ജാഫർ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ.ജഗത് ലാൽ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവഹിക്കുന്ന മായാവനം എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. നാല് മെഡിക്കൽ കോളജ് വിദ്യാർത്ഥികളുടെ ജീവതത്തിൽ ആകസ്മികമായുണ്ടാകുന്ന ചില സംഭവങ്ങളുടെ കഥ കാടിന്റെ പശ്ചാത്തലത്തിൽ അണിയറപ്രവർത്തകർ ഒരുക്കിയതാണ് മായാവനം എന്ന സിനിമ.
ആക്ഷൻ-സർവൈവൽ ജോണറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ഗാനരചന-റഫീഖ് അഹമ്മദും ഛായാഗ്രഹണം ജോമോൻ തോമസുമാണ് നിർവഹിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം അലൻസിയറിന്റേതായി തിയേറ്ററുകളിലേക്ക് എത്തുന്ന സിനിമ കൂടിയാണ് മായാവനം.

അടുത്തിടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വിവാദ പരാമർശം നടത്തി അലൻസിയർ വാർത്തകളിൽ നിറഞ്ഞിരുന്നു. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശിൽപം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ അന്ന് അഭിനയം നിര്‍ത്തും എന്നാണ് അലൻസിയർ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ പ്രസംഗിക്കവെ പറഞ്ഞത്.
പ്രസംഗം വൈറലായപ്പോൾ നിരവധി പേർ അലൻസിയറിനെ വിമർശിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ മായാവനം സിനിമയുടെ പ്രമോഷനായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വിവാദങ്ങളോട് തനിക്കുള്ള മറുപടി അടക്കം പറഞ്ഞിരിക്കുകയാണ് അലൻസിയർ.
'പറയുന്നത് അതേപടിയല്ല കേൾക്കുന്നതും വ്യാഖ്യാനിക്കപ്പെടുന്നതും. പറയുന്ന അർത്ഥത്തിലല്ല എടുക്കുന്നത്. ഇന്നത്തെ കാലത്തായിരുന്നുവെങ്കിൽ കുഞ്ചൻ നമ്പ്യാർക്ക് പോലും ജീവിക്കാൻ പറ്റുമായിരുന്നില്ല. പല സാഹിത്യകാരന്മാരും എഴുത്തുകൾ നിർത്തുകയാണ്. സിനിമകൾ ചെയ്യുന്നില്ലെന്ന് പലരും തീരുമാനിക്കുകയാണ്.'
'പൊളിറ്റിക്കൽ കറക്ട്നെസ് ഇഷ്ടപ്പെടുന്നില്ല. ഇന്ദ്രസേട്ടനെ കൊടക്കമ്പിയെന്ന് വിളിച്ച് എത്ര തവണ സൊസൈറ്റിയും മാധ്യമങ്ങളും അപമാനിച്ചിരിക്കുന്നു. അത് ബോഡി ഷെയ്മിങ് അല്ലേ. അതുപോലെ ഞാൻ സ്ത്രീ വിരുദ്ധനല്ല... എനിക്കൊപ്പം അഭിനയിച്ച സ്ത്രീകളോട് ചോദിച്ചാൽ അത് അറിയാം. അവരെ തൊട്ട് നോവിച്ചിട്ടുണ്ടോയെന്ന് ചോദിച്ച് നോക്കൂ. ആരോപണങ്ങളാകാം... സുരേഷ് ഗോപി ചേട്ടന് എതിരെയും ആരോപണം വന്നിട്ടുണ്ട്.'

'അതുപോലെ കലോത്സവ സമാപന വേദിയിൽ മമ്മൂക്ക സിഗരറ്റിനെ കുറിച്ച് പറഞ്ഞതും ദുർവ്യാഖ്യാനം ചെയ്തു. നർമ്മം പോലും പറയാൻ അവസരമില്ലാത്ത കാലമാണ്. പറയുന്നത് വേറെ രീതിയിലാണ് എടുക്കുന്നത്. രാഷ്ട്രീയ നിലപാടുകൾ തുറന്ന് പറയുമ്പോൾ എന്റെ ഭാര്യയെ കൊണ്ട് മാത്രമെ എനിക്ക് ബുദ്ധിമുട്ടുള്ളു. കാരണം അവളാണ് എല്ലാം കേൾക്കേണ്ടി വരുന്നത്.'
'ഞാൻ പറഞ്ഞാൽ അത് അവിടെ കളയും. പക്ഷെ ഇതെല്ലാം ഏൽക്കുന്നത് വീട്ടിലിരിക്കുന്നവർക്കാണ്. അതുകൊണ്ട് ഭാര്യയാണ് സങ്കടപ്പെടുന്നത്. അവളാണ് വിഷമിക്കുന്നത്. ഞാൻ സ്ത്രീകളെ ആക്ഷേപിച്ചിട്ടില്ല. അവരെ ഉപഭോക വസ്തുവാക്കരുതെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. അവാർഡ് വാങ്ങിയപ്പോഴും അത് തന്നെയാണ് പറഞ്ഞത്. പ്രതിമ കിട്ടിയാൽ എന്നല്ല ശരീരം കിട്ടിയാൽ പോലും ഞാൻ പ്രകോപിതനാകുന്നില്ല.'
'2023ൽ എടുത്ത ഒരു തീരുമാനം ഭാര്യ എന്നെ വിട്ടുപോകരുത് എന്നതാണ്. അത് സംഭവിക്കാതിരിക്കാൻ അതുകൊണ്ട് ഞാൻ മര്യാദയ്ക്ക് ജീവിക്കണം. എനിക്ക് കിട്ടിയ സ്റ്റേറ്റ് അവാർഡ് എന്റെ മകളെപ്പോലെയാണ് കരുതുന്നത്. അത്രയും സ്നേഹത്തോടെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്', എന്നാണ് അലൻസിയർ പറഞ്ഞത്.


Click it and Unblock the Notifications