ആദ്യരാത്രിയിൽ ഞങ്ങൾ തിരിച്ചറിഞ്ഞ സത്യം, കടന്നുപോയത് വർഷങ്ങളല്ല, യുദ്ധങ്ങൾ: എംബി പത്മകുമാർ

തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് തുറന്നെഴുതി സംവിധായകൻ എംബി പത്മകുമാർ. തീർത്തും വ്യത്യസ്തരായ താനും ഭാര്യയും പിരിയാൻ തീരുമാനിച്ച ഘട്ടത്തെക്കുറിച്ചും പിന്നീടുണ്ടായ തിരിച്ചറിവുകളെക്കുറിച്ചുമാണ് എംബി പത്മകുമാർ ഫേസ്ബുക്ക് കുറിപ്പിൽ തുറന്നെഴുതിയത്. തലക്കെട്ട്: രണ്ട് ചിത്രങ്ങൾ, രണ്ട് ജന്മങ്ങൾ! "ഇത്രയും നല്ലൊരു കുടുംബം കിട്ടിയ താങ്കൾ എത്ര ഭാഗ്യവാനാണ്..." എൻ്റെ പോസ്റ്റുകൾക്ക് താഴെ സ്നേഹം കൊണ്ട് പലരും കുറിച്ചിടുന്ന വരിയാണിത്. ശരിയാണ്, ഉയർച്ചതാഴ്ചകളുടെ വേലിയേറ്റങ്ങൾക്കിടയിലും, പരസ്പരം താങ്ങായി നിൽക്കുന്ന ഈ കുടുംബം തന്നെയാണ് ഇന്ന് എന്റെ 'പവർ ഹൗസ്'.

പ്രിയപ്പെട്ടവരേ, സ്നേഹം പൂത്തുനിൽക്കുന്ന ഈ മരം ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല. ഈ രണ്ട് ചിത്രങ്ങളിലേക്കൊന്ന് സൂക്ഷിച്ചു നോക്കൂ. ആദ്യത്തെ ചിത്രത്തിൽ നിങ്ങൾ കാണുന്നത് ഞങ്ങളെല്ല, ഞങ്ങൾ അണിഞ്ഞ മുഖമൂടികളാണ്. പൗഡറിട്ട് മിനുക്കിയ മുഖങ്ങൾക്കും, ചുണ്ടിൽ ഒട്ടിച്ചുവെച്ച കൃത്രിമമായ ചിരിക്കുമപ്പുറം, പുകയുന്ന അഗ്നിപർവ്വതങ്ങളായിരുന്നു അന്ന് ഞങ്ങളുടെ മനസ്സുകൾ. എന്റെ മുടിപോലെ. അഭിനയിക്കുകയായിരുന്നു ഞങ്ങൾ, പരസ്പരം തോൽപ്പിക്കാൻ വേണ്ടി മാത്രം. എന്നാൽ രണ്ടാമത്തെ ചിത്രം... അതിൽ ചായങ്ങളില്ല. അതിൽ തെളിയുന്നത് മുഖങ്ങളല്ല, ഒന്നായിത്തീർന്ന മനസ്സുകളാണ്.

രണ്ട് ധ്രുവങ്ങളിലെ ഏകാന്ത സഞ്ചാരികൾ, കോട്ടയത്തെ ഏതോ കോണിൽ ജനിച്ച ചിത്രയും, മാന്നാറിൽ വളർന്ന ഞാനും. അദൃശ്യമായ ഏതോ നൂലിൽ കോർക്കപ്പെട്ട് വിവാഹമെന്ന ഉടമ്പടിയിൽ ഒന്നിച്ചവർ. പക്ഷേ, ആ ഒത്തുചേരൽ രണ്ട് ധ്രുവങ്ങളുടെ കൂട്ടിയിടിയായിരുന്നു.
എനിക്ക് ചിത്രയിൽ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. എൻ്റെ അമ്മയെപ്പോലെ രുചിയുള്ള ഭക്ഷണം വിളമ്പുന്നവളായി, എൻ്റെ മൗനം പോലും വായിക്കുന്ന കൂട്ടുകാരിയായി, ഞാൻ ആഗ്രഹിക്കുന്ന രൂപത്തിലേക്ക് അവളൊന്നു മാറിക്കിട്ടാൻ ഞാൻ കൊതിച്ചു.

മറുവശത്ത് ചിത്രയ്ക്കുമുണ്ടായിരുന്നു സ്വപ്നങ്ങൾ. തനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന, തൻ്റെ ലോകം മാത്രമായി മാറുന്ന ഒരു പുരുഷൻ. കലയോടോ സിനിമയോടോ പ്രണയമില്ലാത്ത,തന്റെ വീട്ടുകാരെ മാത്രം സ്നേഹിക്കുന്ന സാധാരണക്കാരിയായ ചിത്രക്ക് എൻ്റെ ലോകം അപരിചിതമായിരുന്നു. ആദ്യരാത്രിയിൽ തന്നെ ഞങ്ങൾ തിരിച്ചറിഞ്ഞ സത്യം അതായിരുന്നു, ഞങ്ങൾ രണ്ട് ധ്രുവങ്ങളിലാണ്.

MB Padmakumar
Photo Credit: MB Padmakumar / Facebook

പത്ത് ജാതകപ്പൊരുത്തങ്ങൾക്കും കൂട്ടിയിണക്കാൻ കഴിയാത്തത്ര അകലം! പിന്നീട് കടന്നുപോയത് വർഷങ്ങളല്ല, യുദ്ധങ്ങളായിരുന്നു. പുറമെ ശാന്തമെന്ന് തോന്നിക്കുമ്പോഴും അകത്ത് ചുഴലിക്കാറ്റുകൾ വീശിയടിച്ചു. താലി അറുത്തുമാറ്റൽ എന്ന വലിയ തീരുമാനത്തിലേക്ക് വീട്ടുകാർ ഞങ്ങളെ എത്തിച്ചു. അതിനിടയിൽ... ഞങ്ങൾ പോലും അറിയാതെ വിങ്ങിപ്പൊട്ടിയത് ഞങ്ങളുടെ കുഞ്ഞുങ്ങളാണ്. അച്ഛന്റെയും അമ്മയുടെയും വാശികൾക്കിടയിൽ ശ്വാസം മുട്ടിപ്പോയ നിശബ്ദ സാക്ഷികൾ. അവരുടെ കണ്ണീര് കാണാൻ അന്ന് ഞങ്ങളുടെ കണ്ണുകളിൽ ഈഗോയുടെ തിമിരം ബാധിച്ചിരുന്നു.

തോൽക്കാൻ മനസ്സുകാണിച്ച നിമിഷം. കുടുംബം ഒരു പാഠശാലയാണ് വിട്ടുവീഴ്ച എന്നത് തോൽക്കലല്ല, മറിച്ച് സ്നേഹത്തിന് വേണ്ടിയുള്ള വിജയമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ തോൽക്കാൻ തയ്യാറായപ്പോൾ... അത്ഭുതമെന്ന് പറയട്ടെ, മറുഭാഗത്തും തിരകൾ ശാന്തമാകാൻ തുടങ്ങി. ഇന്നെനിക്ക് നെഞ്ചിൽ കൈവെച്ച് പറയാം, "കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം". ഇതെഴുതുമ്പോൾ ആ ഇമ്പം എന്നെ പൊതിഞ്ഞുനിൽക്കുന്നുണ്ട്.

പുറത്ത് ലോകം ഇടിഞ്ഞുവീണാലും, വാതിൽക്കൽ കാവലായി സ്നേഹമുള്ള കൈകൾ ഉണ്ടെങ്കിൽ പിന്നെ ഭയമില്ല. എൻ്റെ വീട്ടിൽ ഇന്ന് മതിലുകളില്ല, പക്ഷേ അതിരുകളുണ്ട്. ആരും ആരുടേയും സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറാത്ത, പരസ്പരം ബഹുമാനിക്കുന്ന അതിരുകൾ.
സുഹൃത്തുക്കളെ, നല്ലൊരു കുടുംബം ആരും സമ്മാനമായി തരുന്നതല്ല. അടയിരിക്കുന്ന പക്ഷി മുട്ട വിരിയിക്കുന്നതുപോലെ, ക്ഷമയോടെ, നോവോടെ കാത്തിരുന്ന് വിരിയിച്ചെടുക്കേണ്ട ഒന്നാണത്.

അതിന് വേണ്ട ചൂടും തണലും നമ്മൾ തന്നെ നൽകണം. ഓർക്കുക, കുടുംബം ഒരിക്കലും ഒരു നാടകവേദിയാകരുത്. നാടകത്തിൽ മാത്രമേ വേഷങ്ങൾ ആവശ്യമുള്ളൂ. വീട്ടിൽ നമ്മൾ പച്ചയായ മനുഷ്യരാകണം. വാക്കുകളിൽ ഒതുക്കാതെ, അറിഞ്ഞ് അനുഭവിക്കേണ്ട ഒന്നാണ് കുടുംബം. അതൊരുപക്ഷേ ഭൂമിയിലെ സ്വർഗ്ഗമല്ല... മനുഷ്യന് ആകെയുള്ള സ്വർഗ്ഗം അതുമാത്രമാണ്.

ഈ വരികൾ വായിച്ചു തീരുമ്പോൾ, ഒരു നിമിഷം... വെറുതെ ഒന്ന് കണ്ണടച്ച്, സ്വന്തം നെഞ്ചിൽ കൈവെച്ച് നിങ്ങളൊന്നു ചോദിച്ചുനോക്കൂ... നിങ്ങളുടെ കുടുംബം ഇന്ന് നിങ്ങൾക്ക് സമ്മാനിക്കുന്നത് എന്താണ്? ആത്മാവ് തൊടുന്ന സന്തോഷമോ? അതോ ഉള്ളുനീറുന്ന സന്താപമോ? നിങ്ങൾ അവിടെ ജീവിക്കുകയാണോ? അതോ മറ്റാർക്കോ വേണ്ടി വേഷംകെട്ടുകയാണോ? ഉത്തരം എന്തുതന്നെയായാലും, ആ ഉത്തരമാണ് നിങ്ങളുടെ ജീവിതത്തിന്റെ നേർസാക്ഷ്യം.

കലുഷിതമായ ഇന്നലെകളിൽ നിന്ന് ഇമ്പമുള്ള ഇന്നിലേക്കുള്ള ഞങ്ങളുടെ ഈ ദൂരമെത്രയെന്ന് ഇവിടെ കുറിച്ചിടാൻ ഈ ഫേസ്ബുക്ക് താളുകൾ മതിയാവില്ല. അത് കണ്ണീരും വിയർപ്പും വീണ വലിയൊരു യാത്രയാണ്. ഇരുട്ടിൽ വഴിതെറ്റി നിൽക്കുന്ന പല കുടുംബങ്ങൾക്കും അതൊരു വഴിവിളക്കാകുമെന്ന് എനിക്കുറപ്പുണ്ട്. ആ അനുഭവങ്ങളുടെ നേർസാക്ഷ്യം, വൈകാതെ ഒരു പുസ്തകത്താളുകളിലൂടെ ഞാൻ നിങ്ങളുടെ കൈകളിലെത്തിക്കും.

More from Filmibeat

Read more about: mb padmakumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X