കുലദെെവത്തിന് മുന്നിൽ പ്രാർത്ഥിക്കാൻ കണ്ണൂരിലെത്താറുണ്ട്, മലയാള സിനിമാ ലോകം പഠിപ്പിച്ചത്: മീന
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രത്യേക മമത നടി മീനയോടുണ്ട്. ഹിറ്റുകളുടെ നീണ്ട നിര മീനയ്ക്ക് കരിയറിലുണ്ട്. കരിയറിലെ ഓരോ ഘട്ടങ്ങളിലും മീനയെ മുന്നോട്ട് നയിച്ചത് പ്രേക്ഷക പിന്തുണയും സിനിമകളുടെ വൻ വിജയവുമാണ്. ഡാൻസ് സീനുകളിൽ മീന പ്രത്യേക മികവ് പുലർത്തി. രേഖ മേനോനുമായുള്ള പുതിയ അഭിമുഖത്തിൽ മീന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ചെറുപ്പത്തിലേ ഞാൻ ഭരതനാട്യവും വെസ്റ്റേൺ ഡാൻസും പഠിച്ചു. ഡാൻസ് ഞാൻ ആസ്വദിക്കുന്നു. അതെന്റെ പാഷനാണ്. സീനുകളേക്കാളും സോങ്സ് ചെയ്യുമ്പോൾ ഞാൻ വളരെ ഹാപ്പിയും എക്സെെറ്റഡും ആകും. എന്നാൽ പ്രഭുദേവ സർ, ചിരഞ്ജീവി സർ എന്നിവർക്കൊപ്പം ഡാൻസ് ചെയ്യുമ്പോൾ എനിക്ക് നന്നായി കഠിനാധ്വാനം ചെയ്യണം. ലാൽ സർ (മോഹൻലാൽ), മമ്മൂക്ക, രജിനികാന്ത് സർ എന്നിവരുടെ കണ്ണിൽ നോക്കി മുഴുവനായും നമുക്ക് സംസാരിക്കാൻ പറ്റില്ല.

അവരുടെ ഓറ അങ്ങനെയാണെന്നും മീന പറയുന്നു. തന്റെ അമ്മ മലയാളിയാണെന്നും മീന ചൂണ്ടിക്കാട്ടി. അമ്മയുടെ വീട് കണ്ണൂരാണ്. വർഷത്തിലൊരിക്കൽ ഞങ്ങൾ അവിടെ പോകും. ഞങ്ങളുടെ കുലദെെവം അവിടെയാണ്. അതിനാൽ എല്ലാ വർഷവും ഒരു തവണ പോയി തൊഴുമെന്നും മീന പറയുന്നു.
ഒരു ആക്ടറെന്ന നിലയിൽ വളരാൻ സാധിച്ചത് മലയാള സിനിമയിലൂടെയാണെന്നും മീന പറയുന്നുണ്ട്. തമിഴിലും തെലുങ്കിലും അഭിനയിച്ചതിൽ നിന്നും വ്യത്യസ്തമാണ് മലയാളത്തിൽ. അവിടെ ഞാൻ എന്ത് ചെയ്താലും ഓക്കെയാണ്. ഇനിയും ലൗഡ് ആയി ചെയ്യണമെന്നാണ് പറയുക. പ്രത്യേകിച്ചും തെലുങ്കിൽ ചില ക്യാരക്ടറുകൾക്ക് ഓവറായി അഭിനയിച്ചു. പക്ഷെ അവിടെ അത് സ്വീകരിക്കുകയും പ്രശംസിക്കപ്പടുകയും ചെയ്തു.
എന്നാൽ മലയാളത്തിൽ സ്വാഭാവികമായി അഭിനയിക്കണം. അഭിനയിക്കണം, പക്ഷെ അഭിനയിക്കരുത്. അതെങ്ങനെയെന്ന് ഞാൻ ചിന്തിച്ചു. ആദ്യം എനിക്ക് ബുദ്ധിമുട്ടായിരുന്നു. ആദ്യ മലയാള സിനിമ സ്വാന്തനത്തിൽ ഞാൻ വലിയ ഭാവങ്ങൾ കൊടുക്കുമ്പോൾ അത്രയും വേണ്ട, സാധാരണ സംസാരിക്കുന്നത് പോലെ സംസാരിച്ചാൽ മതിയെന്ന് സിബി മലയിൽ സർ പറഞ്ഞു. അതെങ്ങനെ ശരിയാകും, പ്രേക്ഷകരിലേക്ക് എത്തുമോ എന്നെല്ലാം സംശയമുണ്ടായിരുന്നു. പിന്നീട് വർണപകിട്ടിൽ ലാൽ സർ അഭിനയിക്കുന്നത് ശ്രദ്ധിച്ചു. അങ്ങനെയാണ് സ്വാഭാവിക അഭിനയം മനസിലാകുന്നതെന്നും മീന പറയുന്നു.


Click it and Unblock the Notifications
















