കല്യാണം കഴിഞ്ഞപ്പോഴേ എനിക്ക് മനസിലായി, അമ്മ മുൻകൂട്ടി കാര്യങ്ങൾ ചിന്തിക്കും; രണ്ടാം വിവാഹമോ? മീന പറയുന്നു
സിനിമാ പ്രേക്ഷകർക്ക് പ്രത്യേക മമത നടി മീനയോടുണ്ട്. കുട്ടിക്കാലത്തേ അഭിനയ രംഗത്തേക്ക് വന്ന മീന പിന്നീട് താരറാണിയായി മാറുന്നത് പ്രേക്ഷകർ കണ്ടതാണ്. തൊട്ടതെല്ലാം ഹിറ്റാക്കി കരിയറിൽ മുന്നോട്ട് പോയ മീന ഒരു കാലത്ത് ഭാഗ്യനായികയായാണ് കരിയറിൽ അറിയപ്പെട്ടത്. ഇന്നും തന്റേതായ സ്ഥാനം മീനയ്ക്ക് സിനിമാ ലോകത്തുണ്ട്. മീനയുടെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ ആരാധകർക്ക് അറിയാവുന്നതാണ്. 2022 ലായിരുന്നു ഭർത്താവ് വിദ്യാസാഗറിന്റെ മരണം. മകൾ നെെനിക അന്ന് കൊച്ചുകുട്ടിയാണ്. ഭർത്താവിന്റെ മരണം വലിയ ആഘാതമായെങ്കിലും മീന പതിയെ വിഷമഘട്ടത്തെ അതിജീവിച്ചു.
ഇപ്പോഴിതാ തന്നെക്കുറിച്ച് വരുന്ന ഗോസിപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് മീന. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ഈയടുത്ത കാലത്തായി എല്ലാവരും എന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നു. ഒരു കാര്യവുമില്ലാതെ ഇത്തരം ഗോസിപ്പുകൾ വരുന്നു. ആരെങ്കിലുമുണ്ടെങ്കിൽ എഴുതിയാൽ കുഴപ്പമില്ല. പക്ഷെ വെറുതെ പ്രചരിപ്പിക്കുന്നു.

ഞാനൊരു സ്ത്രീയും സെലിബ്രിറ്റിയും സിംഗിളുമായത് കൊണ്ട് അവർ മുതലെടുക്കുന്നു. എനിക്ക് അലോസരമുണ്ടാക്കുന്നുണ്ട്. എന്നാണെനിക്ക് ദേഷ്യം വരികയെന്ന് അറിയില്ല. എനിക്ക് നന്നായി ദേഷ്യം വരും. നെഗറ്റീവായ ഒന്നിലേക്കും എന്റെ സമയവും എനർജിയും കളയില്ല. ഞാൻ വളരെ പോസിറ്റീവായ വ്യക്തിയാണ്. എനിക്ക് സന്തോഷമാണിഷ്ടം. അതിലേക്ക് ശ്രദ്ധ കൊടുക്കുന്നതാണ് തന്റെ രീതിയെന്നും മീന പറയുന്നു.
എന്റെ അമ്മ എത്ര സ്ട്രോങ് ആണെന്ന് എന്റെ കല്യാണം കഴിഞ്ഞപ്പോഴേ എനിക്ക് മനസിലായി. അമ്മ മുൻകൂട്ടി കാര്യങ്ങൾ ചിന്തിക്കും. എന്തിന് അമ്മ വേണ്ട എന്ന് പറയുന്നെന്ന് മുമ്പ് എനിക്ക് തോന്നിയിരുന്നു. പിന്നീടെനിക്ക് മനസിലായി. പ്രത്യേകിച്ചും അമ്മയായ ശേഷം. മുമ്പ് ഒരു അമ്മ വേഷം ചെയ്യുന്നതിലും ഇപ്പോൾ അമ്മ വേഷം ചെയ്യുന്നതിലും എനിക്കൊരുപാട് വ്യത്യാസം തോന്നാറുണ്ട്. മുമ്പ് ഒരു ആക്ടിംഗ് മാത്രമാണ്. എന്നാൽ യഥാർത്ഥത്തിൽ അമ്മയായ ശേഷം ഒരുപാട് വ്യത്യാസമുണ്ട്.
അതെങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. പണ്ട് അമ്മ എന്നെ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിക്ക് പോകാനൊന്നും സമ്മതിക്കില്ലായിരുന്നു. എന്റെ സുഹൃത്തുക്കൾക്കേ അറിയാം. എന്തെങ്കിലും പ്ലാൻ ചെയ്യുമ്പോൾ പേരിന് എന്നോട് ചോദിക്കും. കാരണം ഞാൻ വരില്ലെന്ന് അവർക്കറിയാം. അതിൽ മാത്രമായിരുന്നു എനിക്ക് വിഷമം. എപ്പോഴും ഷൂട്ടിംഗും ഇന്റർവ്യൂയും സ്ക്രിപ്റ്റ് കേൾക്കലും മാത്രം. മറ്റൊന്നുമില്ലായിരുന്നു തനിക്ക് ചെയ്യാനെന്നും മീന ഓർത്തു.


Click it and Unblock the Notifications











