സൗന്ദര്യ മരിച്ച ഹെലികോപ്ടറിൽ ഞാനും പോകേണ്ടതായിരുന്നു, അന്നുണ്ടായത്; ആദ്യമായി വെളിപ്പെടുത്തി മീന
തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ജനപ്രീതി നേടിയ നടിയായിരുന്നു അന്തരിച്ച സൗന്ദര്യ. പഴയ കാല നടി സാവിത്രിക്ക് ശേഷം ടോളിവുഡിൽ കുടുംബ പ്രേക്ഷകരുടെ മനസ് കീഴടക്കിയ പ്രതിഭ. മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും സൗന്ദര്യയെ സിനിമാ ലോകവും ആരാധകരും മറന്നിട്ടില്ല. 2004 ഏപ്രിൽ 17 നാണ് ഹെലികോപ്‌ടർ അപകടത്തിൽ സൗന്ദര്യ മരിക്കുന്നത്. മരിക്കുമ്പോൾ സൗന്ദര്യ ഗർഭിണിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നടിയുടെ സഹോദരനും ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. സൗന്ദര്യയെക്കുറിച്ച് നടി മീന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അപകടത്തിൽ പെട്ട ഹെലികോപ്ടറിൽ സൗന്ദര്യക്കൊപ്പം താനും പോകേണ്ടതായിരുന്നു എന്നാണ് മീന പറയുന്നത്. സൗന്ദര്യ പങ്കെടുക്കാനിരുന്ന രാഷ്‌ട്രീയ പരിപാടിയിൽ നിന്നും തനിക്കും ക്ഷണം വന്നതാണ്. എന്നാൽ രാഷ്ട്രീയത്തോട് താൽപര്യമില്ലാത്തതിനാൽ ആ ക്ഷണം നിരസിച്ചു. ഷൂട്ട് ഉണ്ടെന്ന് പറഞ്ഞാണ് ഒഴിഞ്ഞ് മാറിയത്. സൗന്ദര്യയുടെ മരണ വാർത്ത തന്നെ ഏറെ വിഷമിപ്പിച്ചെന്നും മീന പറയുന്നു. മരണ വാർത്ത എനിക്ക് വലിയ ഞെട്ടലായി. ഇത്രയും വർഷങ്ങൾക്ക് ശേഷവും ഞാനതിൽ നിന്ന് പുറത്ത് വന്നിട്ടില്ല. ഞാനും സൗന്ദര്യയും വളരെ ക്ലോസ് ആയിരുന്നു. വളരെ നല്ല വ്യക്തിയായിരുന്നു അവൾ. വളരെ കഴിവുള്ളയാൾ. ഞങ്ങൾക്കിടയിലുണ്ടായിരുന്ന മത്സരം എപ്പോഴും ആരോഗ്യകരമായിരുന്നെന്നും മീന പറഞ്ഞു.

ചില സിനിമകളിൽ സൗന്ദര്യയും മീനയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മരിക്കുന്നതിന് ഒരു വർഷം മുമ്പാണ് സൗന്ദര്യ വിവാഹം കഴിക്കുന്നത്. സോഫ്റ്റ്വെയർ എൻജിനീയറായ ജിഎസ് രഘുവായിരുന്നു ഭർത്താവ്. അക്കാലഘട്ടത്തിൽ സൗന്ദര്യക്ക് കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിൽ തിരക്ക് കുറഞ്ഞിട്ടുണ്ട്. മലയാളത്തിൽ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് (2002), കിളിച്ചുണ്ടൻ മാമ്പഴം (2003) എന്നീ സിനിമകളിൽ സൗന്ദര്യ അഭിനയിക്കുന്നത്.
രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മീനയും മലയാളത്തിൽ തുടരെ സിനിമകൾ ചെയ്തിട്ടുണ്ട്. സൗന്ദര്യ-മോഹൻലാൽ ജോഡി പ്രേക്ഷകർ ഏറ്റെടുത്തതാണ്. എന്നാൽ ഇവരെ വീണ്ടും സിനിമകളിൽ ഒരുമിച്ച് കാണാൻ പ്രേക്ഷകർക്കായില്ല. അപ്പോഴേക്കും സൗന്ദര്യ ലോകത്തോട് വിട പറഞ്ഞു. അതേസമയം മീന മോഹൻലാലിനൊപ്പം തുടരെ സിനിമകൾ ചെയ്ത് ജനപ്രീതി നേടി. മോഹൻലാലിന് അന്നും ഇന്നും ഏറ്റവും മികച്ച ഓൺസ്ക്രീൻ നായിക മീനയാണെന്ന് അഭിപ്രായങ്ങൾ വരാറുണ്ട്. ദൃശ്യം 3 യാണ് ഇവർ ഒരുമിച്ച് വരാനിരിക്കുന്ന അടുത്ത സിനിമ.

മീനയ്ക്കും സൗന്ദര്യക്കും ഒപ്പമഭിനയിച്ച മിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും നല്ല കെമിസ്ട്രിയുണ്ടായിരുന്നു. തമിഴിൽ സൗന്ദര്യ രജിനികാന്തിനൊപ്പം അഭിനയിച്ച പടയപ്പയിലെ കെമിസ്ട്രിയാണ് ഇതിലേറെ ശ്രദ്ധേയമായത്. അരുണാചലം എന്ന സിനിമയിലും സൗന്ദര്യ രജിനിക്കൊപ്പം അഭിനയിച്ചു. കമൽഹാസനൊപ്പം കാതല കാതല എന്ന സിനിമയിലും നടി അഭിനയിച്ചു. തമിഴിൽ നടിയെ ഇന്നും ആരാധകർ ഓർക്കുന്നത് പടയപ്പ സിനിമയിലൂടെയാണ്.
തെലുങ്കിൽ വെങ്കടേശ്, ജഗപതി ബാബു തുടങ്ങിയവർക്കൊപ്പവും സൗന്ദര്യക്ക് നല്ല കെമിസ്ട്രിയുണ്ടായിരുന്നു. മരിച്ച് രണ്ട് പതിറ്റാണ്ട് പിന്നിട്ടെങ്കിലും സൗന്ദര്യയുടെ സിനിമകൾ ഇന്നും പ്രേക്ഷക മനസ്സിൽ മായാതെ നിലനിൽക്കുന്നു ജീവിതത്തിലുണ്ടായ വിഷമഘട്ടം നേരിട്ട് മുന്നോട്ട് പോകുകയാണ് മീനയിന്ന്. 2022 ലാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. നെെനിക എന്നാണ് മീനയുടെയും വിദ്യാ സാഗറിന്റെയും മകളുടെ പേര്.


Click it and Unblock the Notifications











