അദ്ദേഹവുമായി വർഷങ്ങളായുള്ള സൗഹൃദം; ഞാൻ മകളുടെ സ്കൂളിൽ പോകുമ്പോൾ; വിശേഷങ്ങൾ പങ്കുവെച്ച് മീന
സിനിമാ രംഗത്ത് അധികമാർക്കും അവകാശപ്പെടാനില്ലാത്ത കരിയർ ഗ്രാഫുള്ള നടിയാണ് മീന. ബാലതാരമായി സിനിമയിലേക്ക് കടന്ന വന്ന മീന നാൽപത് വർഷമായി കരിയറിൽ തുടരുന്നു. ഒട്ടനവധി ഹിറ്റ് സിനിമകൾ മീനയ്ക്ക് ലഭിച്ചു. മലയാളത്തിലും തമിഴിലും തെലുങ്കിലും സൂപ്പർസ്റ്റാറുകളുടെ നായികമായി അഭിനയിച്ച മീനയ്ക്ക് വലിയ ആരാധക വൃന്ദമുണ്ട്. സിനിമാ ലോകത്ത് ഏവർക്കും പ്രിയങ്കരിയാണ് മീന.
അടുത്തിടെ നടി സിനിമാ ലോകത്ത് 40 വർഷം പൂർത്തിയാക്കിയതിന്റെ അനുമോദന ചടങ്ങ് നടന്നപ്പോൾ രജിനികാന്ത് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിനെത്തി. ഏവർക്കും സംസാരിക്കാനുണ്ടായിരുന്നത് മീനയ്ക്കൊപ്പമുള്ള മറക്കാനാകാത്ത അനുഭവങ്ങളെക്കുറിച്ചാണ്. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീന. അനന്തപുരം ഡയറീസാണ് മീനയുടെ പുതിയ സിനിമ. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് മീനയിപ്പോൾ.

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മീന പങ്കുവെച്ച വിശേഷങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നടൻ മോഹൻലാലുമായി ഏറെക്കാലമായി സൗഹൃദമുണ്ടെന്ന് മീന പറയുന്നു. ഞങ്ങൾ ഒരുപാട് കാലമായി സുഹൃത്തുക്കളാണ്. ആദ്യം ചെയ്തത് വർണപ്പകിട്ടിൽ തന്നെ ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമുണ്ടായി. വർഷങ്ങൾ പിന്നിടവെ അത് കൂടുതൽ ശക്തമായെന്നും മീന വ്യക്തമാക്കി.
സിനിമയ്ക്കപ്പുറം പൊതുവിഷയങ്ങളിൽ അഭിപ്രായം പറയാത്തതിനെക്കുറിച്ചും മീന സംസാരിച്ചു. ആദ്യം മുതലേ കൂടുതൽ സംസാരിക്കുന്ന വ്യക്തിയല്ല ഞാൻ. കുറച്ച് ഇൻട്രൊവെർട്ട് ആണ്. ഇപ്പോൾ സോഷ്യൽ മീഡിയ വന്നെങ്കിലും എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാറില്ല. പ്രൊഫഷനപ്പുറം ഞാൻ വളരെ സ്വകാര്യതയുള്ള വ്യക്തിയാണെന്നും മീന വ്യക്തമാക്കി.

ഷൂട്ടില്ലാത്ത ദിവസങ്ങളിൽ കിടുന്നുറങ്ങും. അല്ലെങ്കിൽ സാധാരണ അമ്മമാരെ പോലെ മകളുടെ പിറകെ ആയിരിക്കും. എന്റെ കാലത്തെ പോലെയല്ല ഇപ്പോഴത്തെ പഠനം. വിർച്വൽ ആണ്. കണ്ട് മനസിലാക്കേണ്ടതാണ്. ക്ലാസിൽ പോയില്ലെങ്കിൽ ശരിയാകില്ല. സ്കൂൾ പഠനം കഴിഞ്ഞ് സിനിമയിൽ ആഗ്രഹം ഉണ്ടെങ്കിൽ അവൾക്ക് വരാമെന്ന് പറഞ്ഞു. അവൾക്കും ഓക്കെ ആയിരുന്നു. സുഹൃത്തുക്കളും പഠനവും കറക്കവുമാെക്കെയായി മകൾ തിരക്കിലാണ്. ചെറുപ്പത്തിൽ ഇതൊക്കെ ഞാൻ മിസ് ചെയ്തിരുന്നെന്നും മീന പറഞ്ഞു.
മകളുടെ സ്കൂളിൽ പാരന്റ്സ് മീറ്റിംഗിന് പോകുന്നതിനെക്കുറിച്ചും മീന സംസാരിച്ചു. നൈനികയുടെ അമ്മയായാണ് താൻ പോകാറ്. പക്ഷെ അവിടെ പലരും സെലിബ്രിറ്റിയായി കാണുന്നു. അവരുടെ സ്നേഹവും പരിഗണനയും സന്തോഷം തരുന്ന കാര്യമാണെന്നും മീന വ്യക്തമാക്കി.
40 വർഷമായി നായിക നിരയിൽ തുടരുന്നതിനെക്കുറിച്ചും മീന സംസാരിച്ചു. കഠിനാധ്വാനമാണ്. ഒരു സിനിമ കമ്മിറ്റ് ചെയ്ത ശേഷം വലിയൊരു സംവിധായകന്റെയോ പ്രൊഡക്ഷൻ ഹൗസിന്റെയോ സിനിമ വന്നാലും ആ സിനിമ വിട്ട് പോകില്ല.
കമ്മിറ്റ് ചെയ്ത ശേഷം ആ ഡേറ്റ് ആര് വന്ന് ചോദിച്ചാലും കൊടുക്കാൻ പറ്റില്ല. ആ ആത്മാർത്ഥതയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. പലപ്പോഴും യാത്രകളിലാണ് ഉറങ്ങിയതും. 48 മണിക്കൂർ വരെ ഉറക്കമില്ലാതെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഫ്ലെെറ്റ് യാത്രയിൽ ഒരു മണിക്കൂർ ഉറങ്ങുമായിരുന്നെന്നും മീന വ്യക്തമാക്കി. ഭർത്താവ് വിദ്യാസാഗറിന്റെ മരണമുണ്ടാക്കിയ ആഘാതം മറി കടന്ന മീന മകളുടെ കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നു.


Click it and Unblock the Notifications