ദൃശ്യം 2ൽ മേക്കപ്പിന്റെ പേരിൽ ട്രോൾ ചെയ്യപ്പെട്ടു; മൂന്നാം ഭാഗത്തിലെ മീനയുടെ ലുക്ക് മാറുമോ?
ദൃശ്യം എന്ന 2013ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം, മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായ സിനിമ പരമ്പരയ്‌ക്കാണ് തുടക്കമിട്ടത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത്, മീന നായികയായി എത്തിയ സിനിമ അതിന്റെ മൂന്നാം ഭാഗത്തിലേക്ക് കടക്കുകയാണ്. അടുത്തിടെ, പ്രശസ്ത നടിയുടെ പിറന്നാൾ ദിനത്തിൽ, ദൃശ്യം 3 ടീം ഒരു പുതിയ പോസ്റ്റർ പുറത്തിറക്കി അവർക്ക് ആശംസ അറിയിച്ചിരുന്നു. ഈ പോസ്റ്റർ പുറത്തു വന്നതോടെ, മോഹൻലാൽ - മീന ജോഡിയെ ഒരിക്കൽ കൂടി സ്‌ക്രീനിൽ കാണാൻ കാത്തിരുന്ന പ്രേക്ഷകർ ആകെ ആവേശത്തിലാണ്.
എന്നാൽ ദൃശ്യം 3 പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ സിനിമ പ്രേമികളിൽ ചിലരെങ്കിലും ഓർക്കുന്നത്, രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട വിമർശനങ്ങളിൽ ഒന്നാണ്. അന്ന്, നായിക മീനയുടെ മേക്കപ്പാണ് പ്രേക്ഷകർ ജീത്തു ജോസഫ് ചിത്രത്തിൽ ഏറ്റവും അസ്വാഭാവികമായ ഘടകമെന്ന് ഒരുപാട് പേർ അഭിപ്രായപ്പെട്ടിരുന്നു. ദൃശ്യം ഇറങ്ങിയപ്പോൾ തന്നെ ഈ വിമർശനം ചിലരെങ്കിലും ഉന്നയിച്ചിരുന്നുവെങ്കിലും, ദൃശ്യം 2ന്റെ റിലീസോടെയാണ് ഇത് ഏറെ ചർച്ചയായത്.

പത്താം ക്ലാസ് വരെ മാത്രം പഠിച്ച, ഗ്രാമത്തിൽ താമസിക്കുന്ന റാണി എന്ന കഥാപാത്രത്തെയാണ് മീന ചിത്രത്തിൽ അവതരിപ്പിച്ചത്. പ്രത്യേകിച്ച് രണ്ടാം ഭാഗത്തിൽ, ചെയ്തു പോയ കുറ്റകൃത്യം ഓർത്ത് പശ്ചാത്തപിക്കുന്ന, മകളുടെ അവസ്ഥ കണ്ട് ഏറെ വിഷമിക്കുന്ന വ്യക്തിയാണ് റാണി. എന്നാൽ നായിക മീന ചിത്രത്തിലെത്തിയത്, കളർ ചെയ്ത് ഭംഗിയാക്കിയ മുടിയും, വളരെ അസ്വാഭാവികമായ മേക്കപ്പുമായിട്ടാണ്. അന്ന് സോഷ്യൽ മീഡിയ പ്രേക്ഷകർ സംവിധായകൻ ജീത്തു ജോസഫിനെയും, പ്രശസ്ത താരത്തെയും, അവരുടെ മേക്കപ്പ് ടീമിനെയും ഏറെ വിമർശിക്കുകയും, ട്രോളുകയും ചെയ്തിരുന്നു.
കഥാപാത്രത്തിന്റെ സ്വഭാവത്തിന് ഒട്ടും ചേരാത്ത ഈ ലുക്ക് എന്തിന് അവർക്ക് കൊടുത്തുവെന്ന് ജീത്തു ജോസഫിനോട് ചോദിച്ചപ്പോൾ, അത് മീനയുടെ മാത്രം വാശിയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. റാണി ഒരു സാധാരണക്കാരിയായ സ്ത്രീയാണെന്നും, അവർക്ക് ഇത്രയും കനമുള്ള മേക്കപ്പോ, കളർ ചെയ്ത മുടിയോ ആവശ്യമില്ല എന്ന് എത്ര പറഞ്ഞു കൊടുത്തിട്ടും നടി അത് അംഗീകരിച്ചില്ല എന്നാണ് സംവിധായകൻ വെളിപ്പെടുത്തിയത്. മേക്കപ്പ് കുറയ്ക്കാനും, ലുക്ക് മാറ്റാനും ആവശ്യപ്പെടുമ്പോൾ അവർ ആകെ ദേഷ്യത്തിലാവുകയും ചെയ്തു. പക്ഷെ ചിത്രം പുറത്തു വന്നപ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെ ഇത് പ്രേക്ഷകർ വിമർശിച്ചു.

എന്തായാലും പിന്നീട് ഈ വിമർശനങ്ങളോട് പ്രതികരിച്ച മീന, തനിക്കും ദൃശ്യം 2 കണ്ടപ്പോൾ അത് തോന്നാതിരുന്നില്ല എന്നാണ് പറഞ്ഞത്. "ദൃശ്യം 2 ചെയ്ത് കഴിഞ്ഞ് അത് കണ്ടപ്പോള്‍ എനിക്കും അങ്ങനെയാണ് തോന്നിയത്. യഥാര്‍ത്ഥത്തില്‍ അതൊരു ഡള്‍ ആയിട്ടുള്ള ലിപ്സ്റ്റിക്കായിരുന്നു. പക്ഷെ പടത്തില്‍ ഡിഐവെ വര്‍ക്ക് ചെയ്‌തൊക്കെ കാണുമ്പോള്‍ ലുക്കിംഗ് സോ ബ്രൈറ്റ് ആന്റ് ഗ്ലാമറസ്. ഞാന്‍ പറഞ്ഞു എന്താ സാര്‍ മേക്കപ്പ് വേണ്ടാ വേണ്ടാ എന്ന് പറഞ്ഞിട്ട് ഇത്ര ഗ്ലാമറായിട്ടുണ്ടല്ലോ എന്ന്. ഈ പ്രശ്‌നത്തിന് എന്താണ് ഞാന്‍ ഉത്തരം പറയേണ്ടത് എന്ന് എനിക്ക് അറിയില്ല," നടി പറഞ്ഞു.
എന്തായാലും, ദൃശ്യം 3 പുറത്തിറങ്ങുമ്പോൾ മീന തന്റെ വാശി ഉപേക്ഷിക്കാനും, സംവിധായകൻ ജീത്തു ജോസഫിന്റെ നിർദ്ദേശം സ്വീകരിക്കാനും തയ്യാറാവുമെന്നാണ് ഇപ്പോൾ പ്രേക്ഷകർ വിശ്വസിക്കുന്നത്. നായികയുടെ ലുക്ക് മാറ്റുക മാത്രമല്ല, മോഹൻലാൽ ചിത്രത്തിൽ കുറച്ചുകൂടി നല്ല ടെക്നിക്കൽ ടീമിനെ കൂടി ഉൾപ്പെടുത്തണമെന്ന അഭിപ്രായക്കാരാണ് സോഷ്യൽ മീഡിയയിലെ വലിയൊരു വിഭാഗം സിനിമാ പ്രേമികളും.


Click it and Unblock the Notifications











