'എനിക്ക് ഇപ്പോഴും സിർലാക്ക് വാങ്ങിത്തരുന്നത് മധു അങ്കിൾ, എനിക്ക് വേണ്ടി ഏറ്റവും കൂടുതൽ എഫേർട്ട് ഇടുന്നവർ'
ബാലതാരമായി സിനിമയിലെത്തി മോഡലായും അവതാരകയായും എല്ലാം തിളങ്ങുന്ന പ്രതിഭയാണ് മീനാക്ഷി അനൂപ്. ഫ്ലേവേഴ്സ് ചാനലിൽ വർഷങ്ങളായി സംപ്രേഷണം ചെയ്യുന്ന ടോപ്പ് സിങർ എന്ന റിയാലിറ്റി ഷോയുടെ അവതാരകയായ മീനാക്ഷി ഗായകൻ മധു ബാലകൃഷ്ണനുമായും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ കാര്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ എഫേർട്ട് ഇടുന്നവർ മധു ബാലകൃഷ്ണനും ഭാര്യ വിധിതയുമാണെന്ന് മീനാക്ഷി പറയുന്നു.
ഈ ഇരുപത് വയസിലും മധു ബാലകൃഷ്ണനാണ് തനിക്ക് സിർലാക്ക് വാങ്ങിതരുന്നതെന്നും മീനാക്ഷി പറയുന്നു. മധു അങ്കിൾ എനിക്ക് ഏറ്റവും കൂടുതൽ വാങ്ങിത്തരാറുള്ളത് സിർലാക്കാണ്. കുഞ്ഞായിരിക്കുമ്പോൾ മുതൽ ഞാൻ ടോപ്പ് സിങറിന്റെ ഭാഗമാണ്.

കുഞ്ഞ് എന്ന് വെച്ചാൽ അന്നൊരു പത്ത്, പതിമൂന്ന് വയസ് കാണും. ആ സമയം തൊട്ട് എനിക്ക് സിർലാക്ക് വാങ്ങി തരുന്നത് മധു അങ്കിളാണ്. തീരുമ്പോൾ തീരുമ്പോൾ വാങ്ങിത്തരും. എന്റെ ഇരുപത് വയസിലും മധു അങ്കിളാണ് എനിക്ക് സിർലാക്ക് വാങ്ങി തരുന്നത്. മധു അങ്കിൾ മാത്രമല്ല വിധിത ആന്റിയും അതേ... എനിക്ക് എന്ത് വേണമെങ്കിലും വാങ്ങി തരും.
ഞാൻ ഇപ്പോഴും ഓർക്കുന്നു... മധു അങ്കിൾ എവിടെയോ പോയിട്ട് വന്നശേഷം കുനാഫ തിന്ന കഥ പറഞ്ഞു. ഞാൻ അപ്പോൾ മധു അങ്കിളിന്റെ അടുത്ത് പറഞ്ഞു. മധു അങ്കിൾ എനിക്ക് തരാതെ കുനാഫ കഴിച്ചില്ലേയെന്നും എനിക്കും കുനാഫ വേണമെന്നും. ചെറുപ്പം മുതൽ കാണുന്നവരായതുകൊണ്ട് എനിക്ക് എന്റെ വീട്ടിലുള്ള അതേ കംഫേർട്ട് സോണാണ് അവരുടെയെല്ലാം അടുത്ത്.
എനിക്ക് തരാതെ മധു അങ്കിൾ കുനാഫ തിന്നു. എനിക്ക് മേടിച്ച് തന്നില്ലെന്ന് എല്ലാം വിധിത ആന്റിയോടും ഞാൻ പരാതി പറഞ്ഞു. ആന്റി അന്ന് തൃപ്പൂണിത്തറയിലോ മറ്റോവാണ് ഉണ്ടായിരുന്നത്. ഉച്ചയായപ്പോഴാണ് കുനാഫ കിട്ടാത്ത പരാതി ഞാൻ ആന്റിയോട് പറഞ്ഞത്. രാത്രിയായപ്പോൾ മധു അങ്കിളിന്റെ വേറൊരു ലക്ഷ്വറി വണ്ടി ഷൂട്ട് നടക്കുന്നിടത്ത് വന്ന് നിന്നു.
മധു അങ്കിൾ ഇവിടെ ഉണ്ടല്ലോ പിന്നെ എന്തിനാണ് ഈ വണ്ടി വന്നത് എന്നൊക്കെ ഞാൻ ആലോചിച്ചു. അപ്പോഴാണ് ആന്റി വിളിച്ച് കാറിന് അടുത്തേക്ക് വരാനും സർപ്രൈസുണ്ടെന്നും പറഞ്ഞത്. ഞാൻ ചെന്ന് നോക്കിയപ്പോൾ ഒരു വണ്ടി നിറച്ച് കുനാഫ. ആ കടയിൽ കിട്ടുന്ന എല്ലാ ഫ്ലേവർ കുനാഫയും അതിൽ ഉണ്ടായിരുന്നു.

ആ സംഭവം ഞാൻ എത്ര വലുതായാലും മറക്കില്ല. അന്ന് കുനാഫ തിന്ന് തിന്ന് എനിക്ക് ചെകിടിച്ച് പോയി. അതുപോലെ ഞാൻ കഴിച്ചു. ഞാൻ പറഞ്ഞ കടയിൽ നിന്ന് പോലുമാണ് വാങ്ങിയത്. അത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമായിരുന്നു. എനിക്ക് അത് മറക്കാൻ പറ്റില്ല. എന്റെ എന്ത് കാര്യത്തിലും ഒരുപാട് എഫേർട്ട് ഇടുന്നവരാണ് മധു അങ്കിളും ആന്റിയും.
ഞാൻ എന്ത് വേണമെന്ന് പറഞ്ഞാലും കൊണ്ട് തരും. കഴിഞ്ഞ ദിവസം പുറത്ത് പോയപ്പോൾ എന്നോട് അങ്കിൾ ചോദിച്ചു ബെർത്ത് ഡെയ്ക്ക് എന്ത് ഗിഫ്റ്റ് വേണമെന്ന്. ഗുച്ചിയുടെ പെർഫ്യൂം വേണമെന്ന് ഞാൻ ചുമ്മ പറഞ്ഞു. പക്ഷെ മധു അങ്കിൾ എനിക്ക് ഗുച്ചിയുടെ പെർഫ്യൂം കൊണ്ട് വന്ന് തന്നു. എന്റെ സിർലാക്ക് തീരുന്നോയെന്ന് മധു അങ്കിൾ അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കും.
സിർലാക്കിന്റെ ഏത് ഫ്ലേവറാണ് എനിക്ക് ഇഷ്ടമെന്ന് വരെ മധു അങ്കിളിന് കറക്ടായി അറിയാം. വീട്ടിൽ ആരും എനിക്ക് സിർലാക്ക് വാങ്ങി തരാറില്ലെന്നും മധു ബാലകൃഷ്ണനുമായുള്ള ബന്ധം എത്ര ആഴത്തിലുള്ളതാണെന്ന് വെളിപ്പെടുത്തി മീനാക്ഷി പറഞ്ഞു.


Click it and Unblock the Notifications











