നിരന്തരം ട്രോൾ, ഗോട്ട് റിലീസിനുശേഷം ഡിപ്രഷനിലായി, നല്ല പ്രോജക്റ്റുകൾ തിരഞ്ഞെടുക്കണമെന്ന് മനസിലായി; മീനാക്ഷി
തെന്നിന്ത്യൻ സിനിമയിലെ റൈസിങ് സ്റ്റാർ എന്ന് വിളിക്കാവുന്ന ഹീറോയിനാണ് മീനാക്ഷി ചൗധരി. 2019 മുതൽ സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും ഗോട്ട് റിലീസിനുശേഷമാണ് നടിക്ക് തെന്നിന്ത്യയിൽ ആരാധകരുണ്ടായത്. മോഡലിങ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ മീനാക്ഷിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ലക്കി ഭാസ്കറായിരുന്നു. ദുൽഖർ സൽമാൻ നായകനായ സിനിമ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ്.
നടന്റെ ഭാര്യ റോളിൽ മീനാക്ഷി ഗംഭീര പ്രകടനം കാഴ്ചവെച്ചു. ദുൽഖർ കഴിഞ്ഞാൽ പിന്നെ ഈ ചിത്രത്തിൽ അഭിനയിച്ച് തകർത്ത മറ്റൊരു കഥാപാത്രം മീനാക്ഷിയുടേതായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ അഭിനയിക്കാൻ അറിയില്ലെന്ന് പരിഹസിച്ചവരെകൊണ്ട് തന്നെ കയ്യടിപ്പിക്കാൻ മീനാക്ഷിക്ക് സാധിച്ചു.

ദളപതി വിജയിയെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിയ സിനിമയായിരുന്നു ദിഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. വിജയിക്കും മീനാക്ഷിക്കും പുറമെ സ്നേഹ, പ്രശാന്ത്, പ്രഭുദേവ, ജയറാം തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. റിലീസിന് മുമ്പ് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന സിനിമയായിരുന്നുവെങ്കിലും റിലീസിനുശേഷം വലിയ രീതിയിൽ വിമർശനവും ട്രോളും ഗോട്ടിന് ലഭിച്ചു.
അക്കൂട്ടത്തിൽ മകൻ വിജയിയുടെ കാമുകി വേഷം ചെയ്തതിന്റെ പേരിൽ മീനാക്ഷിക്കും സോഷ്യൽമീഡിയ വഴി വലിയ വിമർശനവും ട്രോളും ലഭിച്ചു. മീനാക്ഷിക്ക് അഭിനയിക്കാൻ കഴിവില്ലെന്ന തരത്തിലായിരുന്നു ഏറെയും ട്രോളുകൾ. അത്തരം ട്രോളുകളും പരിഹാസവും തന്നെ മാനസീകമായി ബാധിച്ചിരുന്നുവെന്ന് പറയുകയാണ് മീനാക്ഷി ഇപ്പോൾ.
അടുത്തിടെ നടി നൽകിയ ഒരു അഭിമുഖത്തിലാണ് തൻ്റെ ജീവിതത്തിലെ പ്രയാസകരമായ ഒരു അധ്യായത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം വിജയ്‌യുടെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം പുറത്തിറങ്ങിയതിന് ശേഷം തൻ്റെ പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നും കഠിനമായ രീതിയിൽ ട്രോളുകൾ ലഭിച്ചുവെന്നും. ട്രോളും പരിഹാസവും തന്നെ വേദനിപ്പിക്കുകയും തന്നെ വിഷാദത്തിലേക്ക് തള്ളി വിടുകയും ചെയ്തുവെന്നും നടി വെളിപ്പെടുത്തി.
ഒരാഴ്ചയോളം എടുത്താണ് താൻ അതിൽ നിന്നെല്ലാം കരകയറിയതെന്നും നടി വെളിപ്പെടുത്തി. പിന്നീട് ലക്കി ബാസ്‌കർ ബ്ലോക്ക് ബസ്റ്ററായപ്പോൾ എനിക്ക് വളരെയധികം അഭിനന്ദനങ്ങൾ എല്ലായിടത്ത് നിന്നും ലഭിച്ചു. ശരിയായ പ്രോജക്റ്റുകൾ തിരഞ്ഞെടുക്കേണ്ടതിൻ്റെ പ്രാധാന്യം അതോടെ ഞാൻ മനലാക്കി എന്നുമാണ് മീനാക്ഷി അനുഭവം പങ്കുവെച്ച് പറഞ്ഞത്.

നവീൻ പോളിഷെട്ടി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന അനഗനാഗ ഒക രാജുവാണ് തെലുങ്കിൽ മീനാക്ഷി ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളിൽ ഒന്ന്. നിലവിൽ ജനുവരി 14ന് റിലീസ് ചെയ്യാൻ പോകുന്ന സംക്രാന്തിക്കി വാസ്തുന്നാം സിനിമയുടെ പ്രമോഷൻ തിരക്കിലാണ് മീനാക്ഷി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഹരിയാനയിൽ ജനിച്ച മീനാക്ഷി, 2018 മിസ് ഫെമിന ഇന്ത്യ മത്സരത്തിൽ മിസ് ഗ്രാൻഡ് ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. മിസ് ഗ്രാന്റ് ഇന്റർനാഷണലിൽ ഫസ്റ്റ് റണ്ണറപ്പുമായിരുന്നു. നാഷണൽ ദത്തൽ കോളേജിൽ നിന്ന് ദത്തൽ സർജറിയിൽ ബിരുദം നേടിയിട്ടുണ്ട്. ഔട്ട് ഓഫ് ലവ് എന്ന വെബ് സീരിസാണ് അഭിനയത്തിലേക്കുള്ള വഴി മീനാക്ഷിക്ക് തുറന്ന് കൊടുത്തത്. കൊലൈ, സിംഗപ്പൂർ സലൂൺ എന്നിവയാണ് തമിഴിൽ ഗോട്ടിന് പുറമെ റിലീസ് ചെയ്ത മീനാക്ഷിയുടെ സിനിമകൾ.
തെലുങ്കിലാണ് മീനാക്ഷിയുടെ ഏറെയും സിനിമകൾ പിറന്നിട്ടുള്ളത്. മീനാക്ഷിക്ക് മാത്രമല്ല ദുൽഖറിനും ഒരു തിരിച്ചുവരവ് സമ്മാനിച്ച സിനിമയായിരുന്നു ലക്കി ഭാസ്കർ. സിനിമയുടെ പ്രമോഷനെല്ലാം ദുൽഖറിനൊപ്പം മീനാക്ഷിയും സജീവമായിരുന്നു.


Click it and Unblock the Notifications