സത്യനങ്കിളിനെ കണ്ട് പഠിക്കണം, ആദ്യം വേണ്ടത് മനുഷ്യത്വമാണ്; മീരയും കമലും തമ്മിലുണ്ടായ പ്രശ്നം
മികച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ അവ അനശ്വരമാക്കാൻ കെൽപ്പുള്ള നടിയാണ് മീര ജാസ്മിൻ. ഇന്നത്തെ ഏതൊരു നടിയും ആഗ്രഹിക്കുന്ന കരിയർ ഗ്രാഫുണ്ടായിരുന്ന താരം. ഹിറ്റ് സിനിമകളിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ മീരയ്ക്ക് ലഭിച്ചു. എന്നാൽ മീരയെക്കൊണ്ട് എളുപ്പത്തിൽ ഒരു സിനിമ ചെയ്യിക്കാൻ പറ്റില്ലെന്ന് ഒരു കാലത്ത് സംസാരമുണ്ടായിരുന്നു. നടിക്ക് മൂഡ് സ്വിംഗ്സ് ഉണ്ടെന്നും ദേഷ്യക്കാരിയാണെന്നും സിനിമാ ലോകത്ത് സംസാരമുണ്ടായി. എന്നാൽ മീര ഇതേക്കുറിച്ച് ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട് പോലെയുള്ള സംവിധായകർക്കൊപ്പം വർക്ക് ചെയ്യാനാണ് ഇഷ്ടമെന്നും അതിന് കാരണമുണ്ടെന്നും അന്ന് മീര അന്ന് പറഞ്ഞു.
സത്യൻ അങ്കിളിന്റെ കൂടെ നാല് സിനിമകൾ ഞാൻ ചെയ്തു. രസതന്ത്രം, അച്ചുവിന്റെ അമ്മ, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം എന്നിവ. ഏത് ആർട്ടിസ്റ്റ് സത്യൻ അങ്കിളിന്റെ പടത്തിൽ അഭിനയിക്കുന്നോ അവർ ഭാഗ്യം ചെയ്തവരാണ്. അദ്ദേഹം തരുന്ന ഫ്രീഡമുണ്ട്. ആർട്ടിസ്റ്റിന് എപ്പോഴും വേണ്ടത് ഫ്രീഡമാണ്. മെന്റൽ ഫ്രീഡം, എക്സ്പ്രസ് ചെയ്യാനുള്ള ഫ്രീഡം എന്നിവയെല്ലാം. അത് അദ്ദേഹം എനിക്ക് തന്നിരുന്നു. എന്നെ ലാളിച്ചു. മീരയ്ക്ക് വേണ്ട ഒരു അന്തരീക്ഷം കൊടുക്കണം, മീരയെ പ്രഷർ ചെയ്യരുത് എന്നെല്ലാം നോക്കും. ആർട്ടിസ്റ്റിനെ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്നറിയാവുന്ന ഡയരക്ടറാണ് സത്യൻ അന്തിക്കാട്.

അദ്ദേഹത്തെ കണ്ട് എല്ലാവരും ഒന്ന് പഠിക്കണം. സിനിമ എങ്ങനെ എടുക്കണമെന്ന്. ആദ്യം വേണ്ടത് മനുഷ്യത്വമാണ്. മനുഷ്യരാണ് അഭിനയിക്കുന്നതെന്ന് അറിയാമല്ലോ. അപ്പോൾ അവർക്ക് ചില പ്രശ്നങ്ങൾ കാണും. ചിലപ്പോൾ ആരോഗ്യം മോശമായിരിക്കും. അല്ലെങ്കിൽ തളർന്നിട്ടുണ്ടാകും. ഇത് മനസിലാക്കാൻ പറ്റുന്ന ഒരു സംവിധായകനാകണം.
ചുമ്മാ സെറ്റ് നന്നായിട്ടോ ലെെറ്റപ്പ് നന്നായിട്ടോ കാര്യമില്ല, ആർട്ടിസ്റ്റിന്റെ മുഖത്ത് നിന്ന് അഭിനയം വരണമല്ലോ. അതിന് വേണ്ടി അവരെ മനസിലാക്കി അവരെ ഹാൻഡിൽ ചെയ്യുന്ന സംവിധായകൻ വേണം. സത്യനങ്കിൾ അങ്ങനെയൊരാളാണ്. പാട്ടിന്റെ പാലാഴിയുടെ സംവിധായകൻ രാജീവ് അഞ്ചലും എനിക്ക് കംഫർട്ടബിൾ ആയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞാലും പോകില്ല, ഞങ്ങളെല്ലാം സംസാരിച്ച് കൊണ്ടിരിക്കും. ചില സെറ്റിൽ ഷൂട്ടിംഗ് തുടങ്ങുമ്പോഴേ അബദ്ധമായല്ലോ ഇത് എന്നാണ് തീരുന്നതെന്ന് ചിന്തിച്ച് പോകും. അപ്പോൾ വർക്ക് നന്നാകില്ലെന്നും മീര ജാസ്മിൻ അന്ന് പറഞ്ഞു.
സംവിധായകൻ കമലിനെ അന്ന് മീര പരോക്ഷമായി വിമർശിച്ചതാണിതെന്ന വാദം വന്നിരുന്നു. സത്യൻ അന്തിക്കാടിനെ പോലെ മികച്ച സിനിമകൾ മീരയ്ക്ക് നൽകിയ സംവിധായകനാണ് കമൽ..സ്വപ്നക്കൂട്, ഗ്രാമഫോൺ, പെരുമഴക്കാലം, മിന്നാമിന്നിക്കൂട്ടം എന്നീ നാല് കമൽ ചിത്രങ്ങളിൽ മീര നായികയായി. പക്ഷെ സത്യൻ അന്തിക്കാടുമായുള്ള ആത്മബന്ധം മീരയ്ക്ക് കമലിനോടില്ലായിരുന്നു.
തന്റെ സെറ്റിൽ മീര പ്രശ്നക്കാരിയായിരുന്നു എന്നാണ് കമൽ പിന്നീടൊരിക്കൽ പറഞ്ഞത്. സെറ്റിൽ കൃത്യസമയത്ത് വരുന്നില്ല, അണിയറ പ്രവർത്തകരോട് ദേഷ്യം തുടങ്ങിയവയായിരുന്നു കമലിന്റെ ആരോപണങ്ങൾ. ഗ്രാമഫോണിന്റെ ചിത്രീകരണത്തിനിടെ ടെക്നീഷ്യൻമാരോട് മീര മോശമായി പെരുമാറിയെന്നും കോസ്റ്റ്യൂം ഡിസെെനർ എസ്ബി സതീഷ് നൽകിയ വസ്ത്രം അദ്ദേഹത്തിന്റെ നടി വലിച്ച് കീറിയെന്നും കമൽ ആരോപിച്ചു.


Click it and Unblock the Notifications











