മീരയെ കണ്ടപ്പോൾ ഇഷ്ടമായി, നായികയാക്കാൻ നോക്കി, പക്ഷെ അന്നുണ്ടായ വിവാദം: നിർമാതാവ് ഗണേശ് രഘു
മഞ്ജു വാര്യർക്ക് ശേഷം ശക്തമായ കഥാപാത്രങ്ങൾ മലയാളത്തിൽ തുടരെ ലഭിച്ച ഏക നടി മീര ജാസ്മിനാണ്. ഹിറ്റുകൾ ഒന്നിന് പിറകെ ഒന്നായി മീരയെ തേടി വന്നു. സൂപ്പർതാര സിനിമകളിലും മീരയ്ക്ക് വളരെ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മീര താരറാണിയായി മാറി. സിനിമകൾ തെരഞ്ഞടുക്കുന്നതിൽ മീര ശ്രദ്ധ പുലർത്തി. നായകന്റെ നിഴലിൽ നിൽക്കുന്ന റോളുകൾ മീര ചെയ്തിട്ടില്ല. കരിയർ എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്ന വ്യക്തമായ ധാരണ മീരയ്ക്കുണ്ടായിരുന്നു. തന്റെ കഴിവിൽ നല്ല ആത്മവിശ്വാസവും മീര വെച്ച് പുലർത്തി.
എങ്കിലും കരിയറിൽ മീരയ്ക്ക് വിനയായത് വിവാദങ്ങളും ഗോസിപ്പുകളുമാണ്. മീര ജാസ്മിൻ അഹങ്കാരിയാണെന്ന സംസാരം അക്കാലത്ത് സിനിമാ ലോകത്ത് വ്യാപകമായിരുന്നു. ഇപ്പോഴിതാ തമിഴ് സിനിമാ നിർമാതാവ് ഗണേശ് രഘു മീര ജാസ്മിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മൗനം പേസിയത് എന്ന സിനിമയിൽ മീരയെ നായികയായി പരിഗണിച്ചിരുന്നെന്ന് ഇദ്ദേഹം പറയുന്നു. മീര ജാസ്മിനെയായിരുന്നു ആദ്യം നായികയാക്കൻ ആഗ്രഹിച്ചത്. കണ്ടപ്പോൾ വളരെ ഇഷ്ടമായി. പക്ഷെ ആ സമയത്ത് കേരളത്തിൽ എന്തോ വിവാദം നടക്കുന്നുണ്ട്. ഇവർ നായികയായി വന്നാൽ ശരിയാകില്ലെന്ന് തോന്നി. അങ്ങനെയാണ് ചിത്രത്തിലേക്ക് തൃഷ എത്തുന്നതെന്ന് ഗണേശ് രഘു പറഞ്ഞു.

ദേഷ്യപ്പെടും, സെറ്റിൽ നിന്നും ഇറങ്ങിപ്പോകും തുടങ്ങിയ ആരോപണങ്ങളാണ് മീരയ്ക്ക് നേരെ അക്കാലത്ത് വന്നത്. ഒരു പരിധി വരെ ഈ വിവാദങ്ങൾ മീരയുടെ ഉയർച്ചയെ ബാധിച്ചു. സംവിധായകൻ കമൽ മീരയ്ക്കെതിരെ തുറന്നെഴുതുന്ന സാഹചര്യമുണ്ടായി. മീരയ്ക്ക് സ്വപ്നക്കൂട്, പെരുമഴക്കാലം, ഗ്രാമഫോൺ, മിന്നാമിന്നിക്കൂട്ടം എന്നീ ശ്രദ്ധേയ സിനിമകൾ നൽകിയ സംവിധായകനാണ് കമൽ. 2010 ന് ശേഷം മീര കരിയറിൽ വീഴ്ച നേരിട്ടു. ഒരുപാട് കാലം സിനിമാ രംഗത്ത് നിന്നും മാറി നിന്ന മീര ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്യുന്നുണ്ട്.
2001 ൽ സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര സിനിമാ രംഗത്തേക്ക് വരുന്നത്. ലോഹിതദാസ് കരിയറിലെ ഗോഡ്ഫാദറായി മാറി. ഇദ്ദേഹത്തിന്റെ ഉപദേശങ്ങൾ മീരയ്ക്ക് കരിയറിൽ ഏറെ ഗുണം ചെയ്തു. നല്ല കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാൻ മീരയ്ക്കായി. സിനിമാ രംഗത്ത് തെറ്റായ വഴിയിലേക്ക് നീങ്ങരുതെന്ന് മീരയെ ഉപദേശിച്ചതും ലോഹിതദാസ് ആണ്. ദുബായിലാണ് മീര ഇന്ന് താമസിക്കുന്നത്. താൻ പ്രശ്നക്കാരിയാണെന്ന പ്രതിച്ഛായ ചിലർ ഉണ്ടാക്കിയതാണെന്ന് മീര ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സംവിധായകരെയും നിർമാതാക്കളെയും ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

അവരെ മാത്രമല്ല, എല്ലാവരെയും ബഹുമാനിക്കുന്നു. പക്ഷെ നമ്മളെ ചൂഷണം ചെയ്യാൻ ശ്രമിക്കുമ്പോൾ അത് അംഗീകരിച്ച് കൊടുക്കാൻ പറ്റില്ല.
പുതിയതായി വന്ന ആർട്ടിസ്റ്റാണ്, നമുക്ക് വേറെ വഴിയില്ല എന്നൊക്കെയുള്ള ധാരണ കൊണ്ടായിരിക്കാം അവരങ്ങനെ ചെയ്തത്. പക്ഷെ അന്നും എന്റേതായ രീതിയിൽ ഞാൻ ഫെെറ്റ് ചെയ്യുമായിരുന്നെന്നും മീര ജാസ്മിൻ പറഞ്ഞു. എന്നോട് എന്തെങ്കിലും ഉദ്ദേശ്യം അവർക്കുണ്ടായിരിക്കും. അവരുടെ ഉദ്ദേശത്തിനനുസരിച്ച് ഞാൻ നിൽക്കാതെ വരുമ്പോൾ പറഞ്ഞ് പ്രചരിപ്പിക്കുന്നതാണ് അച്ചടക്കം പാലിക്കാത്ത നടിയാണെന്ന വാദമെന്നും മീര ജാസ്മിൻ അന്ന് പറഞ്ഞു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നേടിയ നടിയാണ് മീര ജാസ്മിൻ.


Click it and Unblock the Notifications











