മീരയുടെ ഇപ്പോഴത്തെ വരുമാന മാർഗം; സിനിമ വിട്ട് ദുബായിലേക്ക് പോയ കാലത്തെക്കുറിച്ച് നടി
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയോട് എന്നും പ്രത്യേക മമതയുണ്ട്. മികച്ച ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തരംഗമായി. ഒരു കാലത്ത് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഒരുപോലെ മാർക്കറ്റുള്ള നടിയായിരുന്നു മീര ജാസ്മിൻ. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ ലഭിച്ചതാണ് മീരയെ കരിയറിൽ തുണച്ചത്.
വന്ന് പോകുന്ന നായികാ വേഷത്തിന് പകരം പ്രേക്ഷക മനസ്സിൽ ആഴത്തിൽ പതിഞ്ഞ കഥാപാത്രങ്ങൾ മീരയ്ക്ക് ലഭിച്ചു. രസതന്ത്രം, പെരുമഴക്കാലം, കസ്തൂരിമാൻ, സണ്ടക്കോഴി തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. സിനിമാ പാരമ്പര്യം ഒന്നുമില്ലാത്ത തിരുവല്ലക്കാരിയായ പെൺകുട്ടി തെന്നിന്ത്യൻ സിനിമകളിലെ താരമായി വളർന്നത് സ്വൽപ്പം കൗതുകത്തോടെയാണ് സിനിമാ ലോകം കണ്ടത്.
അതേസമയം തേടി വന്ന സിനിമാ സൗഭാഗ്യങ്ങൾ മീര ജാസ്മിൻ തട്ടിത്തെറിപ്പിച്ചു എന്ന ആക്ഷേപം ചിലർക്കെങ്കിലും ഉണ്ട്. കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് മീര സിനിമകളിൽ നിന്നും അകലുന്നത്. വിവാദങ്ങൾ നടിയെ തേടി തുടരെ വന്നു. പ്രമുഖരുൾപ്പെടെ മീരയ്ക്കെതിരെ സംസാരിച്ച സാഹചര്യവും ഉണ്ടായി. എന്നാൽ ഗോസിപ്പുകളോടൊന്നും പ്രതികരിക്കാൻ മീര തയ്യാറായില്ല.

ദുബായിൽ സ്ഥിര താമസമാക്കിയ മീര ഒരു ഘട്ടത്തിൽ ലൈം ലൈറ്റിൽ നിന്നും പൂർണമായും വിട്ടു നിന്നു. മീരയെവിടെ എന്ന ചോദ്യത്തിന് അവസാനമായത് മകൾ എന്ന സിനിമയിലൂടെ 2022 ൽ നടി തിരിച്ചെത്തിയപ്പോഴാണ്. സിനിമയിൽ നിന്നെടുത്ത ഇടവേളയെക്കുറിച്ച് സംസാരിക്കുകയാണ് മീരയിപ്പോൾ.
ആഘോഷിക്കപ്പെട്ട നടി ആയത് വലിയ ബഹുമതി തന്നെയാണ്. അതേസമയം വ്യക്തിഗതമായ ചില നല്ല മാറ്റങ്ങൾക്ക് വേണ്ടിയാണ് കുറച്ച് വർഷം സിനിമകളിൽ നിന്ന് മാറി നിന്നത്. ഇപ്പോൾ കുറച്ച് സിനിമകൾ ചെയ്യുന്നുണ്ട്. എന്റെ യാത്ര തുടങ്ങിയത് പോലെയാണ് തോന്നുന്നതെന്നും മീര ജാസ്മിൻ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

അഭിനയിക്കാനിരിക്കുന്ന ടെസ്റ്റ് എന്ന തമിഴ് സിനിമയുടെ വിശേഷങ്ങളും മീര ജാസ്മിൻ പങ്കുവെച്ചു. മാധവനൊപ്പം നേരത്തെ റൺ, ആയുധ എഴുത്ത് എന്നീ സിനിമകൾ ചെയ്തിട്ടുണ്ട്. കാലം ഒരുപാട് പിന്നിട്ടെങ്കിലും ഇപ്പോഴും പഴയത് പോലെ തന്നെ തോന്നുന്നു. നയൻതാരയ്ക്കൊപ്പം അഭിനയിക്കുന്നതിൽ ആവേശമുണ്ടെന്നും മീര തുറന്ന് പറഞ്ഞു. മാധവൻ, സിദ്ധാർത്ഥ്, നയൻതാര, മീര ജാസ്മിൻ എന്നിവരാണ് ടെസ്റ്റിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്.
കുറച്ച് നാൾ മുമ്പ് നൽകിയ അഭിമുഖത്തിൽ ദുബായിലെ ജീവിതത്തെക്കുറിച്ച് മീര തുറന്ന് സംസാരിച്ചിരുന്നു. സിനിമാ ലോകത്ത് നിന്നും അപ്രത്യക്ഷമാകേണ്ടി വന്നതാണെന്ന് നടി അന്ന് വ്യക്തമാക്കി. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളാണ്. ഇന്ത്യ വിട്ട് പുറത്ത് പോയി സെറ്റിൽ ചെയ്തു. അതെനിക്ക് വളരെ പ്രധാനമായിരുന്നു. വളരെ നേരത്തെ കരിയർ തുടങ്ങി. നമ്മുടെ സന്തോഷങ്ങളും മനസ്സിന്റെ സമാധാനവുമാണ് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. തുടരെ സിനിമകൾ ചെയ്ത സമയത്ത് എനിക്ക് വേണ്ടിയൊരു സമയം ഇല്ലായിരുന്നു.
കല്യാണം കഴിഞ്ഞ് പോയപ്പോൾ വന്ന ഗ്യാപ്പിനെ നല്ല രീതിയിൽ വിനിയോഗിക്കാൻ പറ്റി. ജീവിതത്തെ മറ്റൊരു രീതിയിൽ കണ്ടു. അടിസ്ഥാന പരമായ കാര്യങ്ങളെക്കുറിച്ചാണ് ഞാൻ പറയുന്നത്. കുക്കിംഗ് പഠിച്ചു. ബിസിനസ് ചെയ്യാൻ തുടങ്ങി. മുമ്പ് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു. അതെല്ലാം മാറി. ബിസിനസിൽ ഇൻവോൾവ് ചെയ്തു. ഒരുപാട് കണക്ഷനുകൾ വന്നു. ആദ്യം ഞാനിവിടെ വന്നപ്പോൾ ട്രേഡിംഗാണ് ചെയ്തതെന്നും മീര അന്ന് വ്യക്തമാക്കി. രേഖ മേനോനുമായുള്ള അഭിമുഖത്തിലാണ് മീര ഇക്കാര്യങ്ങൾ പറഞ്ഞത്.


Click it and Unblock the Notifications