അന്ന് പ്രശ്നങ്ങൾക്ക് നടുവിൽ, സൗന്ദര്യം പോയതോടെ അമിത മേക്കപ്പും; പിന്നീട് ദുബായിൽ വെച്ച് മീരയ്ക്ക് വന്ന മാറ്റം
സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി മീര ജാസ്മിൻ. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവുമാണ് മീരയുടെ പുതിയ സിനിമ. വർഷങ്ങളോളം സിനിമാ രംഗത്ത് നിന്നും മാറി നിന്ന മീര വീണ്ടും സജീനമാകുന്നതിൽ ആരാധകർക്ക് വളരെ സന്തോഷമുണ്ട്. മലയാളത്തിൽ ഒരു കാലത്ത് ഏറ്റവും തിരക്കേറിയ നടിയായിരുന്നു മീര ജാസ്മിൻ. നായകൻമാരെ പിന്നിലാക്കുന്ന കഥാപാത്രങ്ങൾ മീരയ്ക്ക് ലഭിച്ചു. കഥാപാത്രങ്ങൾ തെരഞ്ഞടുക്കുന്നതിൽ എപ്പോഴും ശ്രദ്ധ പുലർത്തിയ മീരയ്ക്ക് പ്രഗൽഭരായ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാനായി.
സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന മീരയ്ക്ക് പിന്നീട് കസ്തൂരിമാൻ, പെരുമഴക്കാലം, രസതന്ത്രം തുടങ്ങിയ സിനിമകളിൽ മികച്ച വേഷം ലഭിച്ചു. എന്നാൽ അന്ന് വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര. ഒന്നിലേറെ തവണ നടിയെക്കുറിച്ച് ആരോപണങ്ങൾ വന്നു. സെറ്റിൽ കൃത്യ സമയത്ത് വരാതിരിക്കുക, ഷൂട്ട് നിർത്തി പോകുക, ദേഷ്യം തുടങ്ങിയ പരാതികളാണ് മീരയ്ക്ക് നേരെ വന്നത്.

ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് മീരയെ കാണാതായി പതിയെ മീരയെ പ്രേക്ഷകർ മറന്നു. നടിയുടെ സ്ഥാനത്ത് മറ്റ് പലരുമെത്തി. എന്താണ് അക്കാലഘട്ടത്തിൽ മീര ജാസ്മിന്റെ കരിയർ ഗ്രാഫിൽ സംഭവിച്ചതെന്നതിൽ ഇന്നും അവ്യക്തതയുണ്ട്. എന്നാൽ ഇന്ന് വിവാദങ്ങളൊന്നുമില്ലാതെ സിനിമാ രംഗത്ത് വീണ്ടും സാന്നിധ്യമറിയിക്കുകയാണ് മീര. ഇക്കാലയളവിനിടെ മീര ജാസ്മിന്റെ ലുക്കിൽ വന്ന മാറ്റങ്ങൾ ഏറെയാണ്. പ്രായം നാൽപതായെങ്കിലും മീരയെ ഇപ്പോൾ കണ്ടാൽ ചെറുപ്പക്കാരിയാണെന്നേ തോന്നൂ.
കരിയറിലെ തുടക്ക കാലത്തും മികച്ച സ്ക്രീൻ പ്രസൻസ് മീരയ്ക്കുണ്ടായിരുന്നു. എന്നാൽ 2010 ന് ശേഷം ആകെ മാറി. മുഖത്തെ തിളക്കവും ഊർജവും നഷ്ടപ്പെട്ട, എപ്പോഴും ദുഖ ഭാവത്തിലുള്ള മീരയെയാണ് പ്രേക്ഷകർ കണ്ടത്. മേക്കപ്പ് അധികമില്ലാതെ അഭിനയിച്ചിരുന്ന മീര ഇതോടെ അമിതമായി മേക്കപ്പ് ഉപയോഗിക്കാൻ തുടങ്ങി. ലേഡീസ് ആന്റ് ജെന്റിൽമാൻ, മുഹബത്ത് തുടങ്ങിയ സിനിമകളിൽ ഇത് കാണാം.

അക്കാലത്ത് പൊതുവേദികളിലും മോശം മേക്കപ്പിലാണ് മീരയെത്തിയതെന്ന് ആരാധകർ പറയുന്നു. ഇതിനിടെ നടി വല്ലാതെ വണ്ണം വെച്ച ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായി. സിനിമാ രംഗത്ത് മീരയെ പിന്നീട് കണ്ടതുമില്ല. വർഷങ്ങൾക്കിപ്പുറം വലിയ മേക്കോവറോടെയാണ് മീരയെ പ്രേക്ഷകർ കണ്ടത്. എന്താണ് മീരയുടെ ഇന്നത്തെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യെമെന്ന് ആരാധകർ ചോദിക്കുന്നു. ദുബായിലാണ് മീരയിന്ന് താമസിക്കുന്നത്.
സിനിമയിൽ സജീവമല്ലാതായപ്പോൾ തന്റെ വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. വർക്കൗട്ടും ഡയറ്റിംഗും നടിക്കുണ്ട്. ജിമ്മിൽ നിന്നുള്ള ഫോട്ടോകൾ താരം ഇടയ്ക്ക് പങ്കുവെച്ചിട്ടുമുണ്ട്. ഓടി നടന്ന് സിനിമകൾ ചെയ്തിരുന്ന കാലത്ത് ആരോഗ്യം ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ലെന്ന് മീര ഒരിക്കൽ തുറന്ന് പറയുകയുണ്ടായി. എന്നാൽ ഇന്ന് മീര തന്റെ ആരോഗ്യത്തിലും ലൈഫ് സ്റ്റെെലിലുമെല്ലാം വലിയ ശ്രദ്ധ നൽകുന്നു. ഇന്ന് വളരെ സ്റ്റെെലിഷായ മീരയെയാണ് സോഷ്യൽ മീഡിയയിൽ ഇന്ന് കാണാറ്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴിൽ ടെസ്റ്റ് എന്ന സിനിമ റിലീസ് ചെയ്യാനുണ്ട്.


Click it and Unblock the Notifications