നെഞ്ചിൽ തല ചായ്ക്കുമ്പോൾ ശബ്ദം കേൾക്കാം, അന്ന് കാൻസറിന്റെ പ്രശ്നങ്ങൾ ശ്രീവിദ്യാമ്മയ്ക്കുണ്ട്: മീര കൃഷ്ണ
ആരാധകർക്ക് മറക്കാൻ പറ്റാത്ത മുഖമാണ് നടി ശ്രീവിദ്യയുടേത്. 2006 ലാണ് 53 കാരിയായ ശ്രീവിദ്യ മരിക്കുന്നത്. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. തമിഴ്നാട്ടുകാരിയാണെങ്കിലും ശ്രീവിദ്യയോട് പ്രത്യേക മമത മലയാളി പ്രേക്ഷകർക്കുണ്ടായിരുന്നു. ശ്രദ്ധേയ വേഷങ്ങൾ ഒന്നിന് പിറകെ ഒന്നായി ലഭിച്ച നടി. അമ്മ വേഷങ്ങളിലേക്ക് കടന്നപ്പോഴും മികച്ച സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. സിനിമാ ലോകം ബഹുമാന്യ സ്ഥാനം നൽകിയ ശ്രീവിദ്യക്ക് പക്ഷെ ജീവിതത്തിൽ ഒരുപാട് വിഷമതകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ജോർജ് തോമസ് എന്നായിരുന്നു ശ്രീവിദ്യയുടെ ഭർത്താവിന്റെ പേര്.
വിവാഹ ജീവിതം സുഖകരമായല്ല മുന്നോട്ട് പോയത്. ജോർജ് തോമസ് കെെക്കലാക്കിയ തന്റെ സ്വത്തുക്കൾ തിരികെ ലഭിക്കാൻ വേണ്ടി വർഷങ്ങളോളം ശ്രീവിദ്യക്ക് നിയമപോരാട്ടം നടത്തേണ്ടി വന്നു. അമ്മയകാനാഗ്രഹിച്ചെങ്കിലും ഗർഭിണിയായപ്പോഴെല്ലാം ജോർജ് തോമസിന്റെ നിർദ്ദേശ പ്രകാരം അബോർഷന് വിധേയയായി. കാൻസർ ബാധിച്ച ശേഷവും ശ്രീവിദ്യ അഭിനയ രംഗത്ത് തുടർന്നിരുന്നു. അസുഖ വിവരം അധികമാരെയും അറിയിക്കാതിരിക്കാൻ ശ്രീവിദ്യ ശ്രമിച്ചിരുന്നു.

ശ്രീവിദ്യയെക്കുറിച്ച് സംസാരിക്കുകയാണ് നടി മീര കൃഷ്ണ. ശ്രീവിദ്യക്കൊപ്പം അഭിനയിച്ച ഒരു സീരിയലിലെ അനുഭവമാണ് മീര കൃഷ്ണ പങ്കുവെച്ചത്. ശ്രീവിദ്യാമ്മയ്ക്ക് ഒപ്പമായിരുന്നു ആദ്യ സീരിയൽ. എന്റെ അമ്മയായാണ് അഭിനയിച്ചത്. വലിയ ആർട്ടിസ്റ്റുകൾ അതിൽ അഭിനയിച്ചിട്ടുണ്ട്. മീര നന്നായി അഭിനയിക്കുന്നുണ്ടെന്ന് ശ്രീവിദ്യാമ്മ പറഞ്ഞിരുന്നു. അവരുടെ ഭംഗി ആസ്വദിക്കാൻ നമുക്ക് സമയം തികയില്ല. വളരെ ബ്യൂട്ടിഫുളാണ്. ആ സമയത്ത് അവർക്ക് കാൻസറിന്റെ പ്രശ്നമുണ്ടായിരുന്നു. ശ്വാസമെടുക്കുമ്പോഴെല്ലാം ശബ്ദം കേൾക്കാമായിരുന്നു. കെട്ടിപ്പിടിച്ച് സംസാരിക്കുന്ന സീനിൽ നെഞ്ചിൽ തല ചായ്ക്കണം.
അപ്പോൾ ആ ശബ്ദം ഭയങ്കരമായി കേൾക്കുമായിരുന്നു. അന്ന് ശ്രീവിദ്യമായ്ക്ക് ഭക്ഷണം വീട്ടിൽ നിന്ന് വരും. ഇവർക്ക് വീട്ടിൽ നിന്ന് ഭക്ഷണം വരുമല്ലേ, ഇവർക്ക് എസി റൂം കൊടുത്തല്ലേ എന്നൊക്കെ അതിശയത്തോടെ ആലോചിക്കും. അന്ന് ഞാൻ പുതിയ ആളല്ലേ. 16-17 വയസേ അന്നുള്ളൂ.

അവരുടെ കണ്ണും മൂക്കും ചുണ്ടുമെല്ലാം മനോഹരമാണ്. ചെറിയ പ്രായത്തിലെ സീനിന് മറ്റൊരു പെൺകുട്ടിയെ അഭിനയിപ്പിച്ചു. എനിക്കാ കുട്ടിയെ ഇഷ്‌ടപ്പെട്ടില്ല, മീരയെ വെച്ച് ചെയ്ത് കൂടായിരുന്നോ അവർ സംവിധായകനോട് പറഞ്ഞു. തനിക്കത് വലിയ സന്തോഷമായെന്നും മീര കൃഷ്ണ ഓർത്തു. ഗലാട്ട പിങ്കിൽ സംസാരിക്കുകയായിരുന്നു നടി.
40 വർഷം നീണ്ട കരിയറിൽ 800 ലേറെ സിനിമകളിൽ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ സീരിയലുകളിലും വേഷമിട്ടു. ശ്രീവിദ്യയുടെ പഴയ സിനിമകൾ പ്രേക്ഷകർ മറന്നിട്ടില്ല. തമിഴ്നാട്ടുകാരിയായിട്ടും അനായാസം മലയാളം സംസാരിക്കുന്ന ശ്രീവിദ്യ ഫിലിം മേക്കേർസിന് പ്രിയപ്പെട്ട നടിയായിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ശ്രീവിദ്യയെ കണ്ടതിനെക്കുറിച്ച് നടി കുട്ടി പത്മിനി ഒരിക്കൽ സംസാരിച്ചിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ താൻ മരിക്കുമെന്നാണ് ഡോക്ടർ പറഞ്ഞത്, എന്ത് തെറ്റാണ് ഞാൻ ചെയ്തത്, ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്നും എന്നോട് പറഞ്ഞു. അത് ഓർക്കുമ്പോൾ തനിക്ക് കരച്ചിൽ വരുമെന്നും കുട്ടി പത്മിനി അന്ന് പറഞ്ഞു. സഹപ്രവർത്തകർക്കെല്ലാം പ്രിയങ്കരിയായിരുന്നു ശ്രീവിദ്യ. പലരും നടിയെക്കുറിച്ചുള്ള ഓർമകൾ അഭിമുഖങ്ങളിൽ പങ്കുവെക്കാറുണ്ട്. ശ്രീവിദ്യയുടെ സഹോദരന്റെ കുടുംബം ചെന്നെെയിലാണ് താമസിക്കുന്നത്. സഹോദരൻ മരിച്ചു.


Click it and Unblock the Notifications











