പ്രമുഖ നിർമാതാവിന് അത് ഇഷ്ടപ്പെട്ടില്ല, അവസരം നഷ്ടമായി; നോ പറഞ്ഞാലും പറയേണ്ട രീതി: മീര നന്ദൻ
മുല്ല എന്ന സിനിമയിലൂടെ നായിക നടിയായി തുടക്കം കുറിച്ച മീര നന്ദൻ പിന്നീട് വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ. ലാൽ ജോസ് കൊണ്ട് വന്ന നായിക നടിയായതിനാൽ തുടക്കത്തിലേ മീരയ്ക്ക് ശ്രദ്ധ ലഭിച്ചു. എന്നാൽ ഒരു ഘട്ടത്തിൽ മീര നന്ദൻ സിനിമാ കരിയർ വിട്ട് യുഎഇയിലേക്ക് പോയി. അവിടെ റേഡിയോ ജോക്കിയായി പുതിയൊരു ജീവിതം ആരംഭിച്ചു. മലയാള സിനിമാ രംഗത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ മീര നന്ദൻ. നോ ടെെം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
അഭിനയിക്കുന്ന സമയത്ത് എനിക്കായിരുന്നില്ല ഉത്തരവാദിത്വങ്ങൾ. അമ്മായായിരുന്നു എന്റെ എല്ലാ കാര്യങ്ങളും നോക്കിയത്. ആർക്കും എന്റെ നമ്പർ ഇല്ലായിരുന്നു. എല്ലാവരും അമ്മയെയാണ് വിളിച്ചിരുന്നത്. അതിനാൽ എനിക്ക് ആശങ്കയില്ലായിരുന്നു. പക്ഷെ അന്ന് മലയാള സിനിമാ രംഗത്ത് എല്ലാവർക്കും പരസ്പരം അറിയാം. എങ്ങനെയാണ് ഞാൻ സംസാരിക്കുകയെന്നും എങ്ങനെയാണ് സാഹചര്യങ്ങളെ നേരിടുകയെന്നും അവർക്കറിയാം. ലാൽ ജോസിന്റെ നായികയെന്ന പേര് എനിക്കുണ്ടായിരുന്നു. അതെന്നെ സഹായിച്ചു. ഞാനൊരു കുട്ടിയായിരുന്നു. ആരെങ്കിലും എന്നോട് ഫ്ലേർട്ട് ചെയ്യുന്നുണ്ടോ എന്നെനിക്ക് അറിയില്ലായിരുന്നു.

ഒരുപക്ഷെ അത് സംഭവിച്ചിരുന്നിരിക്കാം. ഞാൻ ചിരിച്ച് തള്ളും. ഞാനൊരു കുട്ടിയാണെന്ന് അവർക്ക് മനസിലാകുകയും ചെയ്യും. സിനിമാ രംഗത്ത് നെറ്റ് വർക്കിംഗ് പ്രധാനമാണ്. ഞാനതിൽ വളരെ മോശമാണ്. പക്ഷെ അമ്മ ഇപ്പോഴും ആളുകളുമായി കോൺടാക്ട് നിലനിർത്തും. പക്ഷെ ഞാൻ ചെയ്യില്ല. നിങ്ങൾക്ക് ആരെ പരിചയമുണ്ട്, അവരോട് എങ്ങനെയാണ് എന്നതെല്ലാം പ്രധാനമാണ്. ഞാൻ ആരോടും എന്തും പറയുന്ന ആളാണ്. എനിക്ക് ഒരു കാര്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് ആ വ്യക്തിയെ അറിയിക്കും.
അതൊരു പ്രശ്നമാണ്. എന്റെ ആദ്യ തമിഴ് സിനിമയ്ക്ക് വേണ്ടി വർക് ഷോപ്പിലായിരുന്നപ്പോൾ അമ്മയ്ക്ക് ഒരു കോൾ വന്നു. പ്രമുഖ നിർമാതാവായിരുന്നു. അമ്മയ്ക്ക് അറിയില്ലായിരുന്നു. മാനേജരോട് സംസാരിച്ച് തിരിച്ച് വിളിക്കാം എന്ന് പറഞ്ഞു. ആ സമയത്ത് എന്റെ കുറച്ച് സിനിമകൾ മാനേജ് ചെയ്യാൻ സംവിധായകൻ ഒരു മാനേജറെ ഏർപ്പാടാക്കി തന്നിരുന്നു. കാരണം ഞങ്ങൾക്ക് സിനിമാ രംഗവുമായി ഒരു ബന്ധവും ഇല്ല. അമ്മ ഇങ്ങനെ പറഞ്ഞത് ആ നിർമാതാവിന് ഇഷ്ടപ്പെട്ടില്ല. ആ സിനിമ എനിക്ക് ലഭിച്ചില്ല. അങ്ങനെ സംസാരിക്കരുത്.
നോ പറഞ്ഞാലും നല്ല രീതിയിൽ പറയണം. അതൊക്കെ വലിയ പണിയാണ്. ഇപ്പോൾ താനുള്ളിടത്ത് സന്തോഷവതിയാണെന്നും മീര നന്ദൻ പറയുന്നു. നാട്ടിൽ നിന്നും മാറി ദുബായിൽ ദീർഘകാലമായി ജീവിക്കുന്ന മീര നന്ദൻ ഇടയ്ക്ക് കേരളത്തിലെത്താറുണ്ട്. റേഡിയോ ജോക്കി പ്രൊഫഷനും വിവാഹ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് മീര നന്ദൻ. ലണ്ടനിൽ നിന്നുള്ള മലയാളി ശ്രീജുവാണ് മീര നന്ദന്റെ ഭർത്താവ്.


Click it and Unblock the Notifications

